/indian-express-malayalam/media/media_files/t4Ozr2swYhQUQIz0ne7b.jpg)
മഹുവ മൊയ്ത്ര (ഫയൽ ചിത്രം)
ഡൽഹി: ചോദ്യങ്ങൾക്ക് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്കെതിരെ അന്വേഷണവുമായി മുന്നോട്ട് പോകാൻ സിബിഐ. ഇതിനായി മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്ത എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലഭിക്കാൻ സിബിഐ ലോക്‌സഭാ സെക്രട്ടേറിയറ്റിനെ സമീപിച്ചു. അതേ സമയം അപേക്ഷയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങൾ അറിയിച്ചു.
മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ ലോക്‌പാൽ അയച്ച പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. മൊയ്‌ത്രയ്‌ക്കെതിരായ കുറ്റങ്ങൾ അന്വേഷിക്കാൻ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം അനുമതി നൽകുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ലോക്‌സഭാ സെക്രട്ടേറിയറ്റ് സി ബി ഐക്ക് കൈമാറുകയാണെങ്കിൽ, സി ബി ഐക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകാൻ സാധിക്കും.
ഗുരുതരമായ കൃത്യവിലോപത്തിന്റെ അടിസ്ഥാനത്തിൽ മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്യുന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് ശീതകാല സമ്മേളനത്തിലാണ് ലോക്‌സഭ അംഗീകരിച്ചത്. ഹിരാനന്ദാനി ബിസിനസ് ഗ്രൂപ്പിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മൊയ്‌ത്ര കൈക്കൂലി വാങ്ങിയിരിക്കാമെന്ന് കാണിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതിയതിനെ തുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടികൾ. ലോക്‌സഭാ വെബ്‌സൈറ്റിലേക്കുള്ള മൊയ്‌ത്രയുടെ ലോഗിൻ ക്രെഡൻഷ്യലുകളുടെ ഐപി വിലാസങ്ങൾ മറ്റാരെങ്കിലും ആക്‌സസ് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനും നിഷികാന്ത് ദുബെ കത്തെഴുതിയിരുന്നു.
അതേ സമയം മഹുവയെ പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. എത്തിക്‌സ് കമ്മറ്റിയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത പ്രതിപക്ഷം കമ്മിറ്റിയുടെ അന്വേഷണത്തിലും അതേ തർടർന്നുള്ള റിപ്പോർട്ടിലും യാതൊരു ധാർമ്മികതയും ഇല്ലായിരുന്നുവെന്നും ആരോപിച്ചു. വിവാദങ്ങൾക്ക് പിന്നാലെ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ തന്റെ പാർലമെന്റ് ലോഗിൻ, പാസ്‌വേഡ് വിശദാംശങ്ങൾ ഹിരാനന്ദാനിക്ക് നൽകിയതായി മൊയ്ത്ര സമ്മതിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിൽ നിന്ന് പണം വാങ്ങിയില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു.
Read More
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.