/indian-express-malayalam/media/media_files/uploads/2017/08/jairam-ramesh-M_Id_447980_Jairam.jpg)
ജയറാം രമേശ് (ഫയൽ ചിത്രം)
ഡൽഹി: സാമ്പത്തിക ശക്തിയും കേന്ദ്ര അധികാരത്തിന്റെ പിൻബലവും കൊണ്ട് ഹിമാചൽ പ്രദേശിലെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്ന് കോൺഗ്രസ്. കുതിരക്കച്ചവടത്തിലൂടെ ഹിമാചലിലെ ജനങ്ങളുടെ അവകാശങ്ങൾ ഹനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. ഹിമാചലിൽ സർക്കാർ അതിശക്തമായ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളായ ഭൂപേഷ് ബാഗേൽ, ഭൂപീന്ദർ സിംഗ് ഹൂഡ, ഡി കെ ശിവകുമാർ എന്നിവരെ ഹിമാചൽ പ്രദേശിലേക്ക് അയച്ചു.
മൂന്ന് നിരീക്ഷകരെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഷിംലയിലേക്ക് അയച്ചിട്ടുണ്ടെന്നും അവരുമായി സംസാരിച്ചിട്ടുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതൃപ്തിയുള്ളവർ ഉൾപ്പെടെ എല്ലാ എംഎൽഎമാരുമായും സംസാരിക്കാനും സമഗ്രമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാനും ഖാർഗെ നിരീക്ഷകരോടും എഐസിസി സംസ്ഥാന ചുമതല നൽകിയിട്ടുള്ള രാജീവ് ശുക്ലയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിലൂടെ ഞങ്ങൾക്ക് ലഭിച്ച ജനവിധി നഷ്ടപ്പെടുത്താനാവില്ല. ഇവിടെ വ്യക്തി താൽപര്യങ്ങളല്ല, പാർട്ടിയാണ് പ്രധാനം, ജനവിധി മാനിക്കേണ്ടതുണ്ട്. പാർട്ടിയാണ് ഞങ്ങളുടെ മുൻഗണന എന്നതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാൻ കോൺഗ്രസ് മടിക്കില്ല. ഹിമാചലിൽ ജനവിധിയെ വഞ്ചിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തുമെന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷന് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവവികാസങ്ങളോട് പ്രതികരിച്ച പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. ജനാധിപത്യത്തിൽ, പൊതുജനങ്ങൾക്ക് ഇഷ്ടമുള്ള സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഹിമാചലിലെ ജനങ്ങൾ ഈ അവകാശം ഉപയോഗിക്കുകയും വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയും ചെയ്തു. എന്നാൽ പണബലം, ഏജൻസികളുടെ ശക്തി, കേന്ദ്രത്തിന്റെ അധികാരം എന്നിവ ദുരുപയോഗം ചെയ്ത് ഹിമാചലിലെ ജനങ്ങളുടെ ഈ അവകാശം തകർക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. സർക്കാർ സുരക്ഷയും സംവിധാനങ്ങളും ഇതിനായി ബിജെപി ഉപയോഗിക്കുന്ന രീതി രാജ്യത്തിന്റെ ചരിത്രത്തിൽ അപൂർവ്വമാണെന്ന് തന്റെ എക്സിൽ പങ്കിട്ട പോസ്റ്റിലൂടെ പ്രിയങ്ക പറഞ്ഞു.
“25 എംഎൽഎമാരുള്ള ഒരു പാർട്ടി 43 എംഎൽഎമാരുടെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കുന്നുവെങ്കിൽ, അതിന്റെ അർത്ഥം അത് കുതിരക്കച്ചവടത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണ്. അവരുടെ ഈ നിലപാട് അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമാണ്. ഹിമാചലിലെയും രാജ്യത്തെയും ജനങ്ങളെല്ലാം എല്ലാം കാണുന്നുണ്ട്. പ്രകൃതിദുരന്തത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കാതിരുന്ന ബിജെപി ഇപ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ ദുരന്തത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്.
लोकतंत्र में आम जनता को अपनी पसंद की सरकार चुनने का अधिकार है। हिमाचल की जनता ने अपने इसी अधिकार का इस्तेमाल किया और स्पष्ट बहुमत से कांग्रेस की सरकार बनाई। लेकिन भाजपा धनबल, एजेंसियों की ताकत और केंद्र की सत्ता का दुरुपयोग करके हिमाचल वासियों के इस अधिकार को कुचलना चाहती है। इस…
— Priyanka Gandhi Vadra (@priyankagandhi) February 28, 2024
അതേ സമയം പ്രതിസന്ധി ഘട്ടത്തിലും മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ആത്മവിശ്വാസത്തിലാണ്, തന്റെ സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം നിലനിർത്തുന്നത് തുടരുകയാണെന്നും അവിശ്വാസ വോട്ടിന് വിളിച്ചാൽ അത് തെളിയിക്കുമെന്നും പറഞ്ഞു. സുഖ്‌വീന്ദർ സിംഗ് സുഖു-സർക്കാർ സ്വന്തം നിയമസഭാംഗങ്ങളെ പലതവണ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ നിന്ന് രാജിവെച്ചിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വിയെ പരാജയപ്പെടുത്തി ബിജെപിയുടെ ഹർഷ് മഹാജൻ നറുക്കെടുപ്പിലൂടെ വിജയിച്ചിരുന്നു. കോൺഗ്രസിന്റെ ആറ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്‌തതിനെ തുടർന്നായിരുന്നു ബിജെപിയുടെ വിജയം. പിന്നാലെ തന്നെ ജനവിധിയും വിശ്വാസവും നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് സുഖ്വീന്ദർ സിംഗ് സുഖു സർക്കാരിനോട് രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടിരുന്നു.
Read More
- സുപ്രീം കോടതി വിധിക്ക് തൊട്ട് മുമ്പായി കേന്ദ്രം പുറത്തിറക്കിയത് 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.