/indian-express-malayalam/media/media_files/2024/11/12/tlHHBO4Fs91KzA1P50sS.jpg)
വഖഫ് ബിൽ രാഷ്ട്രീയായുധമാക്കാൻ ബിജെപി
ന്യൂഡൽഹി: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് കേരളത്തിലും കർണാടകത്തിലും ഉയർന്നുവന്ന് വിവാദങ്ങൾ രാഷ്ട്രീയായുധമാക്കാനൊരുങ്ങി ബിജെപി. നിലവിലെ സംഭവവികാസങ്ങൾ വഖഫ് ഭേദഗതി ബിൽ വേഗത്തിൽ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള അവസരമായാണ്് ബിജെപി നോക്കി കാണുന്നത്.
ഭൂമിയുടെ മേലുള്ള വഖഫ് ബോർഡിന്റെ അധികാരം നിയന്ത്രിക്കാൻ ബിൽ കൊണ്ടുവരുമെന്ന് വഖഫ് ബിൽ പരിഗണിക്കുന്ന പാർലമെന്ററി പാനൽ അധ്യക്ഷൻ ജഗദാംബിക പാൽ വ്യക്തമാക്കിയിരുന്നു. കേരളത്തിലെയും കർണാടകത്തിലെയും നിലവിലെ സംഭവവികാസങ്ങൾ ബില്ലിന് അനുകൂലമായ സാഹചര്യം സ്രഷ്ടിക്കുമെന്നാണ് ബിജെപി വിലയിരുത്തൽ.
കർണാടകയിൽ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന് ഭൂമിയിൽ വരെ വഖ്ഫ് ബോർഡുമായി തർക്കം നിലനിൽക്കുകയാണ്. കേരളത്തിൽ മുനമ്പത്ത് ജനവാസ മേഖലയായ 400 ഏക്കറിലധികം വരുന്ന വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം തുടരുകയാണ്. മുനമ്പത്ത് ക്രൈസ്തവ സഭകൾ നേരിട്ടാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
ഇതിന് പുറമേ വഖഫ് അവകാശവാദത്തിനെതിരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സഭ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. മുനമ്പം പ്രശ്‌നത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുനമ്പം പ്രശ്‌നത്തിൽ സഭയുടെ ഒപ്പമാണ് ബിജെപി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ മുമ്പത്തെത്തി സമരം ചെയ്യുന്നവർക്ക് ഐക്യദാഢ്യം നൽകിയിരുന്നു. ഇതിലൂടെ സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷമായ ക്രൈസ്തവരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
കേരളത്തിലെയും കർണാടകത്തിലെയും പോലെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ നിലവിലുള്ള വഖഫ് നിയമത്തിൽ വേഗത്തിൽ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
1995ലും 2013-ലും കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന നിയമനിർമ്മാണത്തിന് ശേഷം നിലവിലുള്ള വഖഫ് നിയമത്തിന് കൂടുതൽ അധികാരമുണ്ടെന്നാണ് വിമർശനം. 1995-ലെ നിയമം വഖഫ് സ്വത്തുക്കളുടെ ഭരണം നിയന്ത്രിക്കുന്നതിനാണ് നിലവിൽ വന്നത്.
വഖഫ് ട്രിബ്യൂണൽ തീരുമാനങ്ങൾ ഏതൊരു സിവിൽ കോടതിക്കും മുകളിലാണ്. 2013-ൽ, വഖഫ് സ്വത്ത് കൈയേറിയതിന് രണ്ട് വർഷം വരെ തടവ് വിധിക്കുന്നതിനും വഖഫ് സ്വത്ത് വിൽപന, കൈമാറ്റം ചെയ്യുന്നതിന് നിരോധനവും ഏർപ്പെടുത്തിയിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.