/indian-express-malayalam/media/media_files/2024/11/11/GkV5UzlynnOOQuyqG45d.jpg)
സഖ്യം അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തലപ്പത്ത് തിരിച്ചെത്തിയേക്കും
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഭരണകക്ഷിയായ മഹായുതി സഖ്യം വിജയിച്ചാൽ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. സഖ്യം അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തലപ്പത്ത് തിരിച്ചെത്തിയേക്കും.
''നിലവിൽ ഏക്നാഥ് ഷിൻഡെയാണ് മുഖ്യമന്ത്രി, എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം മഹായുതിയുടെ മൂന്ന് ഘടകകക്ഷികളും (ബിജെപി, ശിവസേന, എൻസിപി) ഒരുമിച്ച് ചേർന്ന് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കും,” മുംബൈയിൽ പാർട്ടി പ്രകടനപത്രിക പുറത്തിറക്കിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മഹായുതിയുടെയും ഫഡ്‌നാവിസിന്റെയും തിരിച്ചുവരവ് കാണാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച സാംഗ്ലിയിൽ നടന്ന ഒരു റാലിയിൽ ഷാ പറഞ്ഞത്.
ഒരു മുതിർന്ന ബിജെപി നേതാവും ഫഡ്‌നാവിസിനെ മന്ത്രി തലപ്പത്തേക്ക് പിന്തുണച്ചിട്ടുണ്ട്. താഴെത്തട്ടിൽ ഫഡ്‌നാവിസിന് പിന്തുണയുണ്ടെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നേതാവ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഇപ്പോൾ തങ്ങളുടെ അജണ്ടയിൽ ഇല്ലെന്നാണ് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അടുത്തിടെ പറഞ്ഞത്.
ബിജെപി ചില സൂചനകൾ നൽകുന്നുണ്ടെങ്കിലും, മഹായുതി വീണ്ടും അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ തുടരുമെന്നാണ് ശിവസേനയുടെ നിലപാട്. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏക്നാഥ് ഷിൻഡെയാണ് മുഖ്യമന്ത്രി, തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹമായിരിക്കും മുഖ്യമന്ത്രി,” സേനയിലെ ഒരു മുതിർന്ന കാബിനറ്റ് മന്ത്രി പറഞ്ഞു.
അജിത് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) കൂടുതൽ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. മഹായുതിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ള വലിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിന് ശേഷം ഉന്നത നേതൃത്വത്തിന് വിടുന്നതാണ് നല്ലതെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെ പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പല ഘടകങ്ങളും നിർണായകമാണെന്ന് സേനയുടെയും എൻസിപിയുടെയും വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു, പ്രത്യേകിച്ച് ഒരു പാർട്ടിക്കും സ്വന്തമായി ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ. “ഇപ്പോൾ ഈ ചർച്ചയിൽ പ്രവേശിക്കുന്നതിൽ അർത്ഥമില്ല,” ഒരു ഉറവിടം പറഞ്ഞു.
ഫഡ്നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിനുപിന്നിൽ രണ്ട് കാരണങ്ങളുണ്ട്. 2014 നും 2019 നും ഇടയിൽ ഫഡ്‌നാവിസ് ഭരണത്തിന്റെ ചുക്കാൻ പിടിച്ചപ്പോൾ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുഖ്യ പരിഗണന നൽകിയതായി പരക്കെ വിശ്വസിക്കപ്പെടുന്നു. കൂടാതെ, സേനയെ എൻഡിഎയിൽ ഉൾപ്പെടുത്താനാണ് 2022-ൽ മുഖ്യമന്ത്രി പദം ത്യജിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ അത് ആവർത്തിക്കരുതെന്നും പാർട്ടിയിലും ആർഎസ്എസിലുമുള്ള നിരവധി ആളുകൾ അഭിപ്രായപ്പെടുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.