/indian-express-malayalam/media/media_files/Ot3C2IUPU6ZHLzFzcyR0.jpg)
അനിൽ ശർമ്മ (എക്സ്‌പ്രസ് ഫൊട്ടോ)
"മലയുടെ വലിപ്പമുള്ളൊരു കല്ല് എന്റെ നെഞ്ചിൽ നിന്ന് ഉയർത്തിയത് പോലെ തോന്നുന്നു, എനിക്ക് വീണ്ടും ശ്വസിക്കാൻ കഴിയും. നീതി ലഭിക്കുമ്പോൾ എനിക്ക് ഇങ്ങനെയാണ് തോന്നുന്നത്,” ഗുജറാത്ത് സർക്കാർ 11 പ്രതികൾക്ക് അനുവദിച്ച മോചനം സുപ്രീം കോടതി റദ്ദാക്കി, മണിക്കൂറുകൾക്ക് ശേഷം അതിജീവിത ബിൽക്കിസ് ബാനു തന്റെ അഭിഭാഷകൻ മുഖേന ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയാണ്.
“ഇന്ന് എനിക്ക് യഥാർത്ഥത്തിൽ പുതുവർഷമാണ്. ഞാൻ ആശ്വാസത്താൽ കരഞ്ഞു. ഒന്നര വർഷത്തിന് ശേഷം ഞാൻ ആദ്യമായി പുഞ്ചിരിച്ചു. ഞാൻ എന്റെ മക്കളെ ആലിംഗനം ചെയ്‌തു. എനിക്കും എന്റെ കുട്ടികൾക്കും, മറ്റുള്ള സ്‌ത്രീകൾക്കും എല്ലാവർക്കും തുല്യനീതിയും പ്രതീക്ഷയും സമ്മാനിച്ചതിന് ബഹുമാനപ്പെട്ട ഇന്ത്യൻ സുപ്രീം കോടതിക്ക് ഞാൻ നന്ദി പറയുന്നു,” ബിൽക്കിസ് ബാനു പറഞ്ഞു.
തനിക്ക് പിന്തുണയുമായി നിന്നവരോടും അവർ നന്ദിയറിയിച്ചു. “ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്നും ഞാൻ പറയുന്നു, എന്റേത് പോലെയുള്ള യാത്രകൾ ഒരിക്കലും ഒറ്റയ്ക്ക് നടത്താനാവില്ല. എന്റെ ഭർത്താവും കുട്ടികളും എന്റെ അരികിലുണ്ട്. വെറുപ്പിന്റെ സമയത്ത് എനിക്ക് വളരെയധികം സ്നേഹം നൽകിയ എന്റെ സുഹൃത്തുക്കൾ എനിക്കുണ്ട്. ഓരോ ബുദ്ധിമുട്ടുള്ള വഴിയിലും അവർ എന്റെ കൈപിടിച്ചു. 20 വർഷത്തിലേറെയായി എന്നോടൊപ്പം ചേർന്നുനടന്ന, നീതിയെക്കുറിച്ചുള്ള ആശയത്തിൽ ഒരിക്കലും പ്രതീക്ഷ കളയാൻ എന്നെ അനുവദിച്ചിട്ടില്ലാത്ത ഒരു അസാധാരണ അഭിഭാഷക, അഡ്വ. ശോഭ ഗുപ്ത എനിക്കൊപ്പമുണ്ട്.
ഒന്നര വർഷം മുമ്പ്, 2022 ഓഗസ്റ്റ് 15ന്, എന്റെ കുടുംബത്തെ നശിപ്പിക്കുകയും എന്റെ അസ്തിത്വത്തെ തന്നെ ഭയപ്പെടുത്തുകയും ചെയ്തവർക്ക് മോചനം നൽകിയപ്പോൾ, ഞാൻ തളർന്നുപോയി. എന്റെ ധൈര്യം ചോർന്നുപോയതായി എനിക്ക് തോന്നി. ആ സമയത്ത് ലക്ഷക്കണക്കിന് പേർ എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടെ വരുന്നത് വരെ ഞാൻ നിസ്സഹായയായിരുന്നു. ഇന്ത്യയിലെ ആയിരക്കണക്കിന് സാധാരണക്കാരും സ്ത്രീകളും എനിക്ക് വേണ്ടി ശബ്ദിക്കാൻ മുന്നോട്ടുവന്നു. അവർ എനിക്കൊപ്പം നിന്നു, എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്തു.
മുംബൈയിൽ നിന്ന് 8,500 പേരും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 6,000 പേരും അപ്പീലുകൾ എഴുതി. 10,000 പേർ തുറന്ന കത്ത് എഴുതി. കർണാടകയിലെ 29 ജില്ലകളിൽ നിന്നുള്ള 40,000 പേർ എനിക്ക് കത്തെഴുതി. ഈ ഓരോരുത്തർക്കും, നിങ്ങളുടെ വിലയേറിയ ഐക്യദാർഢ്യത്തിനും ശക്തിക്കും എന്റെ നന്ദി. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നീതിയെന്ന ആശയം വീണ്ടെടുക്കാൻ പോരാടാനുള്ള ഇച്ഛാശക്തി നിങ്ങൾ എനിക്ക് നൽകി. ഞാൻ നന്ദി പറയുന്നു.
എന്റെ സ്വന്തം ജീവിതത്തിനും എന്റെ മക്കളുടെ ജീവിതത്തിനും വേണ്ടിയുള്ള ഈ വിധിയുടെ മുഴുവൻ അർത്ഥവും ഞാൻ ഉൾക്കൊള്ളുമ്പോഴും, ഇന്ന് എന്റെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന ദുആ (പ്രാർത്ഥന) ലളിതമാണ്. എല്ലാറ്റിനുമുപരിയായി നിയമവാഴ്ച ഉണ്ടാകണം, നിയമത്തിന് മുമ്പിൽ എല്ലാവരും സമന്മാരായിരിക്കണം," ബിൽക്കിസ് ബാനു പറഞ്ഞു.
Read More
- മോദി ലക്ഷദ്വീപിലെത്തുമ്പോൾ ബിജെപി ലക്ഷ്യം വെക്കുന്നത് 32 സ്ക്വയർ കിലോമീറ്ററിലും വലുതാണ്?
- 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
- ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം
- ആളുമാറിയുള്ള ശിക്ഷയെന്ന നിഖിൽ ഗുപ്തയുടെ വാദം തള്ളി ചെക്ക് കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us