/indian-express-malayalam/media/media_files/qIehKiWxE6l5DZBxHOen.jpg)
എക്സ്‌പ്രസ് ആർക്കൈവ്സ് ചിത്രം
ഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന അവാർഡ് സമ്മാനിക്കും. ബിഹാറിലെ പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന് വേണ്ടി പ്രയത്നിച്ച വ്യക്തിയായിരുന്നു കർപൂരി താക്കൂർ. അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിന്റെ (ജനുവരി 24) തലേന്നാണ് പരമോന്നത സിവിലിയന്‍ ബഹുമതി തേടിയെത്തുന്നത്. ബിഹാറിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയാണ് കർപൂരി താക്കൂർ.
മുഖ്യമന്ത്രിയായിരുന്ന 1977-1979 കാലയളവിൽ മുംഗേരി ലാൽ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ മുൻകൈയെടുത്ത നേതാവ്, ഹിന്ദി ഭാഷാ ശ്രേഷ്ഠനും തൊഴില്‍-ഭാഷാ സംവരണത്തിനും വേണ്ടി നിലകൊണ്ട നേതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ് അദ്ദേഹം. ജനനായക് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കര്‍പ്പൂരി താക്കൂര്‍ രണ്ട് തവണ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെ സോഷ്യലിസ്റ്റ് പാര്‍ട്ടി/ ഭാരതീയ ക്രാന്തി ദള്‍ സര്‍ക്കാരിനെയും, അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാര്‍ട്ടി സര്‍ക്കാരിനെയും നയിച്ചു.
ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് 26 മാസം ജയില്‍ വാസവും അനുഷ്ഠിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുന്നതിനായി ബിരുദ പഠനം ഉപേക്ഷിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സ്വന്തം ഗ്രാമത്തില്‍ സ്കൂള്‍ അധ്യാപകനായി ജോലി നോക്കവെയാണ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലെത്തുന്നത്. 1952-ല്‍ താജ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ബീഹാര്‍ വിധാന്‍ സഭാംഗമായി.
മന്ത്രിയായും ഉപമുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുള്ള താക്കൂറിന്റെ ഇടപെടലായിരുന്നു സംസ്ഥാനത്തെ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിലേക്ക് എത്തിച്ചത്. ബീഹാറിലെ പിന്നോക്ക പ്രദേശങ്ങളില്‍ നിരവധി സ്‌കൂളുകളും കോളേജുകളും താക്കൂറിന്റെ ഭരണകാലയളവില്‍ സ്ഥാപിക്കപ്പെട്ടു. ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയതും 1978ല്‍ കര്‍പ്പൂരി താക്കൂറിന്റെ ഭരണനേട്ടമാണ്. 1988 ഫെബ്രുവരി 17നായിരുന്നു അന്ത്യം.
കൂടുതൽ വിശദമായി വായിക്കാൻ ക്ലിക്ക് ചെയ്യൂ
Read More
- അയോധ്യയിൽ വൻ ഭക്തജനത്തിരക്ക്; സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയും
- 'രാം ലല്ല' മിഴി തുറന്നു; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.