/indian-express-malayalam/media/media_files/olKyon6XtRkmBtBv1SPA.jpg)
ബംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിന് 2022ൽ മംഗളൂരുവിലും ശിവമോഗയിലും ഉണ്ടായ സ്‌ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മംഗലാപുരം സംഭവവും ഇതും തമ്മിൽ ബന്ധമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. കഫേയ്ക്കുള്ളിൽ നിന്നും കണ്ടെടുത്തിരിക്കുന്ന മെറ്റീരിയലും സമാനമാണ്. ടൈമറും മറ്റ് കാര്യങ്ങളും പോലുള്ള മെറ്റീരിയലുകളിലൂടെയുള്ള സാമ്യതയും മംഗളൂരു-ശിവമോഗ സ്ഫോടനങ്ങളുമായി ചേർത്തുവെയ്ക്കാവുന്നതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
സ്ഫോടനങ്ങളിൽ സമാനതകൾ സംശയിക്കുന്ന സാഹചര്യത്തിൽ മംഗളൂരു, ശിവമോഗ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് അന്വേഷണവുമായി ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. പ്രാദേശിക സാമഗ്രികൾ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ സ്‌ഫോടനമാണിത്,” ബെംഗളൂരു നഗരത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂടിയായ ശിവകുമാർ വ്യക്തമാക്കി.
രാമേശ്വരം കഫേയിൽ ഐഇഡി ഉപയോഗിച്ച സ്‌ഫോടന സംവിധാനം, ടൈമർ, ടൈമറിന്റെ ബാറ്ററികൾ എന്നിവയെല്ലാം മംഗളൂരു സ്‌ഫോടനത്തിന് ഉപയോഗിച്ചതിന് സമാനമാണെന്ന് പോലീസ് വെള്ളിയാഴ്ച ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു. വൈറ്റ്ഫീൽഡ് ഏരിയയിലെ തിരക്കേറിയ രാമേശ്വരം കഫേയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ സ്‌ഫോടനത്തെ തുടർന്ന് ഒമ്പത് പേർക്കാണ് പരിക്കേറ്റത്. ഭക്ഷണം കഴിച്ച് ഭക്ഷണശാലയിൽ നിന്ന് ഇറങ്ങിപ്പോയ ഒരു ‘ഉപഭോക്താവ്’ കൊണ്ടുവന്ന ബാഗിലാണ് സ്ഫോടകവസ്തു സൂക്ഷിച്ചിരുന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള വിവരം.
സ്‌ഫോടനത്തിന് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മംഗളൂരുവിലും ബെംഗളൂരുവിലും ഐഇഡി സ്‌ഫോടനത്തിന് ഉപയോഗിച്ച കണ്ടെയ്‌നറുകളിലെ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മംഗളൂരുവിൽ ഇത് പ്രഷർ കുക്കറായിരുന്നു, ഇപ്പോൾ ഇത് ടിഫിൻ ബോക്‌സ് തരം കണ്ടെയ്‌നറാണെന്നും അദ്ദേഹം മൈസൂരിൽ പറഞ്ഞു. എളുപ്പത്തിൽ ലഭ്യമായ മെറ്റീരിയലുകൾ ഉപയോഗിച്ച് ഐഇഡികൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ഓൺലൈൻ വഴിയുള്ള നിർദ്ദേശങ്ങളിലൂടെയാണ് കുറഞ്ഞ തീവ്രതയുള്ള സ്ഫോടക വസ്തു നിർമ്മിച്ചതെന്ന് സംശയിക്കുന്നു.
സ്ഫോടക വസ്തു കഫേയിൽ എത്തിച്ചതായി സംശയിക്കുന്നയാൾ വരുന്നതിന്റേയും തിരികെ പോകുന്നതിന്റേയും ദൃശ്യങ്ങൾ പോലീസിന്റെ പക്കലുണ്ടെന്ന് ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു. “സാധ്യമായ എല്ലാ കോണുകളിലും ഏഴ് മുതൽ എട്ട് വരെ ടീമുകൾ അന്വേഷണത്തിലാണ്. ബെംഗളൂരുവിലുടനീളം സിസിടിവി ക്യാമറകളുണ്ട്. പ്രതി ബസിൽ കയറുന്നതിന്റേയും ബസിൽ നിന്ന് ഇറങ്ങുന്നതിന്റേയും ദൃശ്യങ്ങളുണ്ട്. സംഭവത്തിന് ശേഷം ഇയാൾ തിരികെ പോകുന്നതിന്റേയും ദൃശ്യങ്ങളുണ്ട്. അന്വേഷണം നന്നായി തന്നെ പുരോഗമിക്കുകയാണെന്നും ശിവകുമാർ പറഞ്ഞു.
#WATCH | Bengaluru: Karnataka CM Siddaramaiah visits Brookfield Hospital to meet those injured in the Rameshwaram Cafe blast. pic.twitter.com/G4byV0dlm5
— ANI (@ANI) March 2, 2024
സംഭവത്തിൽ നീതിയുക്തമായ അന്വേഷണവുമായി സർക്കാർ മുന്നോട്ട് പോകും. പോലീസ് ഉദ്യോഗസ്ഥർക്ക് ഞങ്ങൾ ഇക്കാര്യത്തിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കഴിഞ്ഞു. സംഭവത്തിൽ സിസിബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഴ് മുതൽ എട്ട് വരെ ടീമുകൾ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഭാഗ്യവശാൽ സ്ഫോടനം വലിയ അപകടത്തിലേക്ക് മാറിയില്ലെങ്കിലും ബാംഗ്ലൂരിൽ ആരും ഭയപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.
അതേ സമയം സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് മേധാവി കൂടിയായ ശിവകുമാർ പറഞ്ഞു. ബിജെപി രാഷ്ട്രീയത്തിൽ ഏർപ്പെടട്ടെ. എന്നാൽ സർക്കാരുമായി സഹകരിക്കാനും പോസിറ്റീവായിരിക്കാനും അവർ ആഗ്രഹിക്കുന്നുവെങ്കിൽ അത് സ്വാഗതാർഹമാണ്. അല്ലാതെ അവർക്ക് രാഷ്ട്രീയം വേണമെങ്കിൽ അത് ചെയ്യട്ടെ. പ്രശ്‌നം എല്ലാ കോണുകളിൽ നിന്നും പരിശോധിക്കാൻ തങ്ങൾ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
- ബംഗളൂരുവിലെ കഫേയിൽ നടന്നത് സ്ഫോടനം; സ്ഥിരീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ
- 'ഹിമാചലിലെ ബിജെപിയുടെ പ്രവർത്തനം തങ്ങളേക്കാൾ മികച്ചത്'; ഹിമാചൽ കോൺഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.