/indian-express-malayalam/media/media_files/2025/05/11/DbHDILhHnsNTf939XcKI.jpg)
ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി സൈന്യം വിശദീകരിക്കുന്നു
Indian Army briefing on Operation Sindoor:ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യൻ സൈന്യം നൂറിലധികം ഭീകരരെ വധിച്ചെന്ന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻ രാജീവ് ഘായ്. പുൽവാമ ഭീകരാക്രമണം, കാണ്ഡഹാർ വിമാനറാഞ്ചൽ എന്നിവയ്ക്ക് പിന്നിലുണ്ടായിരുന്ന ഭീകരരെ ഓപ്പറേഷൻ സിന്ദൂരിലൂടെ വധിക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.സംയുക്ത സേന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഭീകരവാദികളുടെ താവളങ്ങൾ തകർത്തതിന്റെ ചിത്രവും സൈന്യം വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
ഓപ്പറേഷൻ സിന്ദൂർ ഭീകരാവാദികളെ മാത്രമാണ് ലക്ഷ്യമിട്ടത്. ഒൻപത് ഭീകരതാവളങ്ങൾ തകർക്കാനായി. നൂറിലധികം തീവ്രവാദികളെ വധിച്ചു.കൊടുംഭീകരരുടെ പരിശീലന കേന്ദ്രമായ മുരിദികെ തകർക്കാനായത് സൈന്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്. അജ്മൽ കസബിനെയും ഹെഡ്‌ലിയെയും ലഷ്‌കർ പരിശീലിപ്പിച്ചത് ഇവിടെയാണ്. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയിരുന്നെന്നും സൈന്യം വ്യക്തമാക്കി.
സേനകളെയും നിരപരാധികളായ വിനോദസഞ്ചാരികളെയും ആക്രമിച്ചപ്പോഴാണ് തിരിച്ചടി നൽകേണ്ടതുണ്ട് എന്ന തീരുമാനത്തിലേക്ക് സൈന്യം എത്തിയത്. സൈന്യത്തിന്‍റേത് തീവ്രവാദികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു. കണിശതയോടെ ഭീകരകേന്ദ്രങ്ങളിലേക്ക് അതിർത്തി കടന്ന് ആക്രമിക്കാൻ തീരുമാനിച്ചു. അതിനായി അതിർത്തിക്കപ്പുറത്തെ ഭീകരകേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി പരിശോധിച്ചു. അതിൽ ചില ഭീകരകേന്ദ്രങ്ങൾ തിരിച്ചടിയുണ്ടാകും എന്ന് ഉറപ്പായതോടെ ആളൊഴിഞ്ഞു പോയതായി കണ്ടെത്തി. ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ഉന്നമിട്ട് ആക്രമിച്ചത്, പാക് അധീന കശ്മീരിലെയും പാകിസ്ഥാൻ പഞ്ചാബിലെയും ഭീകരകേന്ദ്രങ്ങളാണ് ആക്രമിച്ചത്. -സൈന്യം വിശദീകരിച്ചു
പാക്കിസ്ഥാനിൽ എവിടെയും ആക്രമിക്കാൻ കഴിയും
പാക്കിസ്ഥാനിലെ എവിടെയും ആക്രമണം നടത്താൻ ഇന്ത്യയ്ക്ക്് സാധിക്കുമെന്ന് വാർത്താസമ്മേളത്തിൽ സൈന്യം വ്യക്തമാക്കി. പാക്കിസ്ഥാനിലെ റഹീം യാർ ഖാൻ വിമാനത്താവളം, ഇസ്ലാമാബാദിലെ വിമാനത്താവളം, ചുനിയാർ വ്യോമ പ്രതിരോധ കേന്ദ്രം, സർഗോദ എയർഫീഡ്, സര്‌ഗോദ എയർഫീഡ് തുടങ്ങിയവ ഇന്ത്യൻ സൈന്യത്തിന് തകർക്കാനായി. പാക് എയർഫീഡുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.
ഓപ്പറേഷൻ സിന്ദൂരിൽ പരിഭ്രാന്തരായ പാക്കിസ്ഥാൻ സാധാരണ ജനങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചു. 35 മുതൽ 40 പാക് പട്ടാളക്കാർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടിട്ടുണ്ടാകാം. ഇന്ത്യൻ വ്യോമതാവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ കൃത്യമായി ചെറുക്കാനായി. പാക് ഡി.ജി.എം.ഒയാണ് ചർച്ചയ്ക്ക് വിളിച്ചതെന്നും സൈന്യം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞ ഉടൻ പ്രത്യാക്രമണം ഉണ്ടാകുമെന്ന് പാക് ഡിജിഎം നിലപാട് വ്യക്തമാക്കിയിരുന്നു. അതിനാൽ, സൈന്യം സുസജ്ജമായിരുന്നു. പാക്കിസ്ഥാൻറെ നിരീക്ഷണ റഡാറുകളും സൈനിക കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യത്തിന് തകർക്കാനായെന്നും സൈന്യം വ്യക്തമാക്കി
നേരത്തെ ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ കരാറിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണി മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മു കശ്മീരിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം വിളിച്ചുചേർത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്, പ്രതിരോധ വകുപ്പ് മേധാവി അനിൽ ചൗഹാൻ, കര,നാവിക,വ്യോമസേന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണ രേഖയിൽ നിലവിൽ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ഇല്ലെങ്കിലും ശനിയാഴ്ച രാത്രി ഉണ്ടായ സംഭവവികാസങ്ങൾ യോഗം വിലയിരുത്തി. അതിർത്തിയിൽപതിരോധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നേരത്തെ, വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും സമാനരീതിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, വെടിനിർത്തലിനെ സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ പ്രതിരോധ വകുപ്പിന്റെ വാർത്താസമ്മേളനം ഉടൻ വിളിച്ചുചേർക്കുമെന്നാണ് ഔദ്യോഗീക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
Read More
- ഓപ്പറേഷൻ സിന്ദൂർ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ്
- ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക ഇച്ഛാശക്തിയുടെ പ്രതീകം: രാജ്നാഥ് സിംങ്
- യുദ്ധം വേണ്ട; ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ
- ഇന്ത്യൻ തിരിച്ചടിയിൽ പാക് വ്യോമതാവളം തകർന്നു; സ്ഥിരീകരിച്ച് പാക്കിസ്ഥാൻ
- ശാന്തതയുടെ ദിനങ്ങളിലേക്ക് പ്രതീക്ഷയോടെ വീണ്ടും വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങൾ
- വഖഫ് ആഭ്യന്തരകാര്യം; ഇപ്പോൾ രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം: ഒവൈസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.