scorecardresearch

ലയനം പ്രഖ്യാപിച്ച് വൈ എസ് ശർമ്മിള: ആന്ധ്രയിൽ മുഖം മിനുക്കാൻ കോൺഗ്രസ്

ശർമ്മിള എത്തുന്നതോടെ ജഗനെതിരെ വൈ എസ് ആറിന്റെ ചോരയെ തന്നെ മുൻനിർത്തി പടവെട്ടാനുള്ള അവസരമാണ് ആന്ധ്രയിലെ കോൺഗ്രസിന് കൈവന്നിരിക്കുന്നത്

ശർമ്മിള എത്തുന്നതോടെ ജഗനെതിരെ വൈ എസ് ആറിന്റെ ചോരയെ തന്നെ മുൻനിർത്തി പടവെട്ടാനുള്ള അവസരമാണ് ആന്ധ്രയിലെ കോൺഗ്രസിന് കൈവന്നിരിക്കുന്നത്

author-image
WebDesk
New Update
YS Sharmila

വൈ എസ് ശർമ്മിള (ഫയൽ ചിത്രം)

ഡൽഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടി (വൈഎസ്ആർടിപി) അധ്യക്ഷയുമായ വൈ എസ് ശർമിള കോൺഗ്രസിൽ ചേർന്നു. മാസങ്ങളായി ഇത് സംബന്ധിച്ച ചർച്ചകളും ഊഹാപോഹങ്ങളും ഉണ്ടായിരുന്നെങ്കിലും തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയത്തോടെയാണ് കോൺഗ്രസിനോട് അടുക്കാൻ ജഗന്റെ സഹോദരിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശർമ്മിള എത്തുന്നതോടെ ജഗനെതിരെ വൈ എസ് ആറിന്റെ ചോരയെ തന്നെ മുൻനിർത്തി പടവെട്ടാനുള്ള അവസരമാണ് ആന്ധ്രയിലെ കോൺഗ്രസിന് കൈവന്നിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ശർമ്മിള പാർട്ടിയിൽ ചേർന്നത്.

Advertisment

 എ ഐ സി സി ആസ്ഥാനത്തെത്തിയ വൈ എസ് ശർമ്മിള തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതായും  പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയാണ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടിയെന്നും കോൺഗ്രസ് എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർത്ഥ സംസ്കാരം ഉയർത്തിപ്പിടിക്കുകയും നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ടെന്നും കോൺഗ്രസിൽ ചേർന്ന ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു.  

 2023 നവംബറിൽ നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ശർമിള തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും അത് നടന്നില്ല. പക്ഷേ തിരഞ്ഞെടുപ്പിൽ വൈ എസ് ആർ ടി പി സ്ഥാനാർത്ഥികളെ മത്സര രംഗത്തേക്ക് ഇറക്കാതെ കോൺഗ്രസിന് പിന്തുണ നൽകുകയാണ് ചെയ്തത്. 
 
 ഷർമിളയുമായി  മുൻ വൈഎസ്ആർസിപി എംപിയും അവരുടെ അമ്മാവനുമായ വൈ വി സുബ്ബ റെഡ്ഡി നടത്തിയ അനുനയ ചർച്ച
 പരാജയപ്പട്ടതിനെ തുടർന്നാണ് ശർമ്മിളയുടെ കോൺഗ്രസ് പ്രവേശന തീരുമാനം എത്തുന്നത്. ശർമ്മിള ആന്ധ്രയിൽ മത്സരിച്ചാൽ സംസ്ഥാനത്തുടനീളമുള്ള തന്റെ സ്വാധീനത്തെയും പ്രതിച്ഛായയെയും ബാധിക്കുമെന്ന തോന്നലിൽ വൈഎസ്ആർസിപിയിൽ ചേരാൻ ശർമിളയോട് നിർദ്ദേശിക്കാനാണ് സുബ്ബ റെഡ്ഡിയെ ജഗൻ നിയോഗിച്ചത്. എന്നാൽ ഈ നീക്കം ഫലവത്തായില്ല. 

2021 ജൂലൈയിലാണ് ഷർമിള തന്റെ തട്ടകം തെലങ്കാനയിലേക്ക് മാറ്റുന്നത്. ഇതിന് ശേഷമാണ് സഹോദരനമുായി രാഷ്ട്രീയപരമായി അവർ തെറ്റുന്നത്. രാജണ്ണ രാജ്യമെന്ന വൈ എസ് ആറിന്റെ പൈതൃകം തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വൈ എസ് ആർ സി പി, വൈ എസ് ആർ ടി പി എന്നീ രാഷ്ട്രീയ പാർട്ടികൾക്ക് ഇരുവരും രൂപം കൊടുത്തത്. ജഗന്റെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി ആന്ധ്രയെ അടക്കിവാണപ്പോൾ ശർമ്മിളയുടെ വൈ എസ് ആർ ടി പിക്ക് തെലങ്കാനയിൽ അത്രകണ്ട് ശോഭിക്കാനായില്ല. 

Advertisment

ശർമ്മിളയുടെ കോൺഗ്രസിലേക്കുള്ള വരവോടെ ആന്ധ്രയിൽ നഷ്ടപ്പെട്ടുപോയ മുഖം തിരികെ പിടിക്കാൻ കോൺഗ്രസിന് ഒരു പരിധി വരെ കഴിയുമെന്നാണ് നേതാക്കൾ വിശ്വസിക്കുന്നത്. ശർമ്മിളയുടെ കോൺഗ്രസ് പ്രവേശനത്തിന് വൈ എസ് ആറിന്റെ ഭാര്യ വൈ എസ് വിജയമ്മയും പിന്തുണ നൽകുന്നു എന്നാണ് വിവരം. അങ്ങനെയായാൽ ഇന്നും വൈ എസ് ആറിനോട് വൈകാരികമായ അടുപ്പം പുലർത്തുന്ന ആന്ധ്രയിലെ ജനങ്ങൾക്കിടയിൽ അത് വലിയ തരത്തിൽ സ്വാധീനം ചെലുത്തിയേക്കാം.  

ശർമ്മിള വൈ എസ് ആർ സി പിയുടെ ദേശീയ കൺവീനറായിരിക്കെ ആന്ധ്രപ്രദേശിലുടനീളം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ പോലും തിരഞ്ഞെടുപ്പ് രംഗത്തേക്ക് അവർ എത്തിയിരുന്നില്ല. പിന്നീടാണ് ഷർമിള തെലങ്കാനയിൽ അമ്മ വൈ എസ് വിജയമ്മയോടൊപ്പം വൈഎസ്ആർടിപിക്ക് രൂപം നൽകിയത്. കെ ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) നേതൃത്വത്തിലുള്ള ബിആർഎസ് ഗവൺമെന്റിനെതിരെയുള്ള നിരന്തര പോരാട്ടങ്ങൾക്ക്  നേതൃത്വം കൊടുത്ത ശർമ്മിള പല തവണ പൊലീസ് തടങ്കലിലും ആയിട്ടുണ്ട്. 

Read More

Congress YS Sharmila

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: