/indian-express-malayalam/media/media_files/qH9yTmWXs8D2Im6utGOl.jpg)
ജിരിബാം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയോളമായി അക്രമസംഭവങ്ങൾ വർദ്ധിക്കുകയാണ് (ഫയൽ ചിത്രം)
ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ മുഖ്യമന്ത്രിയുടെ പൊലീസ് വാഹനവ്യൂഹത്തെ അജ്ഞാത സംഘം ആക്രമിച്ചു. വെടിവയ്പ്പിൽ ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. കുക്കി വിഭാഗക്കാരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജിരിബാം ജില്ലയിലേക്കുള്ള മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ സന്ദർശനത്തിന് തൊട്ടു മുന്നോടിയായാണ് പൊലീസ് വാഹനം ആക്രമിക്കപ്പെട്ടത്. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയോളമായി അക്രമസംഭവങ്ങൾ വർദ്ധിക്കുകയാണ്.
ബിഷ്ണുപൂർ ജില്ലയിൽ നിന്നുള്ള മൊയ്‌രംഗ്‌തേം അജേഷ് (32) എന്ന പൊലീസുകാരനാണ് വലതു തോളിൽ വെടിയേറ്റത്. അദ്ദേഹത്തെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. ഇംഫാലിനേയും ജിരിബാമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഷണൽ ഹൈവേ 37ൽ വച്ച് ഇന്ന് രാവിലെ 10.40ഓടെയാണ് അജ്ഞാത സംഘം പൊലീസിനെ ആക്രമിച്ചത്.
മുഖ്യമന്ത്രിയുടെ സുരക്ഷയൊരുക്കാനായി നേരത്തെ എത്തിയ കോൺവോയ് വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഇംഫാലിൽ നിന്ന് 26 കിലോമീറ്റർ മാറിയാണ് ഈ ആക്രമണം നടന്ന ടി. ലൈജാങ് ഗ്രാമം ഉള്ളത്. കുക്കി-സോമി ആധിപത്യമുള്ള കാങ്‌പോക്പി ജില്ലയിലാണ് ഈ പ്രദേശമുള്ളത്. ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ല സന്ദർശിക്കും. തിങ്കളാഴ്ച ആക്രമണം നടന്ന സ്ഥലത്തും പരിസരത്തും സംസ്ഥാന സേനയുടെയും അസം റൈഫിൾസിൻ്റെയും സംയുക്ത സംഘം തിരച്ചിൽ ആരംഭിച്ചു.
സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ജില്ലയിൽ പൊലീസിൻ്റെയും കേന്ദ്ര സുരക്ഷാ സേനയുടെയും വൻ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വരെ ജിരിബാം മേഖല സമാധാനപരമായിരുന്നു.
അതേസമയം, മണിപ്പൂരിൻ്റെ ബാക്കി ഭാഗങ്ങളിൽ 2023 മെയ് 3 മുതൽ വംശീയ സംഘർഷം രൂക്ഷമായിരുന്നു. ആസാമിലെ കച്ചാർ ജില്ലയുടെ അതിർത്തിയിൽ, മെയ്തികൾ, കുക്കി-സോസ്, ബംഗാളികൾ, മുസ്ലീങ്ങൾ, നാഗകൾ എന്നിവരുടെ സമ്മിശ്ര ജനസംഖ്യയുണ്ട്.
2023 ജൂൺ 6ന് സോയിബാം ശരത്കുമാർ സിങ്ങിൻ്റെ മൃതദേഹം മുറിവേറ്റ പാടുകളോടെ കണ്ടെത്തിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്നുണ്ടായ തീപിടുത്തത്തിൽ വലിയ ഗോത്രവിഭാഗക്കാരായ ഹ്മർ-മിസോസിൻ്റെ വീടുകൾ മെയ്തികളും കത്തിച്ചു. രണ്ട് പൊലീസ് ഔട്ട്‌പോസ്റ്റുകളും ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസും അഗ്നിക്കിരയാക്കിയിരുന്നു.
Read More
- മന്ത്രിമാരുടെ എണ്ണത്തിൽ 'റെക്കോർഡ്'; കൂട്ടുകക്ഷി മന്ത്രിസഭ കരുതിവെക്കുന്നത് എന്തൊക്കെ
- സത്യപ്രതിജ്ഞയിൽ നിന്നും വിട്ടുനിൽക്കും; മോദി സർക്കാർ അധികകാലം തുടരില്ലെന്ന് മമത ബാനർജി
- മൂന്നാം മോദി സർക്കാർ; സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us