/indian-express-malayalam/media/media_files/2025/01/20/OGY5PgnusfDX0KlmlSnr.jpg)
ചിത്രം: എക്സ്
ചെന്നൈ: പരന്തൂർ വിമാനത്താവള വിരുദ്ധ സമരത്തിന് പിന്തുണയുമായി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവള പദ്ധതിക്കായി കാർഷിക ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനത്തെ വിജയ് രൂക്ഷമായി വിമർശിച്ചു. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് കാഞ്ചീപുരത്തെ ഏകനാപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളത്തിനോ വികസനത്തിനോ താൻ എതിരല്ലെന്നും, പരന്തൂരിൽ വിമാനത്താവളം വേണ്ടെന്നാണ് നിലപാടെന്നും വിജയ് വ്യക്തമാക്കി. 'ഞാൻ വികസനത്തിന് എതിരല്ല, പക്ഷേ ഈ സ്ഥലത്ത് വിമാനത്താവളം വരരുത് എന്നാണ് നിലപാട്. ഇവിടത്തെ 90 ശതമാനം കൃഷിഭൂമിയും നശിപ്പിച്ച് വിമാനത്താവളം നിർമിക്കാനുള്ള തീരുമാനം ഒരു ജനവിരുദ്ധ സർക്കാരിന് മാത്രമേ എടുക്കാനാവൂ,' വിജയ് പറഞ്ഞു.
പരന്തൂർ വിമാനത്താവള പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ 900 ദിവസത്തിലേറെയായി സമരം ചെയ്തു വരികയാണ്. വിമാനത്താവളം, ആവാസവ്യവസ്ഥയിലും ഉപജീവനമാർഗത്തിലും വലിയ ആഘാതം ഉണ്ടാക്കുമെന്നാണ് പ്രതിഷേധക്കാരും പരിസ്ഥിതി പ്രവർത്തകരും പറയുന്നത്.
#WATCH | Tamil Nadu: Tamizhaga Vetri Kazhagam chief and actor Vijay meets farmers and people who are protesting against the proposed Parandur airport project, in Kanchipuram pic.twitter.com/CVc2bAdj6l
— ANI (@ANI) January 20, 2025
പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് സംഭവം ഏറ്റെടുത്ത് വിജയ് രംഗത്തെത്തിയിരിക്കുന്നത്. സർക്കാരിൻ്റെ സമീപനം സ്വന്തം ആശങ്ങളോടുള്ള വഞ്ചനയാണെന്ന് വിജയ് പറഞ്ഞു. 'ഡിഎംകെ പ്രതിപക്ഷത്തായിരുന്നപ്പോൾ എട്ടുവരിപ്പാതയെയും കാട്ടുപ്പള്ളി തുറമുഖ പദ്ധതിയെയും എതിർത്തിരുന്നു. ഇവിടെയും നിങ്ങൾ സ്വീകരിക്കേണ്ട നിലപാട് അത് തന്നെയല്ലേ? പ്രതിപക്ഷത്തിരിക്കുമ്പോൾ കർഷകരെ പിന്തുണക്കും, അധികാരത്തിലെത്തുമ്പോൾ അവരെ ഉപേക്ഷിക്കും. എനിക്ക് ഇത് മനസ്സിലാകുന്നില്ല. ജനങ്ങൾ അത് തിരിച്ചറിഞ്ഞു,' വിജയ് പറഞ്ഞു.
പൊലീസിന്റെ കർശന നിയന്ത്രണങ്ങളോടെയായിരുന്നു വിജയ് സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയത്. ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിനും പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് കാഞ്ചീപുരം ജില്ലാ പൊലീസ് അറിയിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിൽ വിമാനത്താവള പദ്ധതി നിർണായകമാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വിശദീകരണം. 'ചെന്നൈ വിമാനത്താവളത്തിലൂടെ പ്രതിവർഷം 2.2 കോടി ആളുകളാണ് യാത്ര ചെയ്യുന്നത്. അടുത്ത ഏഴ് വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം 3.5 കോടിയാകും. ഇത് അടുത്ത 10 വർഷത്തിനുള്ളിൽ 8 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ വിമാനത്താവളം വികസിപ്പിക്കുന്നതിനായി പരിസരത്ത് ഇനി സ്ഥലം ഏറ്റെടുക്കാൻ സാധിക്കില്ല,' തമിഴ്‌നാട് ധനമന്ത്രി തങ്കം തെന്നരസു പറഞ്ഞു.
Read More
- ആർ.ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണംവരെ ജീവപര്യന്തം
- ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; 3 ബന്ദികളെ റെഡ്ക്രോസിന് കൈമാറി ഹമാസ്
- എനിക്ക് മൂന്ന് പെൺമക്കളുണ്ട്, വേദന മനസിലാകും: സഞ്ജയ് റോയിയുടെ അമ്മ
- സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം
- കാനഡയിലെത്തി, പിന്നെ കാണാനില്ല;' പഠിക്കാൻ പോയ 20000 ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിയതായി കണക്കുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.