/indian-express-malayalam/media/media_files/2025/04/07/8CNaIUJdDMGDPZau24Tc.jpg)
Vishu Kani 2025: വിഷുക്കണി ഒരുക്കേണ്ട വിധം
Vishu Kani 2025: പുതിയവർഷത്തിലേയ്ക്ക് കണികണ്ടുണരുന്ന മലയാളികൾക്ക് വിഷു എന്നത് ഓണം പോലെ തന്നെ പ്രധാനമാണ്. സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദിനങ്ങളിലേയ്ക്കുള്ള പ്രതീക്ഷകളാണ് ഓരോരുത്തരുടേയും മനസ്സിൽ ഉദിക്കുന്നത്. വിഷു എന്നു കേൾക്കുമ്പോൾ കണിക്കൊന്നയും കണിയുമാണ് ആദ്യം ഓർമ്മ വരിക.
കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയിൽ മലയാളി കൺതുറക്കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതു കൊണ്ട് കാർഷിക വിളകൾക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. കൊന്നപ്പൂവ്, വെള്ളരി, മാങ്ങ, ചക്ക, നാളികേരും, അഷ്ടമാംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം വിളക്കിനു മുന്നിൽ ഒരുക്കി വയ്ക്കുന്നു.
രാമായണം, മഹാഭാരതം, ഭഗവദ്ഗീത, തുടങ്ങിയ മതഗ്രന്ഥങ്ങളും, കൃഷ്ണൻ്റെ പ്രതിമ അല്ലെങ്കിൽ ഫോട്ടോ എന്നിവയും വയ്ക്കാറുണ്ട്.
ബ്രഹ്മമുഹൂർത്തിലാണ് വിഷുക്കണി കാണേണ്ടത്. രാത്രിയിലെ പതിനാലാമത്തെ മുഹൂർത്തമാണത്. അതായത്, സൂര്യോദയം 6 മണിക്കൂറാണെങ്കിൽ പുലർച്ചെ 4:24ന് ബ്രഹ്മമുഹൂർത്തം തുടങ്ങും, 5:12 ന് അവസാനിക്കും.
വിഷുക്കണി ഒരുക്കാൻ ആവശ്യമായ ദ്രവ്യങ്ങൾ
- നിലവിളക്ക്
- ഓട്ടുരുളി
- ഉണക്കലരി
- നെല്ല്
- നാളികേരം
- കണിവെള്ളരി
- ചക്ക
- മാങ്ങ, മാമ്പഴം
- കദളിപ്പഴം
- വാൽക്കണ്ണാടി (ആറന്മുളലോഹകണ്ണാടി)
- കൃഷ്ണവിഗ്രഹം
- കണിക്കൊന്ന പൂവ്
- എള്ളെണ്ണ (വിളക്കെണ്ണ പാടില്ല )
- തിരി
- കോടിമുണ്ട്
- ഗ്രന്ഥം
- നാണയങ്ങൾ
- സ്വർണ്ണം
- കുങ്കുമം
- കൺമഷി
- വെറ്റില
- അടയ്ക്ക
- ഓട്ടുകിണ്ടി
- വെള്ളം
കണി ഒരുക്കേണ്ടത് എങ്ങനെ?
നിലവിളക്കും, ഓട്ടുരുളിയും കഴുകി വൃത്തിയാക്കിയെടുക്കണം. ഉരുളിയുടെ പകുതിയോളം ഉണക്കലരിയും നെല്ലും ചേർത്തു നിറയ്ക്കണം. ഇതിൽ നാളികേരത്തിൻ്റെ മുറി വയ്ക്കാം. ചില ഇടങ്ങളിൽ നാളികേര മുറിയിൽ എള്ള് കിഴി കത്തിച്ചു വയ്ക്കാറുണ്ട്.
കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, എന്നിവ വയ്ക്കാം. ഇനി വിഷുക്കണ്ണാടി വയ്ക്കാം. കണിക്കൊപ്പം സ്വന്തം മുഖം കണ്ടുണരാൻ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വം അറിയുക എന്നും സങ്കൽപ്പമുണ്ട്.
ഇതിനടുത്ത് കൃഷ്ണ വിഗ്രഹം അല്ലെങ്കിൽ ഫോട്ടോ വയ്ക്കാം. തൊട്ടടുത്ത് താലത്തിൽ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും വയ്ക്കണം. ഇതിലേയ്ക്ക് കൺമഷി, കുങ്കുമച്ചെപ്പ് തുടങ്ങിയവയും വയ്ക്കാം. നാണയത്തുട്ടുകൾ വെറ്റിലയ്ക്കും പാക്കിനുമൊപ്പമാണ് വയ്ക്കേണ്ടത്.
കിണ്ടിയിൽ വെള്ളം നിറച്ച് വിളക്കിനരികിൽ വയ്ക്കാം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ടശേഷമാവണം കണികാണേണ്ടത്. ഇത്രയുമായാൽ കണി ഒരുക്കൽ പൂർത്തിയായി.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.