/indian-express-malayalam/media/media_files/bbSl1BRgSAImpreUdrYY.jpg)
മുടിയിഴകളുടെ ഗുണനിലവാരത്തിൽ വിറ്റാമിൻ ഡി 3 അളവിന്റെ നേരിട്ടുള്ള സ്വാധീനം പ്രധാനമാണ് (ചിത്രം: ഫ്രീപിക്)
നിശ്ചിത അളവിൽ ഒരു വ്യക്തിയുടെ മുടികൊഴിയുന്നത് സ്വാഭാവിക പ്രതിഭാസമാണ്. എന്നാൽ മുടികൊഴിച്ചിൽ വർദ്ധിക്കുകയാണെങ്കിൽ, അവസ്ഥയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും പ്രധാനമാണ്. മുടികൊഴിച്ചിൽ ഉണ്ടാകുമ്പോൾ ആളുകൾ സാധാരണയായി ചൂണ്ടിക്കാണിക്കാറുള്ള ഒരു കാരണമാണ് ജലത്തിൻ്റെ ഗുണനിലവാരം. എന്നാൽ മുടികൊഴിച്ചിലിന് കാരണമായേക്കാവുന്ന മറ്റ് ധാരാളം ഘടകങ്ങൾ വേറെയും ഉണ്ട്.
മുടികൊഴിച്ചിൽ ഉണ്ടാകുകയാണെങ്കിൽ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട 5 ഘടകങ്ങൾ പങ്കുവയ്ക്കുകയാണ്, സ്കിൻ കെയർ കൺസൾട്ടൻ്റായ നിപുൻ കപൂർ സോഹൽ.
1. നിങ്ങളുടെ വിറ്റാമിൻ ഡി 3 അളവ് പരിശോധിക്കുക
മുടിയിഴകളുടെ ഗുണനിലവാരത്തിൽ വിറ്റാമിൻ ഡി 3 അളവിന്റെ നേരിട്ടുള്ള സ്വാധീനം പ്രധാനമാണ്. ഈ വിറ്റാമിൻ്റെ അളവ് കുറയുന്നത് മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾക്കും കാരണമാകുന്നു.
"രോമകൂപങ്ങളിൽ റിസപ്റ്ററുകൾ കാണപ്പെടുന്നു. ആരോഗ്യകരമായ രോമകൂപങ്ങൾ നിലനിർത്തുന്നതിന് ആവശ്യമായ അളവിൽ വിറ്റാമിൻ ഡി പ്രധാനമാണ്. രോമകൂപങ്ങളുടെ വികാസത്തിലും പരിപാലനത്തിലും നിർണായകമായ പ്രക്രിയ ആയ കോശവളർച്ചയിലും ഇത് പ്രധാനമാണ്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് വൈറ്റമിൻ ഡിയുടെ കുറവ് ചിലതരം മുടികൊഴിച്ചിൽ, അലോപ്പീസിയ ഏരിയറ്റ ഉൾപ്പെടെയുള്ളയുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു," നോയിഡ ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ഹോസ്പിറ്റലിലെ സീനിയർ റസിഡൻ്റ് ഡോ റിഷഭ് രാജ് ശർമ പറഞ്ഞു.
മുടി വളർച്ചയും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന്, നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ-ഡി സമ്പന്നമായ ഈ ഭക്ഷണങ്ങൾ പരിഗണിക്കുക.
“വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളായ ഫാറ്റി ഫിഷ് (ട്രൗട്ട്, സാൽമൺ, ട്യൂണ, അയല), കരൾ, എണ്ണ, ബീഫ്, മുട്ടയുടെ മഞ്ഞക്കരു, ചീസ് തുടങ്ങിയ ഉറവിടങ്ങൾ ഉൾപ്പെടുത്താം. സസ്യാഹാര സ്രോതസ്സ് പരിഗണിക്കുകയാണെങ്കിൽ, കൂണുകൾ മികച്ച വിറ്റമിൻ ഡി ഉറവിടമാണ്. കൂടാതെ ശരീരത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാനുള്ള ഏറ്റവും സ്വാഭാവിക മാർഗം സൂര്യപ്രകാശമാണ്," ഡോ റിഷഭ് രാജ് ശർമ പറഞ്ഞു.
2. മുടി വളർച്ചയ്ക്കുള്ള സെറം ഉപയോഗിക്കുക
വിവിധതരം മുടികൊഴിച്ചിലുകൾക്കുള്ള ഡെർമറ്റോളജിക്കൽ ചികിത്സയുടെ പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് സെറം. ഇത് പ്രശ്നബാധിതമായ പ്രദേശത്ത് മാത്രം പ്രവർത്തിക്കുന്നു. അതുകൊണ്ടു തന്നെ പാർശ്വ ഫലങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ഈ ഘടകങ്ങളെല്ലാം, സെറം മുടികൊഴിച്ചിൽ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ഏറ്റവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന മരുന്നായി മാറ്റുന്നു.
മിനോക്സിഡിൽ, ബയോട്ടിൻ, ഫിനാസ്റ്ററൈഡ്, പെപ്റ്റൈഡുകൾ, റെഡൻസിൽ എന്നിവയാണ് മുടി വളർച്ചയുടെ സെറമായി കാണക്കാക്കപ്പെടുന്ന ചില സാധാരണ പരിഹാരങ്ങൾ. എന്നാൽ ഇവ ഒരോ വ്യയക്തികളിലും വ്യത്യസ്ഥ രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ആരോഗ്യ വിദഗ്ധരുടെ മാർഗ്ഗനിർദേശം അനുസരിച്ച് മാത്രമേ ഉപയോഗം പാടുള്ളു.
ഇതു കൂടാതെ, മത്തങ്ങ വിത്തിൽ നിന്നുള്ള എണ്ണ, സോ പാമെറ്റോ, മെലറ്റോണിൻ എക്സ്ട്രാക്റ്റ്, കഫീൻ എക്സ്ട്രാക്റ്റ്, റോസ്മേരി ഓയിൽ തുടങ്ങിയ പ്രകൃതിദത്ത ചേരുവകളും മുടി വളർച്ച മെച്ചപ്പെടുത്തുന്ന മറ്റ് ഘടകങ്ങളാണ്.
3. ദിവസവും തലയോട്ടിയിൽ മസാജർ ഉപയോഗിക്കുന്നത് പരിഗണിക്കുക
രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിച്ച് തലയോട്ടിയിൽ മുടിവളരാൻ സഹായിക്കുന്ന ഒന്നാണ് മസാജർ. ഇത് രക്തപ്രവാഹം വർദ്ധിപ്പിക്കുകയും കൂടുതൽ ഓക്സിജനും പോഷകങ്ങളും നൽകുകയും ചെയ്യുന്നു. കൂടാതെ, തലയോട്ടിയിൽ മസാജ് ചെയ്യുന്നത് സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കുന്നു, ഈ ഗുണങ്ങളും മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
ദിവസേനയോ, ഒന്നിടവിട്ട ദിവസങ്ങളിലോ തലയോട്ടിയിലെ മസാജർ ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ പ്രകോപങ്ങളോ മറ്റ് അസ്വസ്ഥതകളൊ ഒഴിവാക്കാൻ ശ്രദ്ധാപൂർവ്വമായ നടപടിയും അത്യാവശ്യമാണ്.
4. സൾഫേറ്റ് ഇല്ലാത്ത ഷാംപൂ
മുടികഴുകമ്പോൾ പതയും നുരയും ഉണ്ടാക്കാനായി സാധാരണയായി ഉപയോഗിക്കുന്ന ഘടകമാണ് സൾഫേറ്റ്. "സൾഫേറ്റുകൾ മുടിയിൽ അഴുക്കും എണ്ണയും ഫലപ്രദമായി നീക്കംചെയ്യുന്നുണ്ടെങ്കിലും, അവയ്ക്ക് മുടിയിൽ നിന്ന് സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യാനുള്ള കഴിവും ഉണ്ട്. ഇത് ശിരോ ചർമ്മം വരണ്ടതാകുന്നതിന് കാരണമാകുന്നു. ഇത്, സെൻസിറ്റീവ് ചർമ്മമുള്ള വ്യക്തികൾക്കോ, എക്സിമ അല്ലെങ്കിൽ ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകൾക്കുള്ള സാധ്യതയുള്ളവരിലോ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം," ഡോ റിഷഭ് രാജ് ശർമ പറഞ്ഞു.
സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നത്, ഈ പ്രശ്‌നങ്ങൾ ലഘൂകരിക്കാനും മുടിക്കും തലയോട്ടിക്കും മൃദുവായ അനുഭവം നൽകാനും സഹായിക്കും.
5. റോസ്മേരി ഓയിൽ ഉപയോഗിക്കുക
റോസ്മേരി ഓയിൽ മുടിയിഴകളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് വിശ്വസിക്കുന്നത്. റോസ്മേരി ഓയിൽ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത്, രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട ഹോർമോണായ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ (ഡിഎച്ച്ടി) ഉത്പാദനം തടയാനും ഇത് സഹായിച്ചേക്കാം. ഇതിൻ്റെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ മുടിയുടെ ഗുണനിലവാരം, ഘടന, ശക്തി എന്നിവ മെച്ചപ്പെടുത്തുന്നു.
Check out More Lifestyle Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.