/indian-express-malayalam/media/media_files/N8uKbtYkDAraKbrNUiJL.jpg)
പ്രതീകാത്മക ചിത്രം
തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നേരിട്ടത് ക്രൂരമർദ്ദനമെന്ന് അന്വേഷണ റിപ്പോർട്ട്. ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ സേതു കെ സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ് പുറത്തുവന്നത്. പൊലീസുകാർ സുജിത്ത് വി എസിനെ സ്റ്റേഷനിൽ എത്തിച്ചു മർദ്ദിച്ചുവെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് ട്വന്റി ഫോർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read:യൂത്ത് കോൺഗ്രസ് പ്രവർത്തകന് പോലീസിന്റെ അതിക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
സ്റ്റേഷനിൽ എത്തുന്നതിനുമുമ്പ് വഴിയിൽ നിർത്തി മർദ്ദിച്ചു എന്ന ആരോപണവും റിപ്പോർട്ട് ശരിവെക്കുന്നുണ്ട്. ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദ്ദിച്ചു എന്നതായിരുന്നു ആരോപണം. ജി ഡി ചാർജ് ഉണ്ടായിരുന്ന ശശിധരൻ സ്റ്റേഷനിൽ നിന്ന് പുറത്തേക്കെത്തി മർദിച്ചുവെന്ന് സുജിത്ത് ആരോപിച്ചിരുന്നു. പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് എത്തുന്ന സമയം ശശിധരൻ നടന്നുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. അതിനാൽ മർദനം നടന്നു എന്നതായി കരുതാം എന്നതാണ് നിഗമനം.
Also Read:നൂറ് ദിവസം പിന്നിട്ട് കാലവർഷം; കൂടുതൽ മഴ കാസർകോട്, കുറവ് കൊല്ലത്ത്
പോലീസ് സ്റ്റേഷനുള്ളിലും സുജിത്ത് ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട്. സ്റ്റേഷന്റെ മുകളിലത്തെ നിലയിൽ എത്തിച്ച് എസ്‌ഐയുടെ നേതൃത്വത്തിൽ മർദനം നടന്നിട്ടുണ്ടാകുമെന്നും റിപ്പോർട്ടിൽ പരാമർശം. ചൂരലുമായി എസ്‌ഐയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ മുകളിലേക്ക് പോയെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അടിമുടി പൊലീസ് വീഴ്ച എണ്ണിപ്പറയുന്നതാണ് അന്വേഷണ റിപ്പോർട്ട്. സുജിത്തിനെ മർദിച്ച ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതം അടങ്ങുന്നതാണ് റിപ്പോർട്ട്.
2023 ഏപ്രിൽ അഞ്ചിന് നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പോലീസ് മർദിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
തൃശ്ശൂർ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ വെച്ച് സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നത് വരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് വ്യക്തമാക്കിയത്.
Read More:വിസി നിയമന പ്രക്രിയയിൽനിന്ന് മുഖ്യമന്ത്രിയെ മാറ്റണം; ഗവർണർ സുപ്രീം കോടതിയിൽ
ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ വരുന്ന 10 ആം തീയതി കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് ഡിസിസി പ്രസിഡന്റ് പ്രതികരിച്ചത്. രണ്ട് വർഷത്തെ നിയമപോരാട്ടത്തിന് ശേഷം, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.
Also Read:ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടർന്ന് ശല്യം ചെയ്തു; രാഹുലിനെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.