/indian-express-malayalam/media/media_files/2024/10/24/z39acnNv7EzHAyXqYeIr.jpg)
രാഹുല്‍ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതികളിൽ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Also Read: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു
സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സ്ത്രീകളെ പിന്തുടർച്ച് ശല്യം ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, ഇതുവരെ ആരോപണം ഉന്നയിച്ച സ്ത്രീകളാരും നേരിട്ട് പരാതിയുമായി മുന്നോട്ട് വന്നിട്ടില്ല.
Also Read:ഉത്രാട പാച്ചിലില്‍ നാടും നഗരവും; നാളെ പൊന്നോണം
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് രാഹുലിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ഷാജിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന് സൈബര്‍ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സന്ദേശങ്ങളുടെയും കോളുകളുടെയും ആധികാരികത സംബന്ധിച്ചുള്ള വിവരങ്ങൾ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരെയും ഉൾപ്പെടുത്തിയിരിക്കുന്നത്.
ലൈംഗിക ആരോപണങ്ങളിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതോടെ രാഹുലിന്റെ രാജിയെന്ന ആവശ്യത്തിൽനിന്നും കോൺഗ്രസ് പിന്മാറി. എംഎൽഎ സ്ഥാനം രാജിവച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ പാർട്ടിക്ക് അത് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഇതോടെയാണ് രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യത്തിൽനിന്നും കോൺഗ്രസ് പിന്മാറിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Read More: സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് വീണ്ടും തിരിച്ചടി; വിദേശ യാത്രാനുമതി ഇല്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.