/indian-express-malayalam/media/media_files/FVERqX7ZNHpSliO3uulX.jpg)
കഴിഞ്ഞ വര്‍ഷം മാർച്ചിൽ കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം.സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി. മതപരമായ ചിത്രങ്ങൾ ഉപയോഗിച്ച് ബാബു വോട്ട് പിടിച്ചെന്നായിരുന്നു സിപിഎം സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജിന്റെ പരാതി. തൃപ്പൂണിത്തുറയിൽ കെ ബാബു തോറ്റാൽ അത് അയ്യപ്പൻ തോറ്റതിന് സമമാണെന്ന് മണ്ഡലത്തിലാകെ പ്രചരിപ്പിച്ചുവെന്നും സ്വരാജ് ഹർജിയിൽ ആരോപിച്ചിരുന്നു. ജനകീയ കോടതിയുടെ വിധി അംഗീകരിക്കാതെ കോടതിയിൽ പോയവർക്ക് നീതിന്യായ വ്യവസ്ഥയിൽ നിന്നേറ്റ തിരിച്ചടിയാണ് കോടതിയുടെ വിധിയെന്ന് ഹൈക്കോടതി നടപടിയിൽ പ്രതികരിച്ചുകൊണ്ട് കെ ബാബു പറഞ്ഞു.
തീർത്തും വിചിത്രമായ വിധിയാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് കോടതി വിധിക്ക് പിന്നാലെ എം സ്വരാജ് പ്രതികരിച്ചു. വിധി സമൂഹത്തിന് തെറ്റായ സന്ദേശമാകും നൽകുക. ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന വിധിയാണിപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും നിയമവശങ്ങൾ പരിശോധിച്ച ശേഷം വിധിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നും സ്വരാജ് വ്യക്തമാക്കി.
സ്വരാജിന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് കോടതി ഹർജി തള്ളിയത്. ബാബുവിനെതിരായ ആരോപണം തെളിയിക്കാനായില്ലെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജയത്തിന് മതചിഹ്നം ഉപയോഗിച്ചതിന് തെളിവില്ലെന്നും കോടതി പറഞ്ഞു.
ബാബുവിനെതിരായ എല്ലാ ആരോപണങ്ങളും കോടതി തള്ളിക്കളഞ്ഞു. സാക്ഷി മൊഴികള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാനായില്ല. സാക്ഷികള്‍ എല്ലാം സിപിഐഎം പ്രവര്‍ത്തകരെന്ന കെ ബാബുവിന്റെ വാദം കോടതി ശരിവച്ചു. ജസ്റ്റിസ് പി.ജി അജിത്ത്കുമാറാണ് വിധി പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും ചേർത്താണ് നൽകിയതെന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മാർച്ചിൽ കെ ബാബുവിന്‍റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ എതിർവാദം.
സംസ്ഥാനത്തെ തന്നെ ഏറ്റവും കടുത്ത പോരാട്ടമായിരുന്നു തൃപ്പൂണിത്തുറയിൽ കെ ബാബുവും എം സ്വരാജും തമ്മിൽ നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. തുടർന്ന് അയ്യപ്പനെ മുൻനിർത്തിയാണ് കെ ബാബു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഫലം വന്നതിന് തൊട്ട് പിന്നാലെ സ്വരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രചാരണ സ്ലിപ്പുകളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചു. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവും കോടതിയിലെത്തിയെങ്കിലും കേസ് നിലനിൽക്കുന്നതാണെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
Read More:
- സിദ്ധാർത്ഥന്റെ മരണം; സിബിഐക്ക് പിന്നാലെ മനുഷ്യാവകാശ കമ്മീഷനും പൂക്കോട്ടേക്ക്
- കരുവന്നൂര്‍ ബാങ്ക് കേസ്; സിപിഎമ്മിനെ കുരുക്കാൻ ഇ.ഡി; 5 രഹസ്യ അക്കൗണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകി
- 'മുഖ്യമന്ത്രി ചതിച്ചു, ക്ലിഫ് ഹൗസിന് മുന്നിൽ സമരമിരിക്കും'; സർക്കാരിനെതിരെ സിദ്ധാർത്ഥന്റെ അച്ഛൻ
- 'സർക്കാർ മാറുമ്പോൾ മറുപടി നൽകും'; ബിജെപിക്കെതിരെ രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.