/indian-express-malayalam/media/media_files/2024/12/30/QjdzQWEVkEGnqwz1Lwbi.jpg)
മുൻ ഡിസിസി പ്രസിഡൻറുമായ എംഎൽഎയുമായ ഐ സി ബാലകൃഷ്ണനെതിരെയാണ് ആരോപണം ഉയരുന്നത്
കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മറ്റി ട്രഷറർ എൻഎം വിജയൻ, മകൻ ജിജേഷിൻറയും ആത്മഹത്യ വയനാട്ടിലെ കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു. സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് തർക്കമാണ് ഇരുവരുടെയും ആത്മഹത്യക്ക് കാരണമെന്ന് ആരോപണവുമായി സിപിഎമ്മും ബിജെപിയും ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. സുൽത്താൻ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണനെതിരെയാണ് ഇവർ ആരോപണം ഉന്നയിക്കുന്നതും.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് വിജയനും മകൻ ജിജേഷും മരണത്തിന് കീഴടങ്ങിയത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു എൻ എം വിജയൻ. നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.
ആരോപണവുമായി കുടുംബം
എൻ എം വിജയൻറെയും മകൻറെയും ആത്മഹത്യയിൽ എംഎൽഎയും മുൻ ഡിസിസി പ്രസിഡൻറുമായ ഐ സി ബാലകൃഷ്ണനെതിരെയാണ് പ്രധാനമായും ആരോപണം ഉയരുന്നത്. കോൺഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് ഐ സി ബാലകൃഷ്ണൻറെ നിർദേശാനുസരണം പലരും വിജയന് പണം നൽകിയെന്നുള്ള ആരോപണമാണ് പുറത്തുവരുന്നത്. ഇതിൻറെ ഉടമ്പടി രേഖ ഉൾപ്പെടെ പുറത്തു വന്നിട്ടുണ്ട്.
നിയമനം ലഭിക്കാതായതോടെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ എം വിജയൻ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. വയനാട്ടിലെ കോൺഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എൻ എം വിജയൻറെ കുടുംബം.
എൻ എം വിജയനും ഒരു അധ്യാപകനും തമ്മിലുള്ള ഉടമ്പടി രേഖയാണ് പുറത്തുവന്നത്. കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലോ പൂതാടി, മടക്കിമല എന്നിവിടങ്ങളിലെ സർവീസ് ബാങ്കിലോ ആദ്യം വരുന്ന ഒഴിവിൽ ഒന്നാം കക്ഷിയുടെ മകനെയോ മറ്റ് കുടുംബാംഗങ്ങളെയോ നിയമിക്കാം എന്നാണ് ഉടമ്പടിയിൽ പറയുന്നത്. ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ നിർദേശപ്രകാരം 30 ലക്ഷം രൂപ ഒന്നാം കക്ഷിയിൽ നിന്ന് എൻ എം വിജയൻ കൈപ്പറ്റിയതായാണ് ഉടമ്പടിയിൽ പറയുന്നത്.
മുപ്പത് ലക്ഷം രൂപ നൽകിയിട്ടും ഒന്നാം കക്ഷിയുടെ മകന് മൂന്ന് ബാങ്കുകളിലും ജോലി ലഭിച്ചിരുന്നില്ല. ഇതിന് പുറമേ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ 30 ലക്ഷം രൂപയും ഐ സി ബാലകൃഷ്ണൻ തിരിച്ചു നൽകിയില്ലെന്നുമാണ് ഉയരുന്ന ആരോപണം.
രാഷ്ട്രീയായുധമാക്കി സിപിഎമ്മും ബിജെപിയും
എൻ എം വിജയൻറെയും മകൻറെയും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ റഫീക്ക് പറഞ്ഞു.ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ട്. കോടികൾ തട്ടിയെടുത്തവർ എൻ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി പറയുന്നുണ്ട്. എൻ എം വിജയൻറെ ആത്മഹത്യാ കുറിപ്പ് ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ മാറ്റിയതായും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐസി ബാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേരളത്തിലെ സഹകരണമേഖലയിൽ നടക്കുന്ന അഴിമതിയുടെ മറ്റൊരു തെളിവാണ് വയനാട്ടിൽ നിന്ന് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ തള്ളി ഐ സി ബാലകൃഷ്ണൻ
അതേസമയം തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രംഗത്തെത്തി. പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. 'പണം നഷ്ടപ്പെട്ടെന്ന് കാണിച്ച് ഏതെങ്കിലും ഉദ്യോഗാർത്ഥികൾ ആരെയെങ്കിലും സമീപിച്ചിട്ടുണ്ടോ ? ഇത്തരം വാർത്തകൾക്ക് പിന്നിൽ ചില ഉപജാപക സംഘമാണ്. അതുകൊണ്ടുതന്നെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി-ഐസി ബാലകൃഷ്ണൻ പറഞ്ഞു.
നീതിപൂർവ്വമല്ലാതെ അഴിമതിക്കോ കൊള്ളയടിക്കോ കൂട്ടുനിൽക്കാത്ത വ്യക്തിയാണ് താനെന്നും ഐ സി ബാലകൃഷ്ണൻ വ്യക്തമാക്കി. 2016 ലാണ് കെപിസിസി തന്നെ വയനാട് ജില്ലയുടെ നേതൃ സ്ഥാനത്ത് പ്രസിഡൻറായി നിയോഗിച്ചത്. അക്കാലയളവിൽ നീതിപൂർവ്വമായാണ് സംഘടനാ പ്രവൃത്തനം നടത്തിയത്. അർബൻ ബാങ്കുമായി ബന്ധപ്പെട്ട കൊള്ളകൾ അവസാനിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചയാളാണ് താനെന്നും അതിനാൽ തനിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More
- ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്ന പരിപാടി എന്ത് ? ആരാണ് സംഘാടകർ
- ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി, വെന്റിലേറ്ററിൽ തുടരും
- ഉമാ തോമസിന്റെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
- ദുഃഖാചരണം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ മാറ്റിവച്ചു; റാലി രണ്ടിന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.