/indian-express-malayalam/media/media_files/2024/12/30/BntDgxzwS9JfMFw7V7AC.jpg)
ഉമാ തോമസിന് അപകടം സംഭവിച്ച വേദിയിൽ നടന്ന പരിപാടി എന്ത്?
കൊച്ചി: കലൂർ സ്റ്റേഡിയത്തിന്റെ പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിൽ നിന്ന് താഴേക്ക് വീണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ് ഉമാ തോമസ് എംഎൽഎ. നിലവിൽ എംഎൽഎ ഐസിയു വെൻറിലേറ്ററിൽ നിരീക്ഷണത്തിലാണ്.അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. നേരത്തെയുണ്ടായിരുന്ന ആരോഗ്യനിലയിൽ അൽപം പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.
തലയ്ക്കേറ്റ പരിക്ക് കൂടുതൽ ഗുരുതരാവസ്ഥയിലായിട്ടുണ്ട്. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ അൽപം കൂടിയിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ടതുണ്ട്. ശ്വാസകോശത്തിന്‍റെ ചതവിനായി ആന്‍റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകളാണ് ഇപ്പോൾ നൽകുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളനിൽ വ്യക്തമാക്കുന്നു.
ഗിന്നസ് റെക്കോർഡിനായി നടത്തിയ പരിപാടി
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയിൽ പങ്കെടുക്കാനാണ് ഉമാ തോമസ് സ്‌റ്റേഡിയത്തിൽ എത്തിയത്. 11600-ത്തോളം ഭരത്യനാട്യ കലാകാരെ അണിനിരത്തി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയാണ് മൃദംഗനാദം. നടി ദിവ്യ ഉണ്ണി, ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നൃത്തം അരങ്ങേറിയത്.
ഏഴു വയസ്സുള്ള കുട്ടി മുതലുള്ളവർ പങ്കെടുത്ത പരിപാടിയിൽ കേരളത്തിന് പുറമേ ഹൈദരബാദ്, ഡൽഹി, ചെന്നൈ എന്നിവടങ്ങളിൽ നിന്നുള്ള നർത്തകരും പങ്കെടുത്തു
പരിപാടിയുടെ സമാപന ദിവസമായിരുന്നു ഞായറാഴ്ച. സമാപനദിവസം ആശംസകൾ അർപ്പിക്കുവാൻ സംഘാടകർ എംഎൽഎയെ ക്ഷണിച്ചിരുന്നു. ഇതിനുവേണ്ടിയാണ് എംഎൽഎ സ്റ്റേഡിയത്തിൽ എത്തിയത്.
സ്റ്റേഡിയത്തിൽ സംഭവിച്ചത്
പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിലേക്ക് കയറി ആദ്യം മുൻ നിരയിലെ കസേരയിൽ ഇരുന്നു. ഇതിനിടെ സാംസ്കാരിക മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്യാൻ എഴുന്നേൽക്കുമ്പോൾ, കാൽ വഴുതിയതിനെ തുടർന്ന് സ്റ്റേജിന് മുന്നിൽ ബാരിക്കേഡിന് പകരം കെട്ടിയിട്ടുള്ള നീല റിബണ്ണിൽ പിടിക്കാൻ ശ്രമിക്കുകയും, റിബണടക്കം 15 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബാരിക്കേഡിന് പകരം സ്ഥാപിച്ച താത്കാലിക നീല നാഡ ബലമുള്ളതായിരുന്നില്ലെന്നാണ് ആക്ഷേപം.
തറയിലിട്ടിരുന്ന കോൺക്രീറ്റ് തറയോടിലാണ് എംഎൽഎയുടെ തല ഇടിച്ചത്. സ്ഥലത്തുണ്ടായിരുന്നവർക്കൊന്നും ആദ്യം എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. തലയിൽ നിന്ന് രക്തം വാർന്നൊഴുകി എംഎൽഎ ഒരുമിനിറ്റോളം ബോധമറ്റ് നിലത്തുതന്നെ കിടന്നു. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ ഫൊട്ടൊഗ്രാഫർമാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്ത് ഓടിയെത്തിയ സംഘാടകർ എംഎൽഎയെ പാലാരിവട്ടം റിനൈ മെഡിസിറ്റിയിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
ആരാണ് പരിപാടിയുടെ സംഘാടകർ
ആർട്ട് മാഗസിനായ മൃദംഗ വിഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. പാരമ്പ്യര-ആധുനിക കലാരൂപങ്ങൾ, വാസ്തുവിദ്യ, ചിത്രകല, സംഗീതം, നാടകം, സിനിമ തുടങ്ങി മേഖലകളാണ് മൃദംഗ വിഷൻ കൈകാര്യം ചെയ്യുന്നത്. നികോഷ് കുമാറാണ് മൃദംഗ വിഷൻറ എംഡിയും മാനേജിങ്ങ് എഡിറ്ററും. ഷമീർ അബ്ദുൾ റഹീം ഗ്രൂപ്പ് എഡിറ്ററും സിഇഒയുമായി പ്രവർത്തിച്ചുവരുന്നു.
വീഴ്ചകൾ എണ്ണിപറഞ്ഞ് എഫ്‌ഐആർ
എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായി പോലീസ് എഫ്ഐആർ. പരിപാടിക്കായി സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായെന്നാണ് പോലീസ് കണ്ടെത്തൽ. സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും പോലീസ് എഫ്ഐആറിലുണ്ട്.
സംഭവത്തിൽ സ്റ്റേജ് കെട്ടിയവർക്കും മൃദംഗനാഥം പരിപാടിയുടെ സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് കുടുതൽ അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു
സംഭവത്തിൽ സംഘാടകർക്കെതിരേ ജിസിഡിഎയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി) അന്വേഷണം പ്രഖ്യാപിച്ചു. കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോൾ പുതുക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പറഞ്ഞു.
വിഐപി ഗ്യാലറിയിൽ ഉദ്ഘാടന പരിപാടി നടത്താനാണ് അനുമതി നൽകിയത്. സ്റ്റേജ് നിർമിക്കാൻ അനുമതി നൽകിയിരുന്നില്ല. ഫുട്ബോൾ ടർഫിനു പരിക്ക് വരാതെ നോക്കണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.ടർഫിനു പുറത്ത് ആയിരുന്നു പരിപാടി അവതരിപ്പിച്ചതെങ്കിലും സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചിട്ടില്ലായെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കലൂർ രാജ്യാന്തര സ്റ്റേഡിയം ഫുട് ബോൾ മത്സരങ്ങൾക്കല്ലാതെ മറ്റൊന്നിനും കൊടുക്കാൻ പാടില്ലെന്ന് നിബന്ധനയുള്ളപ്പോഴാണ് ഇത്തരമൊരു മെഗാ നൃത്ത ഇവൻറിന് സ്റ്റേഡിയം സംഘാടകർ വിട്ടുനൽകിയത്. കേരള ബ്ലാസ്റ്റേഴ്സിൻറ ഹോം മൈതാനം കൂടിയാണ് കലൂർ സ്റ്റേഡിയം.
പങ്കെടുത്തവരിൽ നിന്ന് പിരിച്ചത് 3500 രൂപ വീതം
3500 രൂപ വീതമാണ് പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാരിൽ നിന്ന് ഫീസായി ഈടാക്കിയതെന്ന് മൃദംഗനാദം പരിപാടിയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. എന്നാൽ അതിൽ കൂടുതൽ പണം തങ്ങൾക്ക് ചെലവായെന്ന് ചില രക്ഷകർത്താക്കൾ പറയുന്നു.
11600 പേർ പങ്കെടുത്ത പരിപാടിയിൽ ഒരാളിൽ നിന്ന് മാത്രം 3500 രൂപ പിരിച്ചാൽ മാത്രം സംഘാടകർക്ക് ലഭിക്കുക 40,600,000 രൂപയാണ്. എന്നാൽ ഇത്രയധികം തുക പിരിച്ചുനടത്തിയ പരിപാടിയായിട്ടും വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്ന് വിമർശനമാണ് പൊതുവേ ഉയരുന്നത്.
Read More
- ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി, വെന്‍റിലേറ്ററിൽ തുടരും
- ഉമാ തോമസിന്റെ തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കെന്ന് ഡോക്ടർമാർ
- കുറഞ്ഞ ചിലവിൽ മൂന്നാർ കാണാം; റോയൽ വ്യൂ ഡബിൾ ഡെക്കർ സർവ്വീസുമായി കെഎസ്ആർടിസി
- ദുഃഖാചരണം: കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ മാറ്റിവച്ചു; റാലി രണ്ടിന്
- വ്യാജ രേഖയുണ്ടാക്കി പരോളിന് ശ്രമം; ഉത്ര കൊലക്കേസ് പ്രതിയുടെ തട്ടിപ്പ് പൊളിച്ച് ജയിൽ അധികൃതർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.