/indian-express-malayalam/media/media_files/BgBhui1OyIa2aOuPb5Rp.jpg)
ഓഗസ്റ്റ് 30ന് മുമ്പ് എല്ലാവരുടെയും പുനരധിവാസം പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന സംഘത്തിന്റെ എണ്ണം കുറച്ചു. 119 പേരെയാണ് നിലവിൽ കണ്ടെത്താനുള്ളത്. തിരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ മടങ്ങിയിട്ട് ഒരാഴ്ചയായി. സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചനും പൂട്ടിയിട്ട് ആഴ്ച ഒന്നാകുന്നു. ദുരന്തമുഖത്ത് ഇപ്പോഴും ബാക്കിയുള്ള സേനാ വിഭാഗങ്ങൾക്ക് ഹോട്ടലിൽ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. രണ്ടുദിവസം കൂടിയെ ഭക്ഷണം വേണ്ടിവരൂ എന്നാണ് അവർക്ക് കിട്ടിയ അറിയിപ്പ്. എന്നാൽ എൻഡിആർഎഫിന് റിലീവിങ് ഓർഡർ നൽകിയിട്ടുമില്ല.
ഡിഎൻഎഫലങ്ങൾ കിട്ടിത്തുടങ്ങി എന്ന് പലതവണ മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ പറഞ്ഞിരുന്നുവെങ്കിലും, മൃതദേഹം തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല. ബന്ധുക്കളുടെ സാമ്പിളുമായി ഒത്തു നോക്കിയുള്ള ഫലം വൈകുന്നു. കൂടുതൽ മൃതദേഹമോ ശരീരഭാഗങ്ങളോ കിട്ടിയ ചാലിയാർ തീരം, സൂചിപ്പാറ വനമേഖല എന്നിവിടങ്ങളിലും തിരച്ചിൽ നിർത്തി.എന്നാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല.119 പേരയാണ് ഇനിയും കണ്ടെത്താനുള്ളത്.
അതേസമയം, ഓഗസ്റ്റ് 30ന് മുമ്പ് എല്ലാവരുടെയും പുനരധിവാസം പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.'നിലവിൽ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങൾ മാത്രാണ് കഴിയുന്നത്. 19 കുടുംബങ്ങൾ കൂടി നാളെ ക്യാമ്പുകളിൽ നിന്ന് മാറും. രണ്ട് കുടുംബങ്ങൾ കൂടി പഞ്ചായത്ത് ക്വാർട്ടേഴ്‌സ് ശരിയായാൽ മാറും. 14 കുടുംബങ്ങൾക്ക് കൂടി മാറാനുള്ള സൗകര്യം ഉടൻ ഒരുക്കും. താൽക്കാലിക പുനരധിവാസം വൈകുന്നില്ല. ക്യാമ്പിൽ നിന്ന് താൽക്കാലിക പുനരധിവാസത്തെ തുടർന്ന് പോയവർക്ക് ആവശ്യങ്ങൾ അറിയിക്കാൻ നമ്പർ ലഭ്യമാക്കിയിട്ടുണ്ട്'.-മന്ത്രി രാജൻ പറഞ്ഞു.
റിപ്പോർട്ട് സമർപ്പിച്ചു
വയനാട് ഉരുൾപ്പൊട്ടൽ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോർട്ടുകൾ സമർപ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനിൽക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ചുമാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ജോൺ മത്തായി നൽകിയ റിപ്പോർട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ സന്ദർശനം നടത്തിയാണ് ഡോ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്.
മൂന്ന് റിപ്പോർട്ടുകൾ നൽകേണ്ടതിൽ പുനരധിവാസം സംബന്ധിച്ചും അപകടമേഖലകൾ സംബന്ധിച്ചുള്ളതുമാണ് സമർപ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നതിൽ 12 ഇടത്ത് വിദഗ്ധ സംഘം സന്ദർശനം നടത്തി. ഇതിൽ അഞ്ച് സ്ഥലങ്ങൾ ടൗൺഷിപ്പ് നിർമിക്കാനായി ശുപാർശ ചെയ്തിട്ടുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകടമേഖലകളാണ് രണ്ടാമത്തെ റിപ്പോർട്ടിൽ ഉള്ളത്. പുഴയിൽ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീർച്ചാൽ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുൾപ്പൊട്ടൽ ഉണ്ടായ സ്ഥലങ്ങളിലെ അപകടമേഖലകൾ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളിൽ പുഴയിൽ നിന്ന് 350 മീറ്റർ വരെ അപകടമേഖലയായി തരം തിരിച്ചിട്ടുണ്ട്.
അൻപത് മീറ്റർ ഉണ്ടായിരുന്ന പുഴ ഉരുൾപ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകടമേഖല കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെയുള്ളതെല്ലാം സുരക്ഷിത സ്ഥലമായും കണക്കാക്കും. എങ്ങനെ ഉരുൾപ്പൊട്ടൽ ഉണ്ടായെന്നുള്ള റിപ്പോർട്ട് വിദഗ്ധ സംഘം ഇനിയും നൽകിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തിൽ സന്ദർശനം നടത്തിയ ശേഷമേ തയ്യാറാക്കൂ.
Read More
- വയനാട് ദുരന്തം;കാണാമറയത്ത് ഇനിയും 119 പേർ
- 'ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ കണ്ടിട്ടില്ല';പുകഴ്ത്തലുമായി ഗണേശ് കുമാർ
- ഓൺലൈനായി കൃഷിവകുപ്പ്; യോഗങ്ങൾ ഇനി തത്സമയം കാണാം
- ഹേമ കമ്മിറ്റി റിപ്പോർട്ട്: സ്വമേധയാ കേസ് എടുക്കാൻ നിയമ തടസമില്ലെന്ന് കെ.എൻ.ബാലഗോപാൽ
- സർക്കാർ വേട്ടക്കാർക്കൊപ്പം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിയത് ഗുരുതര കുറ്റം: വി.ഡി.സതീശൻ
- ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.