scorecardresearch

ആലുവ ടു ആഫ്രിക്ക വെറും രണ്ടരദിവസം;സൂപ്പർ ജെറ്റാണ് ഈ തുലാത്തുമ്പികൾ

രണ്ടര ദിവസം കൊണ്ട് കേരളത്തിൽനിന്ന് ആഫ്രിക്കയിൽ പറന്നെത്തും. ആയുസ് വെറും അഞ്ച് മാസം. ചില്ലറക്കാരല്ല ഈ തുലാത്തുമ്പികൾ. ലോകത്ത് ഏറ്റവും കുടുതൽ സഞ്ചരിക്കുന്ന ഇവയുടെ ദേശാടനം ശാസ്ത്രലോകത്തിന് പോലും കൗതുകമാണ്

രണ്ടര ദിവസം കൊണ്ട് കേരളത്തിൽനിന്ന് ആഫ്രിക്കയിൽ പറന്നെത്തും. ആയുസ് വെറും അഞ്ച് മാസം. ചില്ലറക്കാരല്ല ഈ തുലാത്തുമ്പികൾ. ലോകത്ത് ഏറ്റവും കുടുതൽ സഞ്ചരിക്കുന്ന ഇവയുടെ ദേശാടനം ശാസ്ത്രലോകത്തിന് പോലും കൗതുകമാണ്

author-image
Lijo T George
New Update
Thula Thumbi

തുലാത്തുമ്പികൾ | ഫൊട്ടൊ: വിവേക് ചന്ദ്രൻ

കൊച്ചി: വെറും രണ്ടരദിവസം കൊണ്ട് കേരളത്തിൽ നിന്ന് പറന്ന് കടൽക്കടന്ന് അങ്ങ് ആഫ്രിക്കയിലെത്തും. ദേശാടനപക്ഷികളെ പോലും അത്ഭുതപ്പെടുത്തും വേഗത്തിൽ ഭൂഖണ്ഡങ്ങൾ ചുറ്റിക്കറങ്ങുന്നത് ഒരുപറ്റം തുമ്പികളാണ്. കേരളത്തിൽ തുലാത്തുമ്പികൾ എന്ന് അറിയപ്പെടുന്ന വാണ്ടറിങ് ഗ്ലൈഡർ തുമ്പികളാണ് കഥയിലെ താരം. ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കും തിരികെ ആഫ്രിക്കയിലേക്കും പലായനം ചെയ്യുന്ന ഇവ ദേശാടനത്തിന്റെ ഭാഗമായി ഏകദേശം 16,000 കിലോമീറ്ററോളം സഞ്ചരിക്കും. പന്റെല ഫ്‌ലാവെസെൻസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയുടെ ദേശാടനം ശാസ്ത്രലോകത്തിന് പോലും അത്ഭുതമാണ്. 

Advertisment

ഇന്ത്യയിൽ പശ്ചിമഘട്ട മേഖലയിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇവയെ കാണുന്നത്. എപ്പോഴും കൂട്ടമായി മാത്രം കാണപ്പെടുന്ന ഇവ ലോകത്തിൽ ഏറ്റവും കുടുതൽ ദൂരം കൂട്ടമായി സഞ്ചരിക്കുന്ന തുമ്പികളാണ്. നാല്-മുതൽ അഞ്ച് സെന്റീമീറ്റർ വരെയാണ് ഇവയുടെ നീളം. 

അത്ഭുതം ഈ ദേശാടനം

സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാണ് തുലാത്തുമ്പികൾ ഇന്ത്യയിൽ നിന്ന് ദേശാടനം തുടങ്ങുന്നത്. ഡിസംബർ- ഫെബ്രുവരി മാസങ്ങളിൽ തെക്കൻ ആഫ്രിക്കയിലെത്തി പ്രജനനം നടത്തും. മാർച്ച്- മെയ് മാസങ്ങളിൽ കിഴക്കൻ ആഫ്രിക്കയിൽ എത്തുന്ന ഇവ ജൂൺ- ജൂലൈ മാസങ്ങളിൽ തിരിച്ച് ഇന്ത്യയിൽ എത്തും. ഇവിടെ നിന്ന് പോകുന്ന തുമ്പികളുടെ നാലാം തലമുറയാണ് തിരിച്ചുവരുന്നത്. 

Advertisment

Thula Thumbi

ആയിരക്കണക്കിന് തുമ്പികളാണ് ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം ചെയ്യുന്നത്. എന്നാൽ വളരെ കുറച്ച് തുമ്പികൾ മാത്രമാണ് തിരിച്ച് ഇന്ത്യയിലേക്ക് വരിക. മഴയെ തുടർന്ന് ഉണ്ടാകുന്ന വെള്ളക്കെട്ടുകളാണ് ഇവയുടെ പ്രജനന കേന്ദ്രം. മറ്റ് തുമ്പികളുടെ ലാർവകൾ പൂർണ വളർച്ച എത്താൻ ശരാശരി ആറുമാസത്തോളം സമയം എടുക്കുമ്പോൾ തുലാത്തുമ്പികളുടെ ലാർവകൾ 40 ദിവസങ്ങൾക്കുള്ളിൽ പൂർണ വളർച്ചയെത്തും.

കാറ്റിന്റെ വേഗം അറിഞ്ഞ് സഞ്ചാരം

കാലവർഷ മേഘങ്ങളെ ഇന്ത്യൻ തീരങ്ങളിലേക്ക് എത്തിക്കുന്ന കാറ്റിന്റെ ചിറകിലേറിയാണ് തുലാത്തുമ്പികൾ ഇവിടേക്കെത്തുന്നതെന്ന് തുമ്പികളിൽ ഗവേഷണം നടത്തുന്ന ഡോ.ഡേവിഡ് രാജു പറഞ്ഞു. "തുലാത്തുമ്പികളുടെ വരവും മടക്കവും കാലവർഷ മേഘങ്ങളുടെ കാറ്റിന്റെ വേഗതയ്ക്കനുസരിച്ചാണ്. ഇങ്ങോട്ടുള്ള കാറ്റിന് വേഗം കുറവായതിനാൽ 128 മണിക്കൂറോളം പറന്നാണ് തുമ്പിക്കൂട്ടം ഇന്ത്യൻ തീരമണയുന്നത്. തിരിച്ചുള്ള കാറ്റിന് ശക്തി കൂടുതലുള്ളതുകൊണ്ട് ശരാശരി അറുപത് മണിക്കൂർ കൊണ്ട് ആഫ്രിക്കയിൽ എത്തുമെന്നാണ് കരുതുന്നത്" ഡേവിഡ് രാജു പറഞ്ഞു. 

Thula Thumbi

സഞ്ചാരത്തിന്റെ ഭാഗമായി ഒരു പ്രദേശത്ത് കൂട്ടമായി എത്തുന്ന ഇവ പിന്നീട് ചെറിയ സംഘങ്ങളായി പിരിയുമെന്ന് തുമ്പികളെപ്പറ്റി പഠനം നടത്തുന്ന സി.സുശാന്ത് പറഞ്ഞു. "ജൂൺ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവയെ കേരളത്തിൽ പൊതുവേ കണ്ടുവരുന്നത്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലാണ് ഇവയെ വ്യാപകമായി കാണാറുള്ളത്. മഴ വിട്ടുനിൽക്കുന്നതോടെയാണ് ഇവ അടുത്ത കാലവർഷത്തെ തേടി പറക്കുന്നത്"-  സുശാന്ത് പറഞ്ഞു. 

കർഷകരുടെ തോഴൻ 

ഇളംമഞ്ഞ നിറവും ചുവപ്പും കലർന്ന തുലാത്തുമ്പികളുടെ ആയുസ്സ് പരമാവധി അഞ്ച് മാസം വരെയാണ്. ജൈവ വൈവിധ്യത്തിന്റെ സംരക്ഷകൻ കൂടിയായ ഇവ പരിസ്ഥിതി സൂചകം കൂടിയാണ്. പൊതുവേ ശുദ്ധജലത്തിൽ മുട്ടയിടുന്ന തുലാത്തുമ്പികളുടെ പ്രധാന ഭക്ഷണം കൂത്താടികളാണ്. അതിനാൽ കൊതുക് ശല്യം കുറയ്ക്കുന്നതിന് ഒരുപരിധി വരെ ഇവ സഹായിക്കുന്നു. പാടത്തും പറമ്പിലും പൊതുവേ കാണപ്പെടുന്ന തുലാത്തുമ്പികൾ കർഷകരുടെ നല്ല സുഹൃത്ത് കൂടിയാണ്. ചെറുകീടങ്ങളെയും ഭക്ഷണമാക്കുന്ന ഇവ വിളകളെ കീടശല്യത്തിൽ നിന്ന് സംരക്ഷിക്കുന്നു. 

Thula Thumbi

"കാലവർഷം വൈകുന്നത് ഇവയുടെ ദേശാടനത്തെ ബാധിക്കാറുണ്ടെന്ന് തുമ്പികളെപ്പറ്റി പഠനം നടത്തുന്ന ഗവേഷക വിദ്യാർഥിയായ വിവേക് ചന്ദ്രൻ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം, കാലവർഷത്തിലെ കുറവ് എന്നിവ തുലാത്തുമ്പികളുടെ പലായനത്തെ ബാധിക്കുന്നുണ്ട്. ഇവയെപ്പറ്റി വിശദമായ പഠനം ആവശ്യമാണ്" വിവേക് പറയുന്നു.

Read More

Science Nature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: