/indian-express-malayalam/media/media_files/2025/07/21/vs-illustration1111-2025-07-21-16-21-56.jpg)
'അവസാനശ്വാസം വരെയും പോരാളി,' വി.എസ്.അച്യുതാനന്ദൻ എന്ന ഇതിഹാസത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പുന്നപ്ര വലിയചുടുകാട്ടിൽ വിഎസ് എന്ന അധ്യായം അവസാനിക്കുമ്പോൾ അദ്ദേഹം ബാക്കിവെക്കുന്നത് കാമ്പുള്ള കുറേയധികം പോരാട്ടങ്ങളുടെ പാഠങ്ങൾ കൂടിയാണ്.
പോരാട്ടങ്ങളിൽ തളരാത്ത മനോഭാവമാണ് എന്നും വിഎസ് എന്ന രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയത്. 1923 ഒക്ടോബർ 20 ന് വേലിക്കകത്ത് ശങ്കരന്റെയും അച്ചാമ്മയുടെയും മകനായി ജനിച്ച അച്യുതാനന്ദന്റെ ഔപചാരിക വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിച്ചു. അമ്മയുടെ വേർപാടിന്റെ ദുഃഖം മാറും മുമ്പ് അച്ഛനെയും നഷ്ടപ്പെട്ട ബാല്യം. ദാരിദ്രവും ഏകാന്തതയുമാണ് ബാല്യത്തിൽ വിഎസിലെ പോരാളിയെ പരുവപ്പെടുത്തിയത്. ആലപ്പുഴയിൽ ട്രേഡ് യൂണിയൻ പ്രവർത്തകനായിട്ട് ആരംഭിച്ച രാഷ്ട്രീയ ജീവിതം കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് പദം വരെ എത്തിനിൽക്കുന്നതായിരുന്നു.
Also Read: വിഎസ് ഇനി ജനമനസ്സുകളിൽ; ധീരസഖാക്കൾക്കൊപ്പം അന്ത്യവിശ്രമം
അഞ്ച് തവണ നിയമസഭാംഗമായ വിഎസ് എന്നും പ്രതിപക്ഷ നേതാവിന്റെ ധർമമാണ് കേരള രാഷ്ട്രീയത്തിൽ നടത്തികൊണ്ടേയിരുന്നത്. മൂന്ന് തവണ പ്രതിപക്ഷ നേതാവായ വിഎസ് ഏറ്റെടുത്ത ജനകീയ സമരങ്ങളെല്ലാം കേരളത്തിന്റെ ജൈവ-പാരിസ്ഥിതിക-രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചവയാണ്.
Also Read: വിളികേൾക്കാത്ത ദൈവങ്ങളെ ഇനി വിളിക്കുന്നില്ല; അന്ന് വിഎസ് തീരുമാനിച്ചു
പാർശ്വവത്കരിക്കപ്പെട്ടവർക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടി അദ്ദേഹം നിയമസഭയിലും പുറത്തും പോരാടി. സ്ത്രീകളുടെ അന്തസുയർത്തുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് അദ്ദേഹം മുൻപന്തിയിൽ നിന്നു. പ്ലാച്ചിമടയിലും പാലക്കാടും കുടിവെള്ള പോരാട്ടത്തിന് വേണ്ടിയുള്ള ജനകീയ സമരങ്ങൾക്ക് അദ്ദേഹം പുതിയ മാനങ്ങൾ പകർന്നുനൽകി. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ രാജ്യത്തിന് തന്നെ മാതൃക കാട്ടി. പരമോന്നതനീതി പീഠം വരെ പോയി അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം എല്ലാ രാഷ്ട്രീയ വിദ്യാർഥികൾക്കും ഒരുപാഠപുസ്തകമാണ്.
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോഴും തന്റെ ഉള്ളിലെ പ്രതിപക്ഷ നേതാവിനെ അദ്ദേഹം പരുവപ്പെടുത്തുകയായിരുന്നു. സ്വന്തം മന്ത്രിസഭാ തീരുമാനങ്ങളെപ്പോലും അദ്ദേഹം പലപ്പോഴും പൊളിച്ചെഴുതി. ജനപക്ഷത്ത് നിന്നുവേണം തീരുമാനം എടുക്കേണ്ടതെന്ന് തന്റെ ഭരണകാലത്ത് അദ്ദേഹം കാട്ടിതന്നു.
Also Read: വിഎസിന് ആദരമർപ്പിച്ച് ആയിരങ്ങൾ; ചിത്രങ്ങൾ
വനം കൊള്ളക്കാരോടും അനധികൃത കൈയ്യേറ്റക്കാരോടും ഭണത്തിലിരിക്കുമ്പോഴും സന്ധിയില്ലാതെ അദ്ദേഹം പോരാടി. അഴിമതിയോടും കെടുകാര്യസ്ഥതയോടും അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ കലഹിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
എല്ലാ പോരാട്ടങ്ങൾക്കും വിട നൽകി, ആറുപതിറ്റാണ്ട് നീണ്ടുനിന്ന തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വി.എസ്. എന്ന് ഇതിഹാസം വിടവാങ്ങുമ്പോൾ ബാക്കിവെയ്ക്കുന്നത് പോരാട്ടങ്ങളുടെ കെട്ടടങ്ങാത്ത ഒരായിരം മാതൃകകളാണ്. സാമൂഹിക പ്രശ്‌നങ്ങളിലും ജനകീയ പ്രശ്‌നങ്ങളിലും ഒരുനേതാവ് എങ്ങനെ ഇടപെടണമെന്നുള്ള വലിയ പാഠം വിഎസിന്റെ ജീവിതം കാലത്തിന് കാട്ടിതരുന്നു.
Read More വിഎസ്.; കേരള രാഷ്ട്രീയത്തിലെ' ഒറ്റയാൻ'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.