/indian-express-malayalam/media/media_files/2025/05/22/wLHFVSx7NTtKC7IEUBEn.jpg)
സന്ധ്യയുടെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ്
Kochi Murder Case: കൊച്ചി: മൂന്നു വയസുകാരിയായ മകളെ പുഴയിൽ എറിഞ്ഞു കൊന്നെന്ന് സമ്മതിച്ച് അമ്മ സന്ധ്യ. എന്തിന് കൊന്നുവെന്ന പൊലീസ് ചോദ്യത്തിന് 'ഞാൻ കൊന്നു'വെന്ന് ഭാവഭേദമില്ലാതെയായിരുന്നു സന്ധ്യയുടെ മറുപടി. സന്ധ്യയുടെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലുള്ള സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. നിലവിൽ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ് സന്ധ്യ.
സന്ധ്യയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. സന്ധ്യയും ഭർത്താവ് സുഭാഷും തമ്മിൽ വഴക്ക് പതിവാണെന്നും മർദിക്കാറുമുണ്ടെന്ന് സന്ധ്യയുടെ അമ്മ ആരോപിച്ചു. മകൾക്ക് മാനസിക പ്രശ്നമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഭർത്താവിന്റെ വീട്ടുകാർ കഴിഞ്ഞ മാസം ആവശ്യപ്പെട്ടു. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മകളെ സൈക്യാട്രിസ്റ്റിനെ കാണിക്കുകയും മാനസിക പ്രയാസങ്ങളില്ലെന്ന് ഉറപ്പാക്കിയെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ട് സന്ധ്യ വീട്ടിൽ വന്നിരുന്നു. ഒരു കൂസലും കാണിച്ചില്ല. കുട്ടി എവിടെയെന്ന് ചോദിച്ചപ്പോൾ എന്റെ കൈയ്യീന്ന് പോയെന്ന് പറഞ്ഞു. കൊച്ചെവിടെ എന്ന് ആവർത്തിച്ച് ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ലെന്നും അമ്മ പറഞ്ഞു.
- കല്യാണി ഭക്ഷണം കഴിക്കുന്നതുവരെ അമ്മ കാത്തിരുന്നു, പിന്നാലെ ഒക്കത്തെടുത്ത് കൊണ്ടുപോയി; നടുക്കം മാറാതെ അങ്കണവാടി ജീവനക്കാർ
- 'അങ്ങു വാനക്കോണില് മിന്നിനിന്നൊരമ്പിളി'; കണ്ണീരിലാഴ്ത്തി കല്യാണിയുടെ പാട്ട്
അതേസമയം, സന്ധ്യയ്ക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്ന് ഭർത്താവ് സുഭാഷ് പറഞ്ഞു. സന്ധ്യ മുൻപും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോർച്ച് കൊണ്ട് കുഞ്ഞിന്റെ തലയ്ക്ക് അടിച്ചു. ഇതോടെ സന്ധ്യയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. ഒരു മാസം മുൻപാണ് അമ്മയും സഹോദരിയും ചേർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് സന്ധ്യയെ തിരികെ വിട്ടത്. അമ്മയും സഹോദരിയും പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂവെന്നും ഭർത്താവ് ആരോപിച്ചു.
തിങ്കളാഴ്ച വൈകീട്ടാണ് കല്യാണിയെ കാണാതായത്. കുട്ടിയെ അമ്മ അങ്കണവാടിയിൽനിന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അമ്മയും കുഞ്ഞും ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം തുടങ്ങിയത്. രാത്രി 7 മണിയോടെ അമ്മ വീട്ടിൽ മടങ്ങി എത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല.
തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ മൂഴിക്കുളം പാലത്തിനു സമീപം കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണ് അമ്മ പറഞ്ഞത്. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞു കിടക്കുന്ന നിലയിൽ പുലർച്ചെ 2.20 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.