/indian-express-malayalam/media/media_files/ltFKddVnbisADdlTVueT.jpg)
കണ്ണൂർ: മതനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ടുകാരനായ സവാദ് 13 വർഷത്തിന് ശേഷം പിടിയിൽ. എൻഐഎ സംഘമാണ് കണ്ണൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. അധ്യാപകന്റെ കൈ മഴു ഉപയോഗിച്ച് വെട്ടിയത് സവാദ് ആയിരുന്നു. കഴിഞ്ഞ 13 വർഷമായി ഇയാൾ ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വ്യക്തിപരമായി ഈ സംഭവത്തെ കാണുന്നില്ലെന്നും, ഒരു പൗരനെന്ന നിലയിൽ നിയമവ്യവസ്ഥയിൽ പ്രതിയായ ഒരാൾ പിടിയിലായതിൽ സന്തോഷമുണ്ടെന്നും ടി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. "ഈ കേസിലെ മസ്തിഷ്ക്കങ്ങളിലേക്ക് കൂടി അന്വേഷണം എത്തേണ്ടതായിരുന്നു. അതിൽ നിരാശയുണ്ട്. ഈ കേസിൽ എന്ന കാര്യമായി മുറിപ്പെടുത്തിയത് ഈ വ്യക്തിയാണ്," ടി ജെ ജോസഫ് പറഞ്ഞു.
"ഞാന്‍ ചില ആളുകളുടെ പ്രാകൃതമായ വിശ്വാസങ്ങളുടെ പേരില്‍ ആക്രമിക്കപ്പെട്ടുവെന്നെയുള്ളു. അത് കഴിഞ്ഞു. എനിക്ക് ലഭിക്കാനുള്ള വേദനകളും ദുരിതങ്ങളുമെല്ലാം ലഭിച്ചു. അതിന്റെ പേരില്‍ മറ്റ് ആളുകളെ കഷ്ടപ്പെടുത്തുന്നതൊന്നും എനിക്ക് താല്‍പ്പര്യമുള്ള കാര്യമല്ല. എല്ലാ മനുഷ്യരും നല്ലതായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഭൂമിയാണിത്. ഈ ആധുനിക യുഗത്തിലും ഇത്തരം പ്രാകൃതമായ വിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നതിന്റെ കഷ്ടപ്പാടുകള്‍ നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു. അതില്‍ ഞാനും പെട്ടുപോയി," പ്രൊഫസര്‍ പറഞ്ഞു.
"ഈ ലോകത്ത് നിന്ന് ഇതുപോലുള്ള അന്ധവിശ്വാസങ്ങളൊക്കെ മാറി ആധുനികമായുള്ള ലോകം ഉണ്ടാകാന്‍ ആഗ്രഹിക്കുകയാണ്. ജാതീയ വിഭാഗീയതകളില്ലാത്ത ഒരു ലോകം, അതാണ് എന്റെ സ്വപ്നം. പരസ്പരം കൊല്ലാനോ കൊലവിളിക്കാനോ തയാറാകുന്ന മാനസികാവസ്ഥയില്‍ നിന്നൊക്കെ മാറി ചിന്തിക്കണം," അദ്ദേഹം പറഞ്ഞു.
നേരത്തെ, ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മൂന്ന് പേര്‍ക്ക് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ. ഒമ്പതാം പ്രതി നൗഷാദിനും പതിനൊന്നാം പ്രതി മൊയ്തീന്‍ കുഞ്ഞിനും പന്ത്രണ്ടാം പ്രതി അയൂബിനും മൂന്ന് വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു.
യുഎപിഎ തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. തടവുശിക്ഷയ്ക്ക് പുറമെ പ്രതികളെല്ലാം ചേർന്ന് അധ്യാപകന് നാല് ലക്ഷം രൂപ നൽകണമെന്നും കോടതി വിധിയില്‍ പറയുന്നു. നാലാം പ്രതി ഷഫീഖ്, ആറാം പ്രതി അസീസ്, ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതി സുബൈര്‍, മന്‍സൂര്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. തെളിവില്ലെന്നു കണ്ടാണ് ഇവരെ കുറ്റവിമുക്തരാക്കുന്നതെന്ന് കോടതി പറഞ്ഞു.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പിക്കല്‍, സ്ഫോടക വസ്തു നിയമം, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
2010 ജൂലൈ നാലിനാണ് ജോസഫിനെ വാനിലെത്തിയ ആറംഗ സംഘം ആക്രമിച്ചത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മലമാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണം. തൊടുപുഴ ന്യൂമാന്‍ കോളജിലെ ബികോം മലയാളം ഇന്റേണല്‍ പരീക്ഷക്ക് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്.
Read More
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
- ഹിൻഡൻബർഗ് കേസിൽ അദാനിക്ക് ആശ്വാസം; സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us