scorecardresearch

'ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു'; കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി കേരളം

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനും സംസ്ഥാനത്തിനുള്ള വിവിധ ഗ്രാന്റുകൾ തടഞ്ഞുവയ്ക്കാനുമുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനും സംസ്ഥാനത്തിനുള്ള വിവിധ ഗ്രാന്റുകൾ തടഞ്ഞുവയ്ക്കാനുമുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് പ്രമേയം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു

author-image
WebDesk
New Update
K N Balagopal

തിരവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റിൽ സംസ്ഥാനത്തെ പാടെ അവഗണിച്ചൂവെന്ന വിമർശനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി കേരള നിയമസഭ. ധനമന്ത്രി കെ. എൻ ബാലഗോപാലാണ് കേന്ദ്രത്തിനെതിരായ പ്രമേയം സഭയിൽ അവതരിപ്പിച്ചത്. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന സമീപമനാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് പ്രമേയം വിമർശിച്ചു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനും സംസ്ഥാനത്തിനുള്ള വിവിധ ഗ്രാന്റുകൾ തടഞ്ഞുവയ്ക്കാനുമുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം പ്രതിപക്ഷത്തിന്റെ അഭാവത്തിൽ നിയമസഭഏകകണ്ഠമായാണ് പാസാക്കിയത്.

Advertisment

നിയമസഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം 118 പ്രകാരമാണ് കെ എൻ ബാലഗോപാൽ പ്രമേയം അവതരിപ്പിച്ചത്. “കേന്ദ്ര സർക്കാരിന്റേയും ധനമന്ത്രാലയത്തിന്റേയും വിവിധ നടപടികൾ ഫെഡറലിസം എന്ന ആശയത്തെ ദുർബലപ്പെടുത്തുമെന്നതിൽ ഈ നിയമസഭയ്ക്ക് സംശയമില്ല. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ നൽകിയിരിക്കുന്ന യൂണിയൻ ലിസ്റ്റുകളുടെ മേൽ കേന്ദ്രസർക്കാരിന് ഉള്ളതുപോലെ സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനത്തിന് പരമാധികാരമുണ്ട്. സംസ്ഥാനങ്ങളോടുള്ള ജനാധിപത്യ വിരുദ്ധ സമീപനം കേന്ദ്രം ഉപേക്ഷിക്കണം,” പ്രമേയത്തിൽ പറഞ്ഞു.

സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ അധികാരങ്ങളിലേക്കും സാമ്പത്തിക അധികാരങ്ങളിലേക്കും അടുത്ത കാലത്തായി വൻതോതിലുള്ള കടന്നുകയറ്റം നടന്നിട്ടുണ്ടെന്നും അതിൽ പറയുന്നു. “കേന്ദ്ര ഗവൺമന്റിന്റെ ചില നടപടികൾ സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി നിക്ഷിപ്തമായ അധികാരങ്ങൾ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നതാണ്.  ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള ചെലവിന്റെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കുന്നത്, എന്നാൽ വരുമാനത്തിന്റെ വലിയൊരു പങ്ക് കേന്ദ്രത്തിനാണ്,” പ്രമേയം കൂട്ടിച്ചേർത്തു.

നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അടിയന്തിര പ്രമേയം അനുവദിക്കണമെന്ന ആവശ്യം സഭ തള്ളിയതോടെ പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരായ പ്രമേയം സഭയിൽ ധനമന്ത്രി അവതരിപ്പിച്ചത്. കേന്ദ്രത്തിനെതിരായ പ്രമേയത്തെ അനുകൂലിക്കാതെ സഭ വിട്ട പ്രതിപക്ഷത്തിന്റെ നിലപാടിനേയും പ്രമേയം അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ വിമർശിച്ചു. തുടർന്ന് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സ്പീക്കർ എ എൻ ഷംസീർ പ്രമേയം ഐകകണ്‌ഠേന പാസാക്കിയതായി പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രമേയാവതരണ വേളയിൽ സഭയിൽ ഉണ്ടായിരുന്നില്ല. 

Read More

Advertisment

Kerala Assembly K N Balagopal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: