/indian-express-malayalam/media/media_files/6OQiDtIocvBkYmCBsUF8.jpg)
അർജുൻ (ഇടത്), നാഗേഷ് (വലത്)
ഷിരൂരർ: അർജുന്റെ ലോറി ഷിരൂർ കുന്നിനു സമീപത്തെ ദേശീയപാതയിൽനിന്നു പുഴയിലേക്കു വീഴുന്നത് കണ്ടെന്ന് ദൃക്സാക്ഷി. പുഴയുടെ അരികിൽതന്നെ ലോറി ഉണ്ടാകാമെന്ന് ദൃക്സാക്ഷി നാഗേഷ് ഗൗഡ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. മരത്തടി കയറ്റിയ ഒരു ലോറി പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടു. പിന്നാലെയാണ് തടി കയറ്റിയ ഒരു ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടതെന്ന് നാഗേഷ് പറഞ്ഞു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഒൻപതാം ദിവസവും തുടരുന്നുണ്ട്. സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ആധുനിക ഉപകരണം ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്നു നടക്കുന്നത്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നാണ് സോണാർ സിഗ്നലും ലഭിച്ചത്.
ആകാശത്തുനിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമായ ഐബോഡ് ഇന്ന് തിരച്ചിലിനായി ഉപയോഗിക്കും. കര, നാവിക സേനകൾ ഒത്തുചേർന്നാണ് തിരച്ചിൽ നടത്തുന്നത്. വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥൻ എം.ഇന്ദ്രബാൽ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. അപകടത്തിൽപ്പെട്ട അർജുൻ അടക്കം മൂന്നുപേരെയാണ് കണ്ടെത്താനുള്ളത്.
ജൂലൈ 16 നാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി മണ്ണിടിച്ചിലിൽ പെട്ടത്. ദേശീയപാതയിലെ മണ്ണ് പൂർണമായി നീക്കിയിട്ടും അർജുനെ കണ്ടെത്താൻ കഴിഞ്ഞില്ല, തുടർന്നാണ് തിരച്ചിൽ പുഴയിലേക്ക് കൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽ നിന്ന് ചില സിഗ്നലുകൾ ലഭിച്ചതാണ് പുഴയിൽതന്നെ തിരച്ചിൽ തുടരാൻ രക്ഷാദൗത്യ സംഘം തീരുമാനിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.