/indian-express-malayalam/media/media_files/2025/10/22/lord-ayyappan-and-the-president-share-exclusive-pin-code-status-2025-10-22-16-55-34.jpg)
ശബരിമല അയ്യപ്പസന്നിധിയിൽ ദർശനം നടത്തിയിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപതി മുർമു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി അയ്യപ്പ ദർശനം പൂർത്തിയാക്കിയത്.
Also Read: ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി രാഷ്ട്രപതി; ശബരിമല ദർശനം പൂർത്തിയാക്കി
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനു പിന്നാലെ രസകരമായ ചില കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. "ഇന്ത്യയിൽ സ്വന്തമായിട്ട് പിൻകോഡുള്ള രണ്ടു വ്യക്തികൾ കണ്ടുമുട്ടുന്ന അപൂർവകാഴ്ചയാണിത്," എന്ന കമന്റോടെയാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സംഭവം സത്യമാണ് എന്നതാണ് വസ്തുത. ഇന്ത്യയിൽ സ്വന്തമായി പിൻ കോഡ് ഉള്ളത് രണ്ടേ രണ്ടുപേർക്ക് മാത്രമാണ്. ഒന്നാമത്തെയാൾ രാജ്യത്തെ പ്രഥമ പൗരനായ ഇന്ത്യൻ പ്രസിഡന്‍റിനും രണ്ടാമത്തേത് സാക്ഷാല്‍ ശബരിമല അയ്യപ്പനും. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിൻ കോഡ്. അതേസമയം, 110004 എന്നതാണ് ഇന്ത്യൻ പ്രസിഡന്‍റിന്റെ പിൻകോഡ്.
സ്വാമി അയ്യപ്പന്‍, സന്നിധാനം പി., 689713 എന്ന ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് 62- വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. 1963ല്‍ ആണ് സന്നിധാനം പോസ്റ്റ് ഓഫീസിന്റെ പിറവി. വര്‍ഷത്തില്‍ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിന്‍കോഡും തപാല്‍ ഓഫീസും സജീവമായിരിക്കുക. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. മണ്ഡല മകര വിളക്ക് കാലത്തു മാത്രമാണ് ഓഫീസിന്റെ പ്രവര്‍ത്തനം.
സന്നിധാനത്തെ തപാല്‍ഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകള്‍. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ തപാല്‍മുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാല്‍വകുപ്പ് ഇത്തരം വേറിട്ട തപാല്‍മുദ്രകള്‍ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാര്‍ത്തിയ കത്തുകള്‍ വീടുകളിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയയ്ക്കാന്‍ നിരവധി തീര്‍ത്ഥാടകരാണ് നിത്യവും സന്നിധാനം തപാല്‍ ഓഫീസിലെത്തുന്നത്. ഉല്‍സവകാലം കഴിഞ്ഞാല്‍ ഈ തപാല്‍മുദ്ര പത്തനംതിട്ട പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉല്‍സവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.
— IE malayalam (@IeMalayalam) November 19, 2022
ഈ തപാല്‍ഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓര്‍ഡറുകളിലുമുണ്ട് ഒരുപാട് കൗതുകങ്ങള്‍. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകള്‍ പങ്കുവച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകള്‍.
ഉദ്ദിഷ്ടകാര്യങ്ങള്‍ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓര്‍ഡറുകള്‍, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകള്‍ തുടങ്ങി ഒരുവര്‍ഷം വായിച്ചാല്‍ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഭക്തര്‍ അയയ്ക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് അയ്യപ്പമുദ്ര പതിഞ്ഞ കത്തുകളും മണിയോഡറുകളും അയക്കുന്നതിന് ദിനംപ്രതി നൂറു കണക്കിന് ഭക്തരും ഇവിടെ എത്തുന്നുണ്ട്.
ഈ കത്തുകള്‍ അയ്യപ്പന് മുന്നില്‍ സമര്‍പ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറുകയാണ് പതിവ്. മണിഓര്‍ഡറുകളുടെ കാര്യവും അങ്ങനെതന്നെ. ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/22/sabarimala-post-office-1-2025-10-22-16-49-13.jpg)
1963ല്‍ സന്നിധാനം പോസ്റ്റ് ഓഫീസ് നിലവില്‍ വന്നെങ്കിലും 1974 ലാണ് പതിനെട്ടാം പടിയും അയ്യപ്പവിഗ്രഹവും ഉള്‍പ്പെടുന്ന ലോഹ സീല്‍ പ്രാബല്യത്തില്‍ വന്നത്.
വിവിധ കമ്പനികളുടെ മൊബൈല്‍ ചാര്‍ജിങ്, മണി ഓര്‍ഡര്‍ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്‌മെന്റ് സംവിധാനം, പാഴ്സല്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളും സന്നിധാനം തപാല്‍ ഓഫീസില്‍ ലഭ്യമാണ്. പോസ്റ്റ്മാസ്റ്റര്‍ക്ക് പുറമെ ഒരു പോസ്റ്റുമാനും രണ്ട് മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫുമാണ് സന്നിധാനം തപാല്‍ ഓഫീസിലുള്ളത്.
Also Read: രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു; സുരക്ഷാ വീഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.