/indian-express-malayalam/media/media_files/2025/10/22/murmu-at-sab1-2025-10-22-13-36-44.jpg)
ശബരിമലയിൽ ദർശനം നടത്തി രാഷ്ട്രപതി (ഫൊട്ടൊ കടപ്പാട്: പിആർഡി)
പത്തനംതിട്ട: അയ്യപ്പസന്നിധിയിൽ ദർശനപുണ്യം നുകർന്ന് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് രാഷ്ട്രപതി ദ്രൗപതി മുർമു അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി സ്‌നാനത്തിന് ശേഷം ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് പുറപ്പെട്ടത്.
കനത്ത സുരക്ഷയിൽ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടർന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടർന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങി റോഡ് മാർഗം പമ്പയിലേക്ക് പോവുകയായിരുന്നു.
Also Read:പമ്പയിൽ നിന്ന് കെട്ടുനിറച്ച് രാഷ്ട്രപതി സന്നിധാനത്തേക്ക്
പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.
പൊലീസിൻറെ ഫോഴ്‌സ് ഗൂർഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു.രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.
Also Read:രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു; സുരക്ഷാ വീഴ്ച
ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങി ഉച്ചഭക്ഷണം കഴിക്കുന്ന രാഷ്ട്രപതി, വൈകിട്ട് 3 മണിയോടെ പമ്പയിലേക്ക് മടങ്ങും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലെത്തി വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Also Read:രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ
ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി, രാജ്ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 23ന് രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണന്റെ അർധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. കേരളത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ ആദരിക്കുന്ന ഈ ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി സമ്മേളനത്തിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും.
വൈകിട്ട് 4.15ന് പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യും. ശേഷം രാത്രി കുമരകം താജ് റിസോർട്ടിൽ രാഷ്ട്രപതി വിശ്രമിക്കും. ഒക്ടോബർ 24ന് കൊച്ചിയിലെ സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. ഈ ചടങ്ങുകൾക്ക് ശേഷം ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് 1.20ന് കൊച്ചി നേവൽ ബേസിൽ നിന്നും ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും. ഇവിടെ നിന്ന് വൈകിട്ട് 4.05ന് ഡൽഹിയിലേക്ക് മടങ്ങുന്നതോടെ രാഷ്ട്രപതിയുടെ നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാകും.
Read More:ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ആർക്കോ വേണ്ടി പ്രവർത്തിച്ചു; നിർണായക മിനുട്ട്‌സ് എസ്‌ഐടി പിടിച്ചെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.