/indian-express-malayalam/media/media_files/2025/10/22/heli-coptesr-2025-10-22-11-20-21.jpg)
കോൺക്രീറ്റിൽ താഴ്്ന്ന രാഷ്ട്രപതി വന്ന ഹെലികോപ്റ്റർ തള്ളിനീക്കാൻ ശ്രമിക്കുന്ന പോലീസും ഫയർഫോഴ്‌സും (വീഡിയോ ദൃശ്യം)
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല യാത്രയിൽ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു.
Also Read:ദ്രൗപദി മുർമു ഇന്ന് ശബരിമലയിൽ; സന്നിധാനത്ത് എത്തുന്ന ആദ്യ രാഷ്ട്രപതി
രാഷ്ട്രപതി ദ്രൗപദി മുർമു സുരക്ഷിതമായി താഴെ ഇറങ്ങിയിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. ഇന്നു രാവിലെയാണ് കോൺക്രീറ്റ് ഇട്ടിരുന്നത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് രാഷ്ട്രപതിയുടെ യാത്രാ പദ്ധതിയിൽ മാറ്റം വരുത്തിയത്. ഇതനുസരിച്ചാണ് പ്രമാടത്ത് അടിയന്തരമായി ഹെലിപ്പാഡ് ഒരുക്കിയത്.
Also Read:രാഷ്ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരത്ത് മൂന്ന് ദിവസം ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ
രാവിലെ 8.30 ഓടെയാണ് രാഷ്ട്രപതി കയറിയ ഹെലികോപ്റ്റർ പ്രമാടത്ത് ഇറങ്ങിയത്. നേരത്തെ 10. 20 ന് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നിലയ്ക്കലിലെ കാലാവസ്ഥ പരിഗണിച്ച് പ്രമാടത്ത് ഇറക്കാൻ വൈകീട്ടാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം ഇന്നലെ വൈകീട്ടും ഇന്നു പുലർച്ചെയുമായി മൂന്ന് ഹെലിപ്പാഡുകൾ സജ്ജമാക്കുകയായിരുന്നു. ഇതിൽ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററാണ് താണുപോയത്.
പ്രമാടത്ത് മന്ത്രി വി എൻ വാസവൻ, ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാർ എംഎൽഎ, ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ, പൊലീസ് സൂപ്രണ്ട് തുടങ്ങിയവർ പ്രമാടത്ത് ഇറങ്ങിയെ രാഷ്ട്രപതിയെ സ്വീകരിച്ചു. പ്രമാടത്തു നിന്നും റോഡ് മാർഗം രാഷ്ട്രപതി പമ്പയിലെത്തും.
പമ്പാനദിയിൽ കൈകാലുകൾ കഴുകിയശേഷം പമ്പ ഗണപതി കോവിലിൽ ദർശനം നടത്തും. തുടർന്ന് കെട്ടു നിറച്ച് ഇരുമുടിയുമായി പ്രത്യേക ഗൂർഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തുക. രാവിലെ 11. 50 ന് രാഷ്ട്രപതിയെ സന്നിധാനത്ത് തന്ത്രി സ്വീകരിക്കും.
സുരക്ഷാ വീഴ്ചയില്ലെന്ന് ഡിജിപി
ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു പോയ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നതില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. നിശ്ചയിച്ചതില്‍ നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തേക്ക് പിന്നീട് തള്ളിമാറ്റികയാണ് ചെയ്തത്. അതില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.
ഹെലിപാഡ് നിര്‍മ്മാണത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് വകുപ്പും രംഗത്തെത്തി. പ്രമാടം ഗ്രൗണ്ടില്‍ ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണങ്ങളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നത്. എയര്‍ഫോഴ്‌സ് ജീവനക്കാര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് ഹെലിപ്പാഡ് തയ്യാറാക്കിയത്. എയര്‍ഫോഴ്‌സ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ തന്നെയാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
Read More:ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്നിടത്ത് റെഡ് അലർട്ട്, നാല് ജില്ലകളിൽ അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.