/indian-express-malayalam/media/media_files/uploads/2017/04/railway-track-759.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയിൽ നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിക്കും.
ആദ്യഘട്ടത്തിൽ അങ്കമാലി-എരുമേലി-നിലക്കൽ പാത പൂർത്തീകരിക്കും. നിർമാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സർക്കാർ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബജറ്റിലെ നിർദ്ദേശമാണ്. ഈ പദ്ധതിയ്ക്കായി എട്ട് കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റർ പാതയുടെ നിർമാണം വളരെ മുമ്പുത്തന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമാണം വിഭാവനം ചെയ്തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2019ലെ റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തിരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവച്ചു.
ശബരി പദ്ധതിയുടെ 50ശതമാനം തുക സർക്കാർ വഹിക്കണമെന്ന് റെയിൽവേ ആവശ്യപ്പെട്ടു. പൂർണമായും റെയിൽവേ ഫണ്ടിൽ തുടങ്ങിയ പദ്ധതിയാണെങ്കിലും 2,815 കോടി രൂപ ചിലവ് കണക്കാക്കിയ പദ്ധതിയുടെ 50ശതമാനം ചിലവ് കിഫ്ബി വഴി വഹിക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിർമാണ ചെലവ് 3,800.93 കോടി രൂപയായി വർധിച്ചു. റെയിൽവേ ബോർഡിന്റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിനനുസൃതമായി 50ശതമാനം തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സർക്കാർ നൽകിയെങ്കിലും പദ്ധതി റെയിൽവേ പുനരുജ്ജീവിപ്പിച്ചിട്ടില്ല.
കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയിൽ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂർ-പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയിൽ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എറണാകുളം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, ഇടുക്കി കലക്ടർ വി വിഗ്നേശ്വരി കോട്ടയം കലക്ടർ ജോൺ വി സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
Read More
- നിർമാതാക്കളുടെ സംഘടനയിൽനിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ
- മുല്ലപ്പെരിയാർ; ജലനിരപ്പുയർത്തുമെന്ന് തമിഴ്നാട്: അനുവദിക്കില്ലെന്ന്കേരളം
- ബാലഭാസ്കറിന് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് സിബിഐ
- തോമസ് കെ.തോമസിനെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ട; നിലപാട് കടുപ്പിച്ച് നേതാക്കൾ
- ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകവേ കാട്ടാന ആക്രമിച്ചു, യുവാവിന് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.