/indian-express-malayalam/media/media_files/uploads/2018/08/Mullaperiyar-Dam-2.jpg)
മുല്ലപ്പെരിയാറിലെ ജലനിരപ്പുയർത്തുമെന്ന് തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് തമിഴ്‌നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസാമി. തമിഴ്‌നാടിന്റെ സ്വപ്നം ഡിഎംകെ സർക്കാർ യാഥാർത്ഥ്യമാക്കുമെന്നും പെരിയസാമി പറഞ്ഞു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 10 വർഷമായി 142 അടിയിൽ തുടരുകയല്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് മറുപടി. തേനിയിൽ മഴക്കെടുതി വിലയിരുത്തിയ ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം. മുല്ലപ്പെരിയാർ അറ്റുകുറ്റപ്പണികൾക്കെന്ന പേരിൽ അനുമതിയില്ലാതെ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് കൊണ്ടുവന്ന സാധനങ്ങൾ കഴിഞ്ഞ ആഴ്ച വള്ളക്കടവ് ചെക്ക് പോസ്റ്റിൽ കേരളാ വനംവകുപ്പ് തടഞ്ഞിരുന്നു. ഇതിൽ തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ രംഗത്തെത്തിയത്തോടെയാണ് സ്റ്റാലിന്റെ പ്രതികരണം ഉണ്ടായത്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാടിൻറെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് ജലവിഭവ ശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസിൽ എന്ത് അടിസ്ഥാനത്തിലാണ് തമിഴ്‌നാട് ജലനിരപ്പ് ഉയർത്തുമെന്ന രീതിയിലുളള പ്രതികരണം നടത്തുന്നതെന്നതിൽ വ്യക്തതയില്ല. 142 അടിയിൽ ജലനിരപ്പ് ക്രമീകരിക്കാനുള്ള സാഹചര്യമാണ് മുല്ലപ്പെരിയാറിൽ നിലവിലുള്ളത്. പാട്ടക്കരാറിന് പുറത്തുള്ള ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അതിനുള്ള ഒരുതരത്തിലുള്ള ആലോചന പോലുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.