/indian-express-malayalam/media/media_files/2025/01/07/ktkei9MTi2fw3SNElzve.jpg)
പി.വി. അൻവർ
Nilambur By-Election: നിലമ്പൂർ : നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന് ഉറപ്പായി. നാളെ അൻവർ നാമനിർദേശ പത്രിക നൽകും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്നവും ടി.എം.സി അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവറിന് താല്പര്യം. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
മത്സരിക്കാനായി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കാറ്റ് പി.വി. അൻവർ വാങ്ങി. മുൻ എംഎൽഎ വീണ്ടും മത്സരിക്കാൻ സമർപ്പിക്കേണ്ട രേഖയാണിത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂൽ കോൺഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും.
Also Read: പ്രചാരണ ചൂടിൽ മുന്നണികൾ; മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ, അൻവറിനെ അനുനയിപ്പിക്കാൻ യു.ഡി.എഫ്
അതേസമയം, പി.വി അൻവറിനെ അനുനയിപ്പിക്കാൻ നീക്കം തുടർന്ന് കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പി.വി. അൻവറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുൽ ഒതായിയിലെ വീട്ടിലെത്തിയത്. യു.ഡി.എഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുലിന്റെ കൂടിക്കാഴ്ച.
വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അൻവർ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് വൈകിട്ടായോടെ നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അൻവർ വൈകിട്ടായതോടെ മത്സരിക്കാൻ ആലോചിക്കുന്നതായി അറിയിച്ചു. യു.ഡി.എഫ്. ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു: എം.സ്വരാജ് നിലമ്പൂരിലെത്തി
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫും സജീവമായി.എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും. വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
സർക്കാരിനെതിരെ യുഡിഎഫ് രാഷ്ട്രീയ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഇടതുപ്രചാരണം നയിക്കാൻ മുഖ്യമന്ത്രിയെത്തുന്നത്. പി.വി. അൻവർ അടക്കം ഉയർത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകുമോയെന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.