/indian-express-malayalam/media/media_files/2025/10/23/president-at-varkala-2025-10-23-17-41-05.jpg)
ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തപ്പോൾ
തിരുവനന്തപുരം: ശ്രീ നാരായണ ഗുരുവിൻറെ 100-ാം മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു വർക്കല ശിവഗിരി മഠത്തിൽ തിരി തെളിച്ചു. ശ്രീ നാരായണ ഗുരുവിനെ ഇന്ത്യ കണ്ട മഹാനായ ആത്മീയ നേതാക്കളിലൊരാളും സാമൂഹിക പരിഷ്‌കർത്താവുമാണെന്ന് രാഷ്ട്രപതി. 'നമ്മുടെ രാജ്യത്തിൻറെ സാമൂഹികവും ആത്മീയവുമായ ഭൂപ്രകൃതിയെ സ്വാധീനിച്ച സന്യാസിയും തത്ത്വചിന്തകനുമാണ് ഗുരു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ സമത്വം, ഐക്യം, മാനവിക സ്‌നേഹം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കാൻ തലമുറകളെ പ്രചോദിപ്പിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഇന്ത്യൻ നവോത്ഥാനത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയായ ഗുരു, ജനങ്ങളെ അജ്ഞതയുടെയും അന്ധവിശ്വാസത്തിൻറെയും അന്ധകാരത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ്. എല്ലാ ജീവജാലങ്ങളിലും ദൈവത്തിന്റെ ദിവ്യസാന്നിധ്യം കണ്ട അദ്ദേഹം വിശ്വപ്രസിദ്ധമായ 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യവർഗത്തിന്' എന്ന സന്ദേശം പ്രചരിപ്പിച്ചു.
മതം, ജാതി, വർഗം എന്നിവയുടെ അതിരുകൾക്കപ്പുറം അറിവിലൂടെയും കാരുണ്യത്തിലൂടെയും മാത്രമേ യഥാർത്ഥ മോചനം സാധ്യമാകൂ എന്നും ഗുരു പഠിപ്പിച്ചു. ആത്മശുദ്ധീകരണം, ലാളിത്യം, സാർവത്രിക സ്‌നേഹം എന്നിവയ്ക്ക് ഗുരു എന്നും ഊന്നൽ നൽകിയിരുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
Also Read:ഇരുമുടിക്കെട്ടുമേന്തി പതിനെട്ടാം പടി ചവിട്ടി രാഷ്ട്രപതി; ശബരിമല ദർശനം പൂർത്തിയാക്കി
അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസം, സ്വാശ്രയത്വം, ധാർമ്മിക മൂല്യങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളായി വർത്തിക്കാൻ ഗുരു സ്ഥാപിച്ച ക്ഷേത്രങ്ങളും സ്‌കൂളുകളും സാമൂഹിക സ്ഥാപനങ്ങളും ഏറെ പ്രധാന്യമർഹിക്കുന്നതാണ്. മലയാളം, സംസ്‌കൃതം, തമിഴ് ഭാഷകളിലുള്ള അദ്ദേഹത്തിന്റെ വചനങ്ങൾ ആഴത്തിലുള്ള ദാർശനിക തത്ത്വങ്ങളും ലളിതമായ പ്രസക്തിയും ചേർന്ന് ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണ്.
ഇന്നത്തെ ലോകത്തിൽ, ഐക്യം, സമത്വം, പരസ്പര ബഹുമാനം എന്നിവയ്ക്കായുള്ള ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം അതീവ പ്രസക്തമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. 'എല്ലാ മനുഷ്യരും ഒരേ ദിവ്യ സത്ത പങ്കിടുന്നവരാണെന്ന് ഓർമ്മിപ്പിക്കുന്ന ഗുരുവിന്റെ സന്ദേശം സമൂഹത്തിലെ സംഘർഷങ്ങൾക്ക് കാലാതീതമായ പരിഹാരം നൽകുന്നെന്നും രാഷ്ട്രപതി പറഞ്ഞു.
Also Read:രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നു; സുരക്ഷാ വീഴ്ച
അതേസമയം, ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുൻ രാഷ്ട്രപതി കെ ആർ നാരായണൻറെ അർദ്ധകായപ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Read More:കൊച്ചിയിൽ കലാസൃഷ്ടികൾക്ക് നേരെയുള്ള ആക്രമണം; പ്രതിഷേധം ശക്തം, നിയമനടപടിയുമായി ലളിതകലാ അക്കാദമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us