scorecardresearch

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; നിലവിൽ ചികിത്സയിലുള്ളത് 71 പേർ

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. ഈ വർഷം 19 മരണങ്ങളുണ്ടായതിൽ ഒൻപതെണ്ണം റിപ്പോർട്ട് ചെയ്തത് സെപ്റ്റംബറിലാണ്

കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. ഈ വർഷം 19 മരണങ്ങളുണ്ടായതിൽ ഒൻപതെണ്ണം റിപ്പോർട്ട് ചെയ്തത് സെപ്റ്റംബറിലാണ്

author-image
WebDesk
New Update
amobeic11

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി.

Advertisment

ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മൊത്തം അമീബിക് മത്സിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലുള്ളത് 71 പേരാണ്. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. ഈ വർഷം 19 മരണങ്ങളുണ്ടായതിൽ ഒൻപതെണ്ണം റിപ്പോർട്ട് ചെയ്തത് സെപ്റ്റംബറിലാണ്. രോഗവ്യാപനം കൂടുന്നതിനിടെയും രോഗത്തിന്റെ യഥാർഥ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ്.

Also Read:ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്‌ക ജ്വരം; അറിയണം മുൻകരുതലുകൾ

നെഗ്ലേറിയ ഫൗളറി, അക്കാന്ത അമീബിയ, ബാലമുത്തിയ വെർമമീബ തുടങ്ങിയ അമീബ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവാ അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. ശുദ്ധജലത്തിലും ഈ അമീബകളുടെ സാന്നിധ്യമുണ്ടാകാം. അതുകൊണ്ട് തന്നെ സ്വിമ്മിങ് പൂളുകൾ, കുളങ്ങൾ, കിണറുകൾ തുടങ്ങിയ ജലാശയങ്ങളിൽ നിന്നും രോഗം പകരാൻ സാധ്യതയുണ്ട്.

ഡൈവിങ് പോലെയുള്ള സാഹചര്യങ്ങളിൽ മൂക്കിലൂടെ വെള്ളം ഉള്ളിൽ കടന്നാൽ രോഗമുണ്ടാകാം. കോളിഫോം ബാക്ടീരിയയെയാണ് അമീബ ആഹാരമാക്കുന്നത്. അതിനാൽ, കോളിഫോം ബാക്ടീരിയ കൂടുതലുള്ളിടത്ത് അമീബയുടെ സാന്നിധ്യവും കൂടുതലായി കാണാൻ സാധ്യതയുണ്ട്. കിണറുകളും ജലാശയങ്ങളും ക്ലോറിനേറ്റ് ചെയ്യുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധ മാർഗം.

Advertisment

Also Read:അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

അതേസമയം, അമീബിക് മസ്തിഷ്‌കജ്വരത്തിൽ അമിത ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോകത്ത് 40 ശതമാനം വരെയാണ് ഈ രോഗം കണ്ടുപിടിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് 70 ശതമാനം വരെയാണെന്നും, കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതിനാലാണ് രോഗസ്ഥിരീകരണ നിരക്ക് കൂടുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

രോഗത്തിനു കാരണമായ അമീബകളെയും രോഗത്തിന്റെ അപകടഘടകങ്ങളെയും കുറിച്ച് പഠനം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജിയുമായും (എൻഐഇ) ആരോഗ്യ മേഖലയിൽ ഗവേഷണം നടത്തുന്ന മറ്റ് സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പഠനം. രോഗബാധിതരെയും അല്ലാത്തവരെയും പഠനവിധേയമാക്കി കൂടുതൽ വിവരങ്ങൾ ശേഖരിക്കും.

Also Read:അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി ചേർന്ന് അമീബയുടെ ജനിതക ഘടകങ്ങളെ വേർതിരിച്ച് പഠിക്കാനും ആലോചിക്കുന്നുണ്ട്. ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച്, പുതുച്ചേരി എവിഎം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായും സഹകരിച്ച് പഠനം നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Read More: ശബരിമലയുടെ ചരിത്രത്തിനും മുൻപേ ഒഴുകിയ പമ്പ; അഴിമുഖ നഗരം, ഭക്തി പ്രസ്ഥാനങ്ങൾ വേരുറപ്പിച്ച തീരം

Kerala Health Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: