scorecardresearch

'അഗസ്ത്യമല മുളവാലൻ'; തുമ്പി ലോകത്തെ പുതിയ അതിഥി

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഗവേഷകർ ഈ തുമ്പിയെ കണ്ടെത്തുന്നത്

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഗവേഷകർ ഈ തുമ്പിയെ കണ്ടെത്തുന്നത്

author-image
Lijo T George
New Update
Mulayan Thumbi

അഗസ്ത്യമല മുളവാലൻ (ഫൊട്ടൊ: വിവേക് ചന്ദ്രൻ)

കൊച്ചി: പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമലയിൽ നിന്ന് പുതിയൊരു  സൂചി തുമ്പിയെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷക ലോകം. നീണ്ട് മുളം തണ്ട് പോലെ ഉദരം ഉള്ളതിനാൽ മുളവാലന്മാർ എന്ന വിഭാഗത്തിൽ അറിയപ്പെടുന്ന ഈ തുമ്പികൾക്ക് അഗസ്ത്യമലയോട് ചേർന്ന പ്രദേശത്ത് നിന്ന് കണ്ടെത്തിയതിനാൽ അഗസ്ത്യമല മുളവാലൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. മെലാനോനൂറാ അഗസ്ത്യമലാസിയ (Melanoneura Agasthyamalaica) എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. 

Advertisment

Mulayan Thumbi

വയനാടൻ കാടുകളിൽ കാണപ്പെടുന്ന വടക്കൻ മുളവാലൻ (Melanoneura Bilineata) ആണ് ഈ ജനുസ്സിൽ ഉള്ള ഏക തുമ്പി എന്നാണ് ശാസ്ത്രലോകം ഈ കണ്ടെത്തലിന് മുൻപ് വരെ കരുതിയിരുന്നത്. 

സവിശേഷതകൾ

ആര്യനാട് പഞ്ചായത്തിലെ മഞ്ചാടിനിന്നവിള എന്ന ഗ്രാമത്തിൽ നിന്നാണ് ഗവേഷകർ ഈ തുമ്പിയെ കണ്ടെത്തുന്നത്. നീണ്ട് മെലിഞ്ഞ  ഈ തുമ്പിയുടെ കറുത്ത ശരീരത്തിൽ നീല കുറികളും പൊട്ടുകളും കാണാം. പിൻകഴുത്തിന്റെയും ചെറുവാലുകളുടെയും ആകൃതിയാണ് ഈ തുമ്പിയെ മലബാർ മുളവാലനിൽ നിന്നും വ്യത്യസ്തമാക്കുന്നത്. "വിശദപഠനത്തിൽ ഇവയുടെ ജനിതകഘടനയിലും ജനനേന്ദ്രിയത്തിന്റെ ആകൃതിയിലും വ്യത്യാസമുണ്ടെന്ന് തെളിഞ്ഞു," ഗവേഷക സംഘത്തിലെ അംഗം ഡോ. സുബിൻ കെ. ജോസ് പറഞ്ഞു.

Advertisment

Mulayan Thumbi

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷക വിദ്യാർഥി വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ ജോസ്, സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ് അംഗം റെജി ചന്ദ്രൻ, പൂനെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ. പങ്കജ് ഖൊപാർഡേ, അരാജുഷ് പയ്ര എന്നിവരാണ് ഗവേഷകസംഘത്തിൽ ഉണ്ടായിരുന്നത്.

Mulayan Thumbi

പേപ്പാറ വന്യജീവി സാങ്കേതത്തിനോട് ചേർന്നുള്ള പൊന്മുടി, ബോണക്കാട് എന്നീ സ്ഥലങ്ങളിൽ നിന്നും പുതിയിനം തുമ്പിയുടെ കുടുതൽ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് വിവേക് ചന്ദ്രൻ പറഞ്ഞു.

"സംരക്ഷിത വനപ്രദേശങ്ങൾക്ക് പുറമെയുള്ള ആവാസവ്യവസ്ഥകളും ജൈവവൈവിധ്യ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നു എന്നാണ് ഈ കണ്ടെത്തലിലൂടെ സ്പഷ്ടമായിരിക്കുന്നത്" വിവേക് ചന്ദ്രൻ പറഞ്ഞു. അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്റർനാഷണൽ ജേർണൽ ഓഫ് ഒഡോണേറ്റോളജിയുടെ ഒക്ടോബർ എട്ടിനിറങ്ങിയ ലക്കത്തിൽ ഇവരുടെ  പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

"നേരത്തെ, പൊന്മുടിയിൽ നിന്ന് പാറമുത്തൻ മുളവാലൻ എന്നൊരിനം തുമ്പിയെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ട പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്,"  റെജി ചന്ദ്രൻ പറഞ്ഞു

തുമ്പികൾ പ്രകൃതിയുടെ മാറ്റം അറിയുന്നവർ

ഓരോ ദേശത്തിനുമുണ്ടാകുന്ന മാറ്റം ആദ്യം പ്രകടമാകുന്ന ജീവിവർഗമാണ് തുമ്പികൾ. കാലാവസ്ഥാ വ്യതിയാനത്തിൻറെ ആദ്യ സ്പന്ദനങ്ങൾ ഏറ്റു വാങ്ങുന്നവരാണ് എന്നതിനാൽ ജൈവലോകത്ത് ഏറെ പ്രാധാന്യമർഹിക്കുന്ന ജീവിവർഗം  കൂടിയാണ് തുമ്പികൾ. ഓരോ ദേശത്തും തുമ്പികളുടെ വൈവിദ്ധ്യം ഏറെയാണ്. 

Mulayan Thumbi

ശുദ്ധജലത്തിലോ മലിനജലത്തിലോ മാത്രം സജീവമാകുന്ന തുമ്പികൾ, അവയുടെ ഇനവും തരവും തിരിച്ചാൽ ആ ദേശത്തിൻറെ ആവാസവ്യവസ്ഥയുടെ ആരോഗ്യം വരെ കണക്ക് കൂട്ടാം എന്നിടത്താണ്, അവ ജൈവവൈവിധ്യത്തിലെ ഏറെ ശ്രദ്ധവേണ്ട ജീവിവർഗമായി തീരുന്നതെന്നും ഗവേഷകർ പറയുന്നു. 

തരിശ് നിലം എന്നൊരവസ്ഥയില്ലെന്നും ഓരോ പ്രദേശവും അതാത് ആവാസ വ്യവസ്ഥകളിൽ അവയുടെതായ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നുമുണ്ടെന്ന് പുതിയ പഠനങ്ങൾ പറയുന്നു.അത്തരമൊരു കാലത്ത്, സംരക്ഷിത വനപ്രദേശങ്ങൾക്ക് പുറമെയുള്ള ആവാസവ്യവസ്ഥകളും ജൈവവൈവിധ്യ സംരക്ഷണത്തിൽ വലിയ പങ്ക് വഹിക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. 

Read More

Nature Science

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: