/indian-express-malayalam/media/media_files/Z93YDs5I5d2yTxxv4e2V.jpg)
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി
തിരുവനന്തപുരം: കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ ആരോപണത്തിൽ കടുത്ത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരത്തിൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്ന ശിവകുമാറിന് ഭ്രാന്താണെന്നും പ്രസ്താവനയിലൂടെ സാംസ്ക്കാരിക കേരളത്തെ അപമാനിക്കുകയാണ് കർണ്ണാടക ഉപമുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്നും ഗോവിന്ദൻ തുറന്നടിച്ചു.
രാജ്യത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രം. അതിന് സമീപം ഇത്തരത്തിലുള്ള ഒരു സംഭവം നടന്നു എന്ന് പറയുന്നത് തീർത്തും അസംബന്ധമാണ്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അത്തരം മന്ത്രവാദ പൂജകൾ നടക്കുന്ന ഇടമല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. നേരത്തെ ശിവകുമാറിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് സംസ്ഥാന ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു.
മാധ്യമങ്ങൾ ചില വിഷയങ്ങളിൽ കള്ളം പറഞ്ഞാൽ അതിനെ സിപിഎം ആശയപരമായാവും നേരിടുകയെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. എക്സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും വീണാ വിജയനും പൂർണ പിന്തുണയാണ് നൽകുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിച്ചു പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് തന്നെയാണ് പാട്ടിയുടെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണ്ണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ മൃഗബലി ഉൾപ്പെടെയുള്ള ദുർമന്ത്രവാദം നടത്തിയെന്നായിരുന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം. കോൺഗ്രസ് സർക്കാരിന് പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമുള്ള കരുനീക്കങ്ങൾക്ക് രാഷ്ട്രീയ ശത്രുക്കൾ ദുർമന്ത്രവാദത്തെ കൂട്ടുപിടിച്ചതായി വിവരം ലഭിച്ചെന്നും കർണാടക പിസിസി അധ്യക്ഷൻ കൂടിയായ ശിവകുമാർ ആരോപിച്ചിരുന്നു.
Read More
- 'കർണ്ണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിൽ ശത്രു ഭൈരവി യാഗവും പഞ്ചബലിയും നടത്തി'
- സംസ്ഥാനത്ത് കാലവർഷമെത്തി; തിങ്കളാഴ്ച്ച വരെ വ്യാപക മഴ
- വീണാ വിജയന്റെ കമ്പനിക്ക് വിദേശ അക്കൗണ്ട്; ലാവ്ലിനും പിഡബ്ല്യുസിയും കോടികൾ നിക്ഷേപിച്ചു: ഷോൺ ജോർജ്
- കേരളത്തിൽ മഴ കനക്കുന്നു; കാലവർഷം സാധാരണയേക്കാൾ ശക്തമാകുമെന്ന് കാലവസ്ഥ റിപ്പോർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us