scorecardresearch

Kerala News Highlights: എറണാകുളത്തും കോട്ടയത്തും പെരുമഴ; നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി

Kerala Rain Updates: രാവിലെ മുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായി മഴ തുടരുകയാണ്. കോട്ടയം എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Kerala Rain Updates: രാവിലെ മുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായി മഴ തുടരുകയാണ്. കോട്ടയം എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Rains | Fort Kochi

കനത്ത കാറ്റിലും മഴയിലും ഫോർട്ട് കൊച്ചിയിൽ മരം കെഎസ്ആർടിസി ബസിന് മുകളിലേക്ക് മറിഞ്ഞു വീണു (ചിത്രം: വികാസ് രാംദാസ്)

Kerala Rain Highlights: തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ മുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ശക്തമായി മഴ തുടരുകയാണ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജൂണിൽ സാധാരണയേക്കാൾ കൂടുതൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രണ്ടാംഘട്ട മൺസൂൺ പ്രവചനം. മെയ് 31 മുതൽ കേരളത്തിൽ കാലവർഷം എത്തും. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇന്ത്യയൊട്ടാകെ 106 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കൊച്ചിയിൽ രാവിലെ മുതൽ തുടങ്ങിയ മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. കാക്കനാട് ഇൻഫോ പാർക്ക് ഉൾപ്പെടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. മരോട്ടിച്ചുവട്, തമ്മനം, കാക്കനാട്, ഇടപ്പള്ളി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.

വെള്ളക്കെട്ടിൽ വൈറ്റില, കലൂർ, തൃപ്പൂണിത്തുറ, കടവന്ത്ര, കളമശ്ശേരി എന്നിവിടങ്ങളിലെ പ്രധാന റോഡുകളിലും സഹോദരൻ അയ്യപ്പൻ റോഡ്, പാലാരിവട്ടം-കാക്കനാട്, ആലുവ-ഇടപ്പള്ളി റോഡുകളിലും ചൊവ്വാഴ്ച രാവിലെ ഗതാഗതം സ്തംഭിച്ചു.

ഭക്ഷ്യവിഷബാധ; കുഴിമന്തി കഴിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Advertisment

Food poison

തൃശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബയാണ് (56) മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. ശനിയാഴ്ച രാത്രി, പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലില്‍ നിന്നും പാര്‍സല്‍ വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 170-ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും, ആരോഗ്യവകുപ്പും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തുകയും, ഹോട്ടൽ അടപ്പിക്കുകയും ചെയ്തിരുന്നു.

  • May 28, 2024 20:22 IST

    സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

    സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. സംസ്ഥാനത്താകെ 895 എച്ച്.ടി പോസ്റ്റുകളും 6230 എല്‍.ടി പോസ്റ്റുകളും തകര്‍ന്നു.

    മരങ്ങളും മരച്ചില്ലകളും വീണതിനെ തുടര്‍ന്ന് 6230 ഇടങ്ങളില്‍ എല്‍.ടി ലൈനുകളും 895 ഇടങ്ങളില്‍ എച്ച്.ടി ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍‍സ്ഫോര്‍‍മറുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെഎസ്ഇബി ജീവനക്കാര്‍ സത്വരമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.



  • May 28, 2024 19:32 IST

    ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കണ്ടുകെട്ടിയത് 9000 കോടിയുടെ വസ്തുവകകൾ

    ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കണ്ടുകെട്ടിയത് ഏകദേശം 9000 കോടി മൂല്യമുള്ള പണവും മറ്റു വസ്തുക്കളുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പണം, മയക്കുമരുന്ന്, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങൾ, വോട്ടർമാർക്ക് സൗജന്യമായി നല്കാനിരുന്ന വസ്തുക്കൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മാർച്ച് 1 മുതൽ മെയ് 18 വരെയുള്ള സമയത്താണ് 8,889 കോടി രൂപ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തത്. ഇതിൽ 45 % ലഹരി വസ്തുക്കളാണ്



  • May 28, 2024 19:15 IST

    സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

    മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.



  • May 28, 2024 18:10 IST

    ജൂൺ 1 വരെ മഴ കനക്കും; ഇടിമിന്നൽ ജാഗ്രതാ നിർദേശം

    2024 മെയ് 28 മുതൽ ജൂൺ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



  • May 28, 2024 17:40 IST

    വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും രാത്രികാല യാത്രയും നിരോധിച്ചു

    കോട്ടയം ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചതിനാല്‍ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇലവീഴാ പൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി ഉത്തരവ് പുറത്തിറക്കി.



  • May 28, 2024 17:04 IST

    അടുത്ത 3 മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

    അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather) പുറപ്പെടുവിച്ച സമയവും തീയതിയും 04.00...

    Posted by Kerala State Disaster Management Authority - KSDMA on Tuesday, May 28, 2024



  • May 28, 2024 17:02 IST

    സമസ്തയേയും ലീഗിനേയും തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നു: സാദിഖലി തങ്ങള്‍

    സമസ്തയേയും പാണക്കാട് കുടുംബത്തേയും തെറ്റിക്കാന്‍ പലരും ശ്രമിക്കുന്നതായി പറഞ്ഞു കേള്‍ക്കുന്നുവെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. അത് സാധ്യമല്ല. ഒരു ശരീരവും ഒരു മനസ്സുമാണ്. മുസ്ലിം ലീഗിന്റെ ശക്തി സമസ്തയും സമസ്തയുടെ ഊര്‍ജ്ജം മുസ്ലിം ലീഗുമാണ്. അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടാതിരിക്കണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.



  • May 28, 2024 15:36 IST

    കോട്ടയം ജില്ലയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

    റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.



  • May 28, 2024 15:31 IST

    കൊല്ലം ജില്ലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം

    കൊല്ലം ജില്ലയിലും ഇന്നലെ രാത്രി മുതൽ വ്യാപകമായ മഴയാണുള്ളത്. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വീടുകൾ പലതും വെള്ളത്തിലാണ്. പറക്കുളം ഭാഗത്ത് മാത്രം 250ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.



  • May 28, 2024 15:22 IST

    സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് നാല് മരണം

    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. കൊച്ചിയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരപ്പടി ഷൈബിന്റെ മകൻ എൽദോസാണ് മരിച്ചത്. മാവേലിക്കരയിൽ മരം കടപുഴകി വീണ് ഓലകെട്ടി സ്വദേശി അരവിന്ദ് മരിച്ചു. ഇടുക്കി മറയൂരിൽ മത്സ്യബന്ധനത്തിനിടെ ആറ്റിൽ ഒഴുക്കിൽപ്പെട്ട് പാമ്പാർ സ്വദേശി രാജൻ (60) ആണ് മരിച്ചത്.



  • May 28, 2024 15:05 IST

    പ്രൊഫ. എം. ലീലാവതി ടീച്ചറുടെ വീട്ടിലും വെള്ളം കയറി

    മേഘവിസ്ഫോടത്തെ തുടർന്ന് കളമശ്ശേരിയിൽ അപ്രതീക്ഷിതമായി ലഭിച്ച കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി വീടുകൾ വെള്ളത്തിലാണെന്നാണ് റിപ്പോർട്ടുകൾ. സാഹിത്യകാരി പ്രൊഫ. എം. ലീലാവതി ടീച്ചറുടെ കളമശ്ശേരിയിലെ വീട്ടിലും കനത്ത വെള്ളക്കെട്ടാണുള്ളത്. വീടിന്റ മുറികളിലെല്ലാം മുട്ടറ്റം വെള്ളമുണ്ട്. ലീലാവതി ടീച്ചറെ മകന്റെ വീട്ടിലേക്ക് സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. എങ്കിലും ടീച്ചറുടെ നിരവധി പുസ്തകങ്ങളും എഴുത്തുകളും വെള്ളം കയറി നശിച്ച നിലയിലാണെന്ന് മകൻ പറഞ്ഞു.



  • May 28, 2024 13:30 IST

    കളമശേരിയിൽ മേഘവിസ്ഫോടനം; ഒരു മണിക്കൂറിൽ 98.4 എംഎം മഴ

    എറണാകുളത്ത് രാവിലെ മുതൽ പെയ്യുന്ന ശക്തമായ മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അധികൃതർ. കുസാറ്റിലെ മഴമാപിനിയിലെ കണക്ക് അനുസരിച്ച്, ഒരു മണിക്കൂറിനിടെ 98.4 എംഎം മഴ പെയ്തുവെന്നാണ് റിപ്പോർട്ട്. കളമശേരിയലും പരിസര പ്രദേശങ്ങളിലുമായി നിരവധി വീടുകളിൽ വെള്ളം കയറി.



  • May 28, 2024 12:28 IST

    മിസോറാമിൽ മണ്ണിടിച്ചിൽ; 15 മരണം

    ചൊവ്വാഴ്ച മസോറാമിൽ ഒന്നിലധികം മണ്ണിടിച്ചിലുകളിലായി 15 പേർ മരണപ്പെട്ടു. രാവിലെ 11.15 വരെ 15 മരണം സ്ഥിരീകരിച്ചെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്, മുഖ്യമന്ത്രി പറഞ്ഞു. മിസോറാമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലും ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ടായി. ചുഴലിക്കാറ്റിൽ റോഡിൻ്റെ ഒരു ഭാഗം ഒലിച്ചുപോകുകയും, അസമിലെ ഹഫ്‌ലോംഗിനും സിൽച്ചാറിനും ഇടയിലുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.



  • May 28, 2024 11:12 IST

    ട്രെയിൻ യാത്രക്കിടെ ആയുർവേദ ഡോക്ടറെ പാമ്പുകടിച്ചതായി സംശയം

    ട്രെയിൻ യാത്രക്കിടെ യുവതിയെ പാമ്പ് കടിച്ചതായി സംശയം. നിലമ്പൂർ ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വച്ച് ആയുർവേദ ഡോക്ടർ ഗായത്രി(25)ക്ക് പാമ്പ് കടിയേറ്റതായാണ് സംശയിക്കുന്നത്. ട്രെയിനിൽ പാമ്പിനെ കണ്ടുവെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണവും ആരംഭിച്ചുവെന്ന് റെയിൽവെ അറിയിച്ചു. ബർത്തിൽ കിടക്കുമ്പോൾ ഗായത്രിക്ക് പാമ്പുകടി ഏറ്റെന്നാണ് വിവരം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  



  • May 28, 2024 11:01 IST

    ഫോർട്ട് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിൽ മരംവീണു

    ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് സമീപം കെഎസ്ആർടിസി ബസിനു മുകളിലേക്ക് മരം വീണു. കൂത്താട്ടുകുളത്ത് നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് വരികയായിരുന്ന ബസിലേക്കാണ് ശക്തമായ മഴയിൽ കടപുഴകിയ മരം വീണത്. എട്ട് യാത്രക്കാർ അപകട സമയം ബസിലുണ്ടായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരിയായ യുവതിക്ക് നിസാര പരിക്കേറ്റു. രാവിലെ 9.45നായിരുന്നു അപകടം. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി.

    Rain | Weather



  • May 28, 2024 10:05 IST

    മുതലപൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

    തിരുവനന്തപുരം മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവിൻ രക്ഷിക്കാനായില്ല. മൂന്നുപേരെ രക്ഷപ്പെടുത്തി. നാലുപേർ വള്ളത്തിൽ ഉണ്ടായിരുന്നെന്നാണ് വിവരം.



national news Kerala News top news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: