/indian-express-malayalam/media/media_files/NP8366GPCsTIOqS3vfNH.jpg)
ഇനി എംടി ഇല്ലാത്ത കാലം
കോഴിക്കോട്: 2024 അവസാനിക്കാൻ ആറുദിവസം മാത്രം ബാക്കി നിൽക്കെ ഒരു യുഗം അവസാനിച്ചു. എംടി എന്ന് രണ്ട് വാക്ക് മലയാളത്തിന് എഴുത്തുകാരൻ മാത്രമല്ലായിരുന്നു. ആറ് പതിറ്റാണ്ടായി മലയാള ഭാഷയുടെ ശിഖരങ്ങൾ വളർന്നുപന്തലിച്ചത് എംടി എന്ന് വടവൃക്ഷത്തിലൂന്നിയാണ്. മലയാളത്തിന്റെ വാക്കും വെളിച്ചവുമായിരുന്ന എംടി വാസുദേവൻ നായർ എന്ന് ഇതിഹാസത്തിന് കേരളം വിടനൽകി.
താൻ ഏറെ സ്‌നേഹിക്കുന്ന, തന്റെ പ്രിയനഗരമായ കോഴിക്കോടിൻറ മണ്ണിൽ എംടി അലിഞ്ഞുചേർന്നു. ഗുരുവെന്ന് എംടി വിളിക്കുന്ന വൈക്കം മുഹമ്മദ് ബഷീറും എസ്‌കെ പൊറ്റെക്കാടും, കേശവദേവുമെല്ലാം വിശ്രമിക്കുന്ന കോഴിക്കോട് തന്നെ കാലം എംടിക്ക് അന്ത്യവിശ്രമം ഒരുക്കി.
/indian-express-malayalam/media/media_files/2024/12/26/mEHo5LCNZiShA01ggdej.jpg)
"പ്രിയപ്പെട്ടവരെ തിരിച്ചുവരാൻ വേണ്ടി യാത്ര ആരംഭിക്കുകയാണ്". അസുരവിത്തിലെ എംടിയുടെ വാക്കുകൾ കടമെടുത്താണ് കേരളം പ്രിയപ്പെട്ട സാഹിത്യകാരന് അന്ത്യയാത്ര നൽകിയത്. കൊട്ടാരം റോഡിലുള്ള എംടിയുടെ വീടായ 'സിത്താര'യിലേക്ക് പുലർച്ചെ മുതൽ ഒഴുകിയെത്തിയത് എണ്ണിതിട്ടപ്പെടുത്താൻ കഴിയാത്തത്ര ആളുകളായിരുന്നു.
/indian-express-malayalam/media/media_files/2024/12/26/lVxr08LR1iz9Y2MD9kMu.jpg)
മലയാളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാപ്രതിഭയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാവിലെ തന്നെ സിത്താരയിൽ എത്തി.സദയവും താഴ്‌വാരവുമെല്ലാം തനിക്ക് നൽകിയ ഗുരുനാഥനെ അവസാനമായി കാണാൻ നടൻ മോഹൻലാലും രാവിലെ തന്നെ എത്തി. സാഹിത്യം, സിനിമ, സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധിയാളുകളെ കൊണ്ട് രാവിലെ മുതൽ കൊട്ടാരം റോഡ് നിറഞ്ഞു.
/indian-express-malayalam/media/media_files/2024/12/26/bgKqQH7i8kSeIIue90Hb.jpg)
പൊതുദർശനവും ചടങ്ങുകളും പൂർത്തിയാക്കി നാലുമണിയോടെ സിത്താരയോടെ വിട നൽകി എംടിയുടെ ഭൗതീക ശരീരം മാവൂർ റോഡിലെ ശ്മശാനത്തിലേക്കെടുത്തു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരെയുള്ള മാവൂർ റോഡ് ശ്മശാനത്തിലേക്ക് ഭൗതീകശരീരം എത്തിക്കാൻ വേണ്ടി വന്നത് മുക്കാൽ മണിക്കൂർ. റോഡിലും ശ്മശാനത്തിലുമെല്ലാം പ്രിയപ്പെട്ട എംടിയെ കാണുവാൻ പിന്നെയും ആളുകൾ ഒഴുകിയെത്തി കൊണ്ടേയിരുന്നു.
/indian-express-malayalam/media/media_files/2024/12/26/KdtO5Pe664YI7wM2I5IJ.jpg)
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗീക ബഹുമതികൾക്ക് പിന്നാലെ എംടിയുടെ സഹോദര പുത്രൻ ടി സതീശൻ കർമ്മങ്ങൾ പൂർത്തിയാക്കി. അധികം വൈകാതെ,സ്മൃതി പദം എന്ന് പേരിട്ടിരിക്കുന്ന മാവൂർ റോഡിലെ വാതക ശ്മാശാനം എംടി വാസുദേവൻ നായരുടെ ശരീരത്തെ ഏറ്റുവാങ്ങി. മലയാളത്തെ മഹോന്നതിയിലെത്തിച്ച് എംടിയെന്ന് രണ്ടക്ഷരം കോഴിക്കോട് നഗരത്തിൽ അലിഞ്ഞുചേർന്നു. നിന്റെ ഓർമ്മയ്ക്ക് എന്ന് കഥയിൽ എംടി കോറിയിട്ടതുപോലെ 'നീണ്ടുപോകുന്ന ഇടവഴിയിലൂടെ അവർ നടന്നകലുകയാണ്. ദൂരെ ആ സൂര്യകാന്തിപൂക്കളം നീലപ്പട്ടുനാടയും കാഴ്ചപ്പാടിൽ നിന്ന് മാഞ്ഞു'.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.