/indian-express-malayalam/media/media_files/uploads/2017/07/mt-sudheer-fi.jpg)
കാലത്തിന്റെ സങ്കീർണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി ഒരു തലമുറയെ സ്വാധീനിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനാണ് എംടി വാസുദേവൻ നായർ. താൻ ജീവിക്കുന്ന കാലത്തിന്റെ ആകാംക്ഷകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും സാഹിത്യത്തിലായാലും സിനിമയിലായാലും കൃത്യമായി അഭിസംബോധന ചെയ്ത വ്യക്തിത്വമാണ് എംടി.
സർഗാത്മകതയുടെ അനേകം മുഖങ്ങൾ
സർഗാത്മകതയുടെ വ്യത്യസ്ത ഭാവങ്ങൾ എന്ന് ഒറ്റവാക്കിൽ എംടിയെ വിശേഷിപ്പിക്കാം. കൈവെച്ച മേഖലയിലെല്ലാം ചരിത്രം രചിച്ചു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, പത്രാധിപർ, തുടങ്ങി സർഗാത്മകതയുടെ വ്യത്യസ്ത ഭാവങ്ങളിലൂടെ സഞ്ചരിച്ച് മലയാളികളെ അത്ഭുതപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
വിക്ടോറിയ കോളേജിൽ ബിരുദത്തിനു പഠിക്കുമ്പോഴാണ് 'രക്തം പുരണ്ട മൺതരികൾ' എന്ന അദ്ദേഹത്തിൻറെ ആദ്യത്തെ ചെറുകഥ അച്ചടിച്ചുവന്നത്. അൻപതുകളുടെ രണ്ടാം പകുതിയിലാണ് സജീവ സാഹിത്യകാരൻ എന്ന നിലക്കുള്ള എംടിയുടെ പ്രവർത്തനങ്ങൾക്ക് ചിറകു മുളയ്ക്കുന്നതെന്നു പറയാം. 'പാതിരാവും പകൽവെളിച്ചവും' എന്ന ആദ്യനോവൽ ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശയായി പുറത്തുവന്നത് ആ സമയത്താണ്.
1958ൽ പ്രസിദ്ധീകരിച്ച 'നാലുകെട്ട്' ആണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തു വന്നത്. തകരുന്ന നായർത്തറവാടുകളിലെ വൈകാരിക പ്രശ്നങ്ങളുടെയും മരുമക്കത്തായത്തിനെതിരെ ചൂണ്ടുവിരലുയർത്തുന്ന ക്ഷുഭിതയൗവ്വനങ്ങളുടെയും കഥ പറഞ്ഞ നോവൽ 1959ലെ കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നേടി.സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതൽ ഒട്ടനവധി പുരസ്‌കാരങ്ങളും ഈ അതുല്യ പ്രതിഭയെ തേടിയെത്തി. 2005ൽ രാജ്യം പത്മഭൂഷൺ നൽകിയും ആദരിച്ചു.
വള്ളുവനാടൻ സംസ്‌കൃതിയുടെ കൈയ്യൊപ്പ്
വള്ളുവനാടൻ സംസ്‌കൃതിയുടെ സൗന്ദര്യാതിശയങ്ങൾ ഭാഷയിലും ശൈലിയിലും ആവാഹിച്ചായിരുന്നു സാഹിത്യലോകത്തേക്കുള്ള എംടിയുടെ പ്രവേശനം. തനിക്ക് അനുഭവപരിചയമുള്ള വള്ളുവനാടൻ ഗ്രാമത്തിന്റെ സാമൂഹികഭൂമികയിൽ ചുവടുറപ്പിച്ചുകൊണ്ട് എംടി എഴുതിയ ആദ്യകാലത്തെ ചില കൃതികളിൽ വായനക്കാരിൽ ഗൃഹാതുരത്വമുണർത്തിയ കാവും കുളവും കളമെഴുത്തും നാവോറുപാട്ടും മുറപ്പെണ്ണും മറ്റുമുണ്ടായിരുന്നു. പിന്നീട് അവയെക്കാൾ പ്രധാനപ്പെട്ട ജീവിതസന്ധികളും സാമൂഹികസംഘർഷങ്ങളും വ്യത്യസ്തതയുള്ള പ്രമേയങ്ങളും കഥാപാത്രങ്ങളും പല രചനകളിലും സാക്ഷാത്കരിച്ച് മലയാളികളെ വിസ്മയിപ്പിച്ചു.
കഥാകാരന്റ ആത്മസംഘർഷങ്ങളും ആകൂലതകളും തന്റെ വാക്കുകളിലൂടെ എംടി അവതരിപ്പിച്ചു. ആ വാക്കുകളിലൂടെ മലയാളി തിരിച്ചറിഞ്ഞത് അവനവനെ തന്നെയാണ്. എംടിയുടെ സൃഷ്ടികൾ കാലാതിവർത്തിയായി നിലകൊള്ളുന്നതും അതിനാലാണ്.
സാഹിത്യലോകം
മലയാളഭാഷയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയിട്ടുള്ള എംടിയുടെ സാഹിത്യസംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി (നോവലുകൾ) ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ടേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, നിന്റെ ഓർമ്മയ്ക്ക്, വാനപ്രസ്ഥം, എം.ടിയുടെ തിരഞ്ഞെ ടുത്ത കഥകൾ, ഡാർ എസ്. സലാം, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാ വും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക് (കഥകൾ) ഗോപുരനടയിൽ (നാടകം) കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര, കണ്ണാന്തളി പ്പൂക്കളുടെ കാലം (പ്രബന്ധങ്ങൾ) ആൾക്കൂട്ടത്തിൽ തനിയെ (യാത്രാവിവരണം), എം. ടി.യുടെ തിരക്കഥകൾ, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വട ക്കൻ വീരഗാഥ, നഗരമേ നന്ദി, നിഴലാട്ടം, ഒരു ചെറുപുഞ്ചിരി, നീലത്താമര, പഴശ്ശി രാജ (തിരക്കഥകൾ) സ്‌നേഹാദരങ്ങളോടെ, അമ്മയ്ക്ക് (ഓർമ്മകൾ) ചിത്രത്തെരുവു കൾ (ചലച്ചിത്രസ്മരണകൾ) ഇംഗ്ലീഷിലേക്കും ഇതരഭാഷകളിലേക്കും കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.