/indian-express-malayalam/media/media_files/CaHzEVE904NaAId5OaHR.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: മന്ത്രി എം ബി രാജേഷ് നിയമസഭാ സ്പീക്കറായി ചമഞ്ഞുകൊണ്ട് തന്നെ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മദ്യനയവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിനെതിരെ പ്രതിപക്ഷം അഴിമതിയാരോപണം ഉന്നയിച്ചത് മുതൽ രാജേഷ് തന്നെ ആക്രമിക്കുകയാണെന്നും സതീശൻ ആരോപിച്ചു. അതേസമയം, പ്രതിപക്ഷ നേതാവിന്റെ സഭയിലെ പെരുമാറ്റത്തെ വിമർശിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അത് അംഗീകരിക്കാനോ അവഗണിക്കാനോ സതീശന് സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി രാജേഷും പ്രതികരിച്ചു.
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിന് പിന്നാലെ, സതീശൻ ഒരിക്കലും മന്ത്രിമാരെ കേൾക്കാൻ തയ്യാറാവുന്നില്ലെന്നും സഭയിൽ സമ്മർദ തന്ത്രങ്ങൾ പുറത്തെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും മന്ത്രി രാജേഷ് ആരോപിച്ചു. സഭയിൽ എൽഡിഎഫ് കാണിക്കുന്ന ബഹുമാനം സതീശൻ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ വിമർശനങ്ങൾ നടത്തിയതിൽ ഖേദമുണ്ടെന്നും രാജേഷ് പറഞ്ഞു.
വാക്കൗട്ട് കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ സതീശൻ മന്ത്രിയുടെ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്ന് പ്രതികരിച്ചു. ധിക്കാരിയെന്നും എല്ലാത്തിനോടും പുച്ഛമുള്ളവനെന്നൊക്കയുള്ള ചാപ്പ തന്റെ മേൽ കുത്തൻ ശ്രമിക്കേണ്ടെന്നും ആ പട്ടങ്ങൾ ചാർത്തിക്കൊടുക്കേണ്ടയാൾ അപ്പുറത്താണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നം വെച്ചുകൊണ്ട് സതീശൻ തിരിച്ചടിച്ചു. അതേസമയം, പ്രതിപക്ഷ നേതാവ് തന്നെ ചൂണ്ടിക്കാണിച്ച് ധിക്കാരിയെന്ന് വിളിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ആരോപിച്ചു.
മന്ത്രി ബിന്ദുവിന്റെ ആരോപണം നിഷേധിച്ച സതീശൻ മന്ത്രി എന്ന നിലയിലുള്ള അവരുടെ പ്രവർത്തനങ്ങളെ വിമർശിക്കുമ്പോൾ തനിക്ക് അവർക്കുനേരെ വിരൽ ചൂണ്ടേണ്ടി വരുമെന്നും തുറന്നടിച്ചു. ഭരണ- പ്രതിപക്ഷ വാക്പോരിൽ ഇടപെട്ട സ്പീക്കർ എ എൻ ഷംസീർ ഇരുവശത്തുനിന്നുമുള്ള നടപടികൾ പരസ്പരം പ്രകോപിപ്പിക്കുന്നതാണെന്നും ഇരു പക്ഷവും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശിച്ചു.
Read More
- 'ഉന്നതർക്കെല്ലാം റോഡ് നിയമങ്ങൾ തോന്നുംപടി'; കേരളത്തിലേ ഇത് നടക്കുകയുള്ളൂവെന്ന് ഹൈക്കോടതി
- മഹാപ്രളയത്തിന്റെ പെയ്തൊഴിയാത്ത ഓർമ്മകൾക്ക് നൂറ് വയസ്
- നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
- ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.