/indian-express-malayalam/media/media_files/KCbNXrdkxtmlF23woh2C.jpg)
സ്വാതന്ത്ര്യസമരത്തിൽ നിർണായക സംഭാവനകൾ നൽകിയ നാടാണ് കേരളം
കൊച്ചി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിർണായക സംഭവാനകൾ നൽകിയ നാടാണ് കേരളം. ഒന്നാം സ്വാതന്ത്ര്യസമര ഘട്ടം മുതൽ ജന്മനാടിന്റെ സ്വത്വവും സ്വാതന്ത്ര്യവും സംരക്ഷിക്കുവാൻ നിരവധി പേരാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്. അവരിൽ പലരുടെയും പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം നേടാതെ പോയി.ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ കേരളത്തിലെ സംഭാവനകൾ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യരും കാണേണ്ട അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം
പഴശ്ശിയുടെ പോരാട്ടങ്ങൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷുകാർക്കെതിരെ സൈനിക വിജയം നേടിയ ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പഴശ്ശിരാജ എന്ന ഉഗ്രനായ രാജാവ്. അവസാനം വരെ തന്റെ പ്രജകളോടുള്ള സ്‌നേഹത്തിനും അചഞ്ചലമായ വിശ്വസ്തതയ്ക്കും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. വയനാട്ടിലാണ് 'കേരള സിംഹം' എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ ശവകുടീരമുള്ളത്. കേരളവർമ പഴശ്ശിരാജയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മാനന്തവാടിയിലെ ഈ കുടീരത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരായി അവസാന ശ്വാസം വരെ പോരാടിയ ധീരനാണ് പഴശ്ശി.
/indian-express-malayalam/media/media_files/LhPZSWzAMouneBjdPIeS.jpg)
തൻറെ ദേശത്തോടും ജനങ്ങളോടും അചഞ്ചലമായ സ്നേഹവും കൂറും പുലർത്തിയതിൽ പേരുകേട്ടയാളാണ് ഈ ധീരദേശാഭിമാനി. ഇവിടം സന്ദർശിക്കുന്നതിലൂടെ രാജ്യത്തിനായി വിനിയോഗിച്ച അദ്ദേഹത്തിൻറെ ത്യാഗം നമുക്ക് അടുത്തറിയാനാവും. ക്യാമ്പിങ്, ട്രക്കിങ്, അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ, പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ, മനോഹരമായ കാഴ്ചകൾ എന്നിവയിലും പ്രസിദ്ധമാണ് ഈ പഴശ്ശികുടീരത്തിൻറെ സമീപപ്രദേശങ്ങൾ.വീരപഴശ്ശിയുടെ മൂന്ന് അടയാളങ്ങളാണ് വയനാട്ടിൽ ഇന്ന് അവശേഷിച്ചിരിക്കുന്നത്. മാവിലാം തോടിന്റെ കരയിലുള്ള പഴശ്ശി സ്മാരക സ്തൂപം, പനമരം കോട്ടയുടെ അവശിഷ്ടങ്ങളും പടത്തലവൻ തലയ്ക്കൽ ചന്തുവിനെ ഗളഛേദം ചെയ്ത കോളിമരച്ചുവടും, മാനന്തവാടിയിൽ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശികൂടീരവും.
വാഗൺ ട്രാജഡി സ്മാരകം
കേരളത്തിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായം, അതായിരുന്നു വാഗൺ ട്രാജഡി. പുലാമന്തോൾ പാലം പൊളിച്ചെന്ന കുറ്റം ചുമത്തി 1921 നവംബർ 19ന് തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ ബ്രിട്ടീഷ് പട്ടാളം റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗൺ ട്രാജഡി അഥവാ വാഗൺ ദുരന്തം എന്ന പേരിൽ അറിയപ്പെടുന്നത്.തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കേണൽ ഹംഫ്രിബ്, സ്പെഷ്യൽ ഓഫീസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്കോക്ക്, ആമു സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിൽ മദ്രാസ് സൗത്ത് കമ്പനിയുടെ എം എസ് എം എൽ വി 1711 നമ്പർ ചരക്ക് ബോഗിയിലാണ് തടവുകാരെ കയറ്റിയത്.
/indian-express-malayalam/media/media_files/eZONy7JbSCyd1csN4FWS.jpg)
വാഗൺ ദുരന്തത്തിന്റെ സ്മാരകം ഇന്നും തിരൂർ നഗരസഭയിലുണ്ട്. അന്ന് ദുരന്തത്തിൽ രക്തസാക്ഷികളായവരെ അനുസ്മരിച്ച് കൊല്ലപ്പെട്ടവരുടെ പേരിൽ വാഗൺ ട്രാജഡി സ്മാരക മുനിസിപ്പൽ ടൗൺഹാൾ തിരൂർ നഗരസഭ നിർമ്മിച്ചിരുന്നു. 1987 ഏപ്രിൽ ആറിനാണ് ഈ ടൗൺഹാൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. തിരൂർ നഗരസഭയ്ക്ക് സമീപമാണ് സ്മാരകം.പൂക്കോട്ടുർ, വെള്ളുവമ്പ്രത്ത് വാഗൺ ട്രാജഡിയുടെ ഓർമ്മയ്ക്കായി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. കുരുവമ്പലത്തെ വാഗൺ ട്രാജഡി സ്മാരക ലൈബ്രറി ആൻഡ് സാംസ്‌കാരിക കേന്ദ്രവും വളപുരം ജി.എം.യു.പി സ്‌കൂളിലെ വാഗൺ ട്രാജഡി സ്മാരക ബ്ലോക്കും ഈ ദുരന്തത്തിന്റെ സ്മരണ സാക്ഷ്യങ്ങളാണ്.
/indian-express-malayalam/media/media_files/Ik8mrM2bl1AeFqNdIWJz.jpg)
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറം
സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി ഗാന്ധിജി കേരളത്തിനോട് ആദ്യമായി സംസാരിച്ച സ്ഥലങ്ങളിലൊന്നാണ് കോഴിക്കോട് കടപ്പുറം. പയ്യന്നൂർ കടപ്പുറത്ത് തുടങ്ങിയ ഉപ്പുകുറുക്കൽ സമരം മുഴുവൻ മലബാർ ജില്ലകളിലേക്കും വ്യാപിച്ച ഘട്ടത്തിലാണ് ഗാന്ധിജി കോഴിക്കോടിൻറെ മണ്ണിലെത്തിയത്. ഖിലാഫത്ത് പ്രസ്ഥാനം കൊടുമ്പിരി കൊണ്ടിരിക്കേയായിരുന്നു ഗാന്ധിജിയുടെ വരവ്. കെ. കേളപ്പനും കെ.പി. കേശവമേനോനും മുഹമ്മദ് അബ്ദുറഹ്മാനും ഒപ്പം നിന്നു. അന്ന് ഇരുപതിനായിരത്തിലധികം ആളുകളെത്തി ഗാന്ധിജിയെ കേൾക്കാൻ.
കേരളത്തിൽ ആദ്യത്തെ ഉപ്പുകുറുക്കൽ സമരം നടന്നത് പയ്യന്നൂരിലാണെങ്കിലും കോഴിക്കോട്ടും വടകരയിലുമൊക്കെ ഉപ്പുകുറുക്കൽ സമരം നടന്നിരുന്നു.കോഴിക്കോട്ടുനിന്നാണ് പയ്യന്നൂരിലേക്ക് കെ കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഉപ്പുകുറുക്കൽ സമരത്തിന് പുറപ്പെട്ടത്. 1930 മേയ് 12-നായിരുന്നു കോഴിക്കോട് കടപ്പുറത്ത് കെ. കേളപ്പൻ, മുഹമ്മദ് അബ്ദുറഹ്മാൻ, മാധവനാർ, ശർമ, പി. കൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ ഉപ്പുകുറുക്കൽ സമരം നടന്നത്.
ഉപ്പുകുറുക്കിയ പയ്യന്നൂർ കടപ്പുറം
1930 ൽ പയ്യന്നൂരിൽ നടന്ന ഉപ്പു സത്യഗ്രഹം സ്വാതന്ത്ര്യ സമരചരിത്രത്തിലെ മറ്റൊരു അധ്യായമായി. കെ കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് സത്യഗ്രഹികളുടെ പദയാത്ര സംഘടിപ്പിച്ചു.1930 ഏപ്രിൽ 13ന് പുറപ്പെട്ട ജാഥയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. ഏപ്രിൽ 23ന് ആയിരത്തോളം സമരഭടന്മാർ ഉപ്പുകുറുക്കൽ സമരം ആരംഭിച്ചു. ബോംബെ ക്രോണിക്കിളിൽ എസ് എ ബറേൽവി പയ്യന്നൂരിനെ വിശേഷിപ്പിച്ചത് 'രണ്ടാം ബർദോളി' എന്നാണ്. സമരത്തിൽ കണ്ട ധീരതയും ത്യാഗവും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിശേഷണം.
1928ൽ സൈമൺ കമ്മീഷനെതിരായ പ്രതിഷേധത്തോടെയാണ് പയ്യന്നൂർ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിരയിലേക്കെത്തിയത്. മൊയാരത്ത് ശങ്കരൻ, സുബ്രഹ്മണ്യം തിരുമുമ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 'സൈമൺ കമ്മീഷൻ ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങി. അതേവർഷം ജവഹർലാൽ നെഹ്‌റുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ നടന്ന അഖില കേരള രാഷ്ട്രീയ സമ്മേളനമാണ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന വഴിത്തിരിവായത്.
മണ്ണടി സ്മാരകം
അടൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ മണ്ണടി ഗ്രാമം ബ്രിട്ടീഷുകാർക്കെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സുപ്രധാന സ്ഥാനമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആധിപത്യത്തിനെതിരെ കലാപം നടത്തിയ പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ പ്രധാനമന്ത്രി വേലുത്തമ്പി ദളവ തന്റെ അവസാന നാളുകൾ ചെലവഴിച്ചത് ഇവിടെയാണ്. ബ്രിട്ടീഷുകാർ പിടിയിലാകാതിരിക്കാൻ മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിൽ ആത്മഹത്യ ചെയ്തു.വേലുത്തമ്പി ദളവയുടെ സ്മരണയ്ക്കായി നിർമ്മിച്ച ഒരു സാംസ്‌കാരിക സമുച്ചയമാണ് ഈ സ്ഥലത്ത് ഇപ്പോൾ ഉള്ളത്. ഈ സമുച്ചയത്തിൽ ദളവയുടെ പ്രതിമയുള്ള ഒരു പവലിയൻ,ചരിത്ര രേഖകളുടെ പകർപ്പുകൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയം (പ്രസിദ്ധമായ കുണ്ടറ പ്രഖ്യാപനം ഉൾപ്പെടെ) ഒരു ഓപ്പൺ എയർ തിയേറ്റർ എന്നിവയുണ്ട്.
/indian-express-malayalam/media/media_files/Z0a2MhlgWg9WwZa2Fxk7.jpg)
പുരാവസ്തു വകുപ്പ് സ്ഥാപിച്ച ഈ മ്യൂസിയം ദളവയുടെ വീരപുരുഷന്മാരുടെയും പുരാതന തിരുവിതാംകൂറിന്റെ സംസ്‌കാരത്തിന്റെയും ഒരു നേർക്കാഴ്ച നൽകുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്ര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഓപ്പൺ എയർ ഗാലറിയും ഇവിടെയുണ്ട്.
Read More
- കാലാവസ്ഥ മുന്നറിയിപ്പുകൾ കാര്യക്ഷമമാക്കണം: പിണറായി വിജയൻ
- രാജ്യം ഒന്നാമത് മുദ്രാവാക്യമാക്കി മുന്നോട്ട് പോകണം:നരേന്ദ്ര മോദി
- വൈക്കം സത്യാഗ്രഹം; സ്വാതന്ത്രസമരത്തിലേക്കുള്ള ആദ്യപടി
- 'കാഫിർ' പ്രയോഗത്തിന് പിന്നിലാര്?
- വയനാട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം, പ്രതിമാസ വാടകയായി 6000 നൽകും
- പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെതിരെ പരാതിയില്ലെന്ന് ഭാര്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.