scorecardresearch

ക്യാമ്പുകളിലെ കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ 'കുട്ടിയിടം'

കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘർഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം

കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘർഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം

author-image
WebDesk
New Update
wd

യൂണിസെഫുമായി സഹകരിച്ച് കുട്ടികൾക്കായി ആർട്ട് തെറാപ്പിയും സംഘടിപ്പിക്കും

മേപ്പാടി: വയനാട് ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ 'കുട്ടിയിടം' പദ്ധതി തുടങ്ങി. കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി മാനസിക സംഘർഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളിൽ കുട്ടികൾ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.  
കുട്ടികൾക്ക് വിവിധ കളികളിലും ചിത്രരചന, കളറിങ് തുടങ്ങിയ വിനോദങ്ങളിലും ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം. ദുരന്ത മേഖലകളിൽ പ്രവർത്തിക്കുന്ന മേപ്പാടി സെൻറ് ജോസഫ്‌സ് യു.പി സ്‌കൂൾ, മേപ്പാടി സെന്റ് ജോസഫ്‌സ് ഹൈസ്‌കുൾ, കൽപ്പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ്, ചുണ്ടേൽ ആർ.സി.എൽ.പി സ്‌കൂൾ, കോട്ടനാട് യു.പി സ്‌കൂൾ, കാപ്പംകൊല്ലി ആരോമ ഇൻ, അരപ്പറ്റ സി.എം.എസ്, റിപ്പൺ ഹയർസെക്കൻഡറി സ്‌കൂൾ, മേപ്പാടി എച്ച്.എസ്, കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്‌കൂൾ, തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളി, കൽപ്പറ്റ ഡീപോൾ, മേപ്പാടി ജി.എൽ.പി.എസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിലാണ് നിലവിൽ കുട്ടിയിടം പദ്ധതി ആരംഭിച്ചത്.
പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് കുട്ടികൾക്കാവശ്യമായ കളറിങ് ബുക്കുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ ലഭിച്ചത്. കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായി മാജിക് ഷോ, നാടൻ പാട്ടുകൾ തുടങ്ങി വിവിധ പരിപാടികളും കുട്ടിയിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. യൂണിസെഫുമായി സഹകരിച്ച് കുട്ടികൾക്കായി ആർട്ട് തെറാപ്പിയും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്.
മാനസികാരോഗ്യം ഉറപ്പിക്കാൻ 121 അംഗ സംഘം
ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, വീടുകൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് മാനസികാരോഗ്യ ഹെൽപ്പ് ഡെസ്‌കുകൾ മുഖേന ടീം അംഗങ്ങൾ സേവനം ഉറപ്പാക്കും. 
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. ആരോഗ്യ വകുപ്പിന്റ തിരിച്ചറിയൽ കാർഡുള്ളവർക്കാണ് സേവനത്തിന് അനുവാദമുള്ളത്.  ഇതിനായി സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കർമാർ, കൗൺസിലർമാർ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവർത്തകരെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. 
ദുരന്തബാധിതരെ കേൾക്കുകയും' അവർക്ക് ആശ്വാസം നൽകുകയുമാണ് ഇവരുടെ ചുമതല.  മാനസിക-സാമൂഹിക ഇടപെടലുകൾ ഊർജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസിക അസ്വാസ്ഥ്യമുള്ളവരെയും, മാനസിക രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നൽകും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർ, മറ്റ് റസ്‌ക്യൂ മിഷൻ പ്രവർത്തകർക്കുള്ള മാനസിക സമ്മർദ നിവാരണ ഇടപെടലുകളും ടീം ഉറപ്പാക്കുന്നുണ്ട്. കൂടാതെ 'ടെലി മനസ്സ്' 14416 എന്ന ടോൾ ഫ്രീ നമ്പറിൽ  മാനസിക പ്രശ്നങ്ങൾ, വിഷമങ്ങൾ, സംശയ നിവാരണങ്ങൾ എന്നിവക്കായി 24 മണിക്കൂർ സേവനവും ലഭ്യമാണ്.

Read More

Advertisment

wayanadu Wayanad Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: