/indian-express-malayalam/media/media_files/2025/05/19/37G86u2lzu33AbvVi0mF.jpg)
കോഴിക്കോട് തീപിടിത്തം; തീ അണച്ചത് പത്ത് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ
Kozhikode Fire Accident Updates: കോഴിക്കോട്: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തീപിടിത്തമാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച ഉണ്ടായത്. വൈകീട്ട് അഞ്ച് മണിയോടെ പടർന്ന തീ നിയന്ത്രണവിധേയമാക്കാൻ അർധരാത്രി പിന്നിടേണ്ടി വന്നു, ഏകദേശം പത്ത് മണിക്കൂർ. മലബാറിലെ മുഴുവൻ ഫയർ യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. ഇതിനൊപ്പം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ക്രാഷ് ടെൻഡർ അടക്കമുള്ള സംവിധാനങ്ങളും സ്ഥലത്തെത്തിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇനിയും വ്യക്തമാകാതെ കാരണം
കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് തീപിടിത്തമുണ്ടായ കെട്ടിടം. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. കാരണം കണ്ടെത്താൻ ഇന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തും. തീപിടിത്തം തടയുന്നതിനുള്ള യാതൊരു സുരക്ഷാമാനദണ്ഡവും ഇവിടെയില്ലെന്നാണ് ഇതിനോടകം ഉയരുന്ന ആരോപണം. ഞായറാഴ്ച തീ അണയ്ക്കാൻ ഫയർ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിനുള്ളിൽ കയറാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്ന് ക്രെയിൻ ഉപയോഗിച്ച് കെട്ടിടഭാഗങ്ങൾ പൊളിച്ചാണ് ഉദ്യോഗസ്ഥർ കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത്.
വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. കോഴിക്കോട് നഗരത്തിൽ സ്‌കൂൾ യൂണിഫോം ഏറ്റവുമധികം ലഭിക്കുന്ന വസ്ത്രശാലയും അതിന്റെ ഗോഡൗണിലുമാണ് പ്രധാനമായും തീ പടർന്നത്. വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം ഉണ്ടായാൽ അത് വേഗത്തിൽ പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്നുണ്ടോയെന്നുമുള്ള പരിശോധനകൾ കൃത്യമായി നടക്കാത്തതും അതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അലംഭാവവും ഇത്തരം അപകടങ്ങളുടെ പ്രധാന കാരണം തന്നെയാണ്.
കോടികളുടെ നഷ്ടം
തീപിടിത്തത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ഏകദേശം 75 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീപടർന്ന തുണിക്കടയുടെ ഗോഡൗണിൽ മാത്രം 50 കോടിയുടെ തുണിയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുള്ള മരുന്ന് കമ്പനിയുടെ ഗോഡൗണിലും തീ പടർന്നിരുന്നു. ഇവിടെയും കോടികളുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
അതേസമയം,രക്ഷാ ദൗത്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും ഇതെല്ലാവർക്കും പാഠമാണെന്നും മേയർ ബീനാ ഫിലിപ്പും പറഞ്ഞു.
ഒഴിവായത് വൻ ദുരന്തം
നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിനുള്ളിലെ തുണിക്കടകളിലാണ് ഞായറാഴ്ച വൈകീട്ട് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയും സ്‌കൂൾ തുറക്കുന്ന സമയവുമായിരുന്നതിനാൽ നിരവധിപേർ കടകളിലുണ്ടായിരുന്നു. നഗരത്തിൽ സ്‌കൂൾ യുണിഫോം ഏറ്റവുമധികം ലഭിച്ചിരുന്ന കടകളാണ് പ്രദേശത്ത് പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി.
പുതിയ ബസ് സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്‌റ്റൈൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഒന്നാം നിലയിലും രണ്ടാം നിലയിലും മുഴുവൻ തീ പടർന്നു. കെട്ടിടത്തിനകത്തുളള ഡ്രസ് മെറ്റീരിയലുകൾ കത്തി താഴേക്ക് വീണു. സമീപത്ത് നിരവധി ടെക്സ്റ്റയിൽസ് മൊത്തവ്യാപാര കടകളും പ്രവർത്തിക്കുന്നുണ്ട്. ഇവ പൂർണമായും കത്തിനശിച്ചു. സമീപത്തുള്ള മരുന്ന് കടകളിലേക്കും തീ പടർന്നിരുന്നു.
സ്ഥിരം തീപിടിത്തം, എന്നിട്ടും സംവിധാനങ്ങൾ കുറവ്
സ്ഥിരം തീപിടുത്തം ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് കോഴിക്കോട്. എന്നിട്ടും, ആവശ്യത്തിന് അഗ്നിരക്ഷാ സേന യൂണിറ്റുകൾ നഗരത്തിൽ ഇല്ലാത്ത സ്ഥിതിയാണ്. നഗരത്തിനുള്ളിലെ ബീച്ച് ഫയര്‍സ്റ്റേഷന്റെ ഉണ്ടായിരുന്ന കെട്ടിടം പൊളിച്ചിട്ട് വർഷങ്ങളായി. നിലവിൽ ഇവർ താത്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്.
കെട്ടിടമില്ലാത്തതിനാൽ ഇവിടെ പരിമിതമായ ഫയർ യൂണിറ്റുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മറ്റ് യൂണിറ്റുകളിലേക്ക് പുനർവിന്യസിച്ചിരിക്കുകയാണ്. നിലവിൽ കോഴിക്കോട് നഗരത്തിൽ അഗ്നി ബാധ ഉണ്ടായാൽ മീഞ്ചന്ത, മുക്കം, വെള്ളിമാട് കുന്ന് എന്നിവടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ എത്തേണ്ട സ്ഥിതിയാണ്.
2015,2017 വർഷങ്ങളിൽ മിഠായി തെരുവിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. 2007-ൽ മിഠായി തെരുവിലുണ്ടായ തീപിടിത്തത്തിൽ 50 കടകളാണ് കത്തിനശിച്ചത്. കഴിഞ്ഞ വർഷവും ഈ വർഷവും നഗത്തിന്റെ വിവിധയിടങ്ങളിൽ നിരവധി തീപിടുത്തങ്ങളാണ് ഉണ്ടായത്.
Read More
- കോഴിക്കോട് വൻ തീപിടുത്തം
- ശശി തരൂരിന് പിന്തുണയുമായി ലീഗ്; വിഷയത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ
- തപാൽ വോട്ട് പരാമർശം; മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്ന് ജി. സുധാകരൻ; സജി ചെറിയാന് പരോക്ഷ വിമർശനം
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്; അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത
- ഇഡി ഉദ്യോഗസ്ഥനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കുറ്റപത്രം
- മെസി വരും; സ്പോൺസർ പണമടച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും കായിക മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.