/indian-express-malayalam/media/media_files/cvshABqd2i2XE2tBzvCZ.jpeg)
കേരളം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക, ആരോഗ്യ പ്രതിസന്ധിയാണ് മാലിന്യ സംസ്കരണം. വർഷങ്ങളായി സംസ്ഥാനം പല മാർഗങ്ങളിലൂടെ ആ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ നടത്തി വരുകയാണ്. അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതും ജനസാന്ദ്രതയേറിയതുമായ പ്രദേശം എന്ന നിലയിൽ മാലിന്യ സംസ്കരണം കടുത്ത വെല്ലുവിളിയാണ് സംസ്ഥാനത്തിന് ഉയർത്തുന്നത്. മികച്ച മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെങ്കിൽ പോലും ജനങ്ങളുടെ സഹകരണമില്ലെങ്കിൽ അത് നടപ്പാക്കുന്നതിൽ വിജയിക്കുക സാധ്യമല്ല. കേരളം നേരിടുന്ന പലതരം പകർച്ച വ്യാധികളുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് അടിസ്ഥാന കാരണമന്വേഷിച്ച് പോയാൽ അതിന് പിന്നിൽ മാലിന്യപ്രശ്നം കണ്ടെത്താൻ സാധിക്കും.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് വാതിൽപ്പടി മാലിന്യ ശേഖരണവും സംസ്കരണവും ഉൾപ്പടെയുള്ള പദ്ധതികളുമായി സർക്കാർ രംഗത്തെത്തിയത്. വീടുകൾ, കടകൾ, തുടങ്ങിയെല്ലായിടത്തു നിന്നും മാലിന്യ ഉൽപ്പാദകർ ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നൽകുകയും അത് ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും തദ്ദേശതല സംവിധാനങ്ങൾ സർക്കാർ നടപ്പാക്കാനാരംഭിച്ചു. അതിനായി കുടുംബശ്രീയും പിന്നീട് ഹരിതകർമ്മ സേന എന്ന സംവിധാനവും നടപ്പാക്കി. മാസം തോറും നിശ്ചിത തുക യൂസർ ഫീസായി ഈടാക്കി വാതിൽപ്പടി മാലിന്യ ശേഖരണം നടത്താനാണ് സർക്കാർ തീരുമാനിച്ചത്.
എന്നാൽ, മാലിന്യം ശേഖരിക്കുന്നവർക്ക് മാലിന്യം നൽകാനോ അവർക്ക് യൂസർഫീ നൽകാനോ പലയിടങ്ങളിലും നിരവധിയാളുകൾ തയ്യാറാകുന്നില്ല. അതിൽ ഭൂരിപക്ഷം പേരും അവരുടെ വീടുകളിലെ മാലിന്യം റോഡുകളിലോ ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലോ, പുഴ, തോട്, ആറ് തുടങ്ങി ജലാശങ്ങളിലേക്കോ വലിച്ചെറിയുകയാണ് ചെയ്യുന്നത്. വളരെ ചുരുക്കം ചിലർ മാത്രം ജൈവ മാലിന്യങ്ങൾ ഉറവിട സംസ്കരണ രീതിയിൽ വീടുകളിൽ കംപോസ്റ്റ് ആക്കുകയോ ബയോ ഗ്യാസാക്കി മാറ്റുകയോ ചെയ്യുന്നുണ്ട്. എന്നാൽ ഭൂരിപക്ഷവും പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പൊതുവിടങ്ങളും ജലാശയങ്ങളും മലിനമാക്കുന്ന പ്രവണത തുടരുകയാണ്.
ഇതിനിടയിൽ ചിലർ ഹരിതകർമ്മ സേന യൂസർഫീ വാങ്ങുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞു പണം നൽകാനും വിസമ്മതിച്ചു. മാലിന്യം എടുക്കണം, പണം നൽകാൻ പറ്റില്ല എന്നതായിരുന്നു ചിലരുടെ മനോഭാവം. ഇതിനെല്ലാം അവസാനം വരുത്താൻ സർക്കാർ നിയമഭേദഗതിയുമായി രംഗത്തെത്തി. യൂസർഫീയും ഫൈനും ശിക്ഷയും ഉൾപ്പടെ കടുത്ത നടപടികളുമായാണ് നിയമഭേഗതി സംബന്ധിച്ച ഓർഡിനൻസ് പാസാക്കിയത്. ഇത് കഴിഞ്ഞ ദിവസം ഗവർണർ ഒപ്പു വെക്കുകയും ചെയ്തു.
പുതിയ നിയമഭേദഗതി പ്രകാരം തദ്ദേശ സ്ഥാപനം മാലിന്യ ശേഖരണത്തിനായി ഏൽപ്പിക്കുന്ന ഏജൻസിക്ക് യൂസർഫീസ് നൽകാൻ എല്ലാ മാലിന്യ ഉൽപ്പാദകരും, അതായത് എല്ലാ വീട്ടുകാരും, ബാധ്യസ്ഥരാണ്. ഇത് നിശ്ചിത കാലയളവിനുള്ളിൽ കൊടുത്തില്ലെങ്കിൽ പ്രതിമാസം യൂസർഫീസ് എത്രയാണോ അതിന്റെ 50 ശതമാനം കൂടി പിഴ നൽകേണ്ടി വരും.
ഇനി പിഴയടയ്ക്കാതിരിക്കാനാണ് ഭാവമെങ്കിൽ അവിടെയും പിടി വീഴും. പുതിയ ഭേദഗതി പ്രകാരം യൂസർഫീയും അതടയ്ക്കാതിരുന്നാലുള്ള പിഴയുമൊക്കെ പൊതുനികുതി കുടിശ്ശികയായി കണക്കാക്കും. അങ്ങനെ വരുന്ന സാഹചര്യത്തിൽ ഇത് നൽകാത്ത വ്യക്തികൾക്ക് നൽകേണ്ടുന്ന സേവനങ്ങൾ നൽകാതിരിക്കാൻ തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്ക് ഈ ഭേദഗതി പ്രകാരം അനുമതി നൽകുന്നുണ്ട്.
വാതിൽപ്പടി മാലിന്യ ശേഖരണത്തിനുള്ള ഫീസ് എത്രയാണ്?
വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഓരോ വീട്ടുകാരും കട, മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവരും മാസം തോറും നിശ്ചിത തുക ഫീസ് ആയി നൽകണം. ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചയിക്കാം. എന്നാൽ, സർക്കാർ തുക നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതിൽ കുറയാൻ പാടില്ല.
ആർക്കാണ് യൂസർ ഫീസ് നൽകേണ്ടത്?
ഓരോ മാലിന്യ ഉൽപ്പാദകനും യൂസര്‍ഫീസ് മുനിസിപ്പാലിറ്റിക്കോ അല്ലെങ്കില്‍ഏതെങ്കിലും അംഗീകൃത ഏജന്‍സിക്കോ (ഹരിത കർമ്മ സേനയാണ് പ്രധാനമായും വാതിൽപ്പടി ശേഖരണം നടത്തുന്നത്) എല്ലാ മാസത്തിലെയും അവസാന തീയതിക്കു മുമ്പായോ അല്ലെങ്കില്‍ കോർപ്പറേഷൻ- മുനിസിപ്പാലിറ്റി - പഞ്ചായത്ത് എന്നിവർ തീരുമാനിക്കുന്ന നിശ്ചിത കാലയളവിനുള്ളിലോ നല്‍കേണ്ടതാണ്.
ആരാണ് മാലിന്യ ഉൽപ്പാദകർ?
വീട്ടുടമസ്ഥർ, സ്ഥാപനങ്ങൾ എന്നിവരെയാണ് മാലിന്യ ഉൽപ്പാദകർ എന്ന പദം കൊണ്ട് ഓർഡിനൻസിൽ ഉദ്ദേശിക്കുന്നത്.
യൂസർ ഫീസ് നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കും?
ഏതെങ്കിലും മാലിന്യ ഉൽപ്പാദകൻ യൂസർ ഫീ നൽകിയില്ലെങ്കിൽ പ്രതിമാസം 50 ശതമാനം പിഴയോടെ ഈടാക്കാൻ ഓർഡിനൻസ് നിർദ്ദേശിക്കുന്നു. യൂസർഫീ നിശ്ചിത തീയതിക്ക് ശേഷം 90 ദിവസം കഴിഞ്ഞിട്ടും അടയ്ക്കാതിരുന്നാൽ മാത്രമേ പിഴ ഈടാക്കുകയുള്ളൂ.
യൂസർ ഫീസ് നൽകിയില്ലെങ്കിൽ മറ്റെന്തെങ്കിലും നടപടിക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് സാധ്യമാണോ?
യൂസർ ഫീസും പിഴയും പൊതു നികുതി കുടിശ്ശികയായി കണക്കാക്കി ഈടക്കാവുന്നതാണ് എന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു. മാത്രമല്ല, ഇങ്ങനെ വീഴ്ച വരുത്തുന്ന വ്യക്തിക്കെതിരായ മറ്റ് നടപടികൾക്കൊന്നും തടസ്സം വരാതെ തന്നെ തദ്ദേശ സ്ഥാപനത്തിൽ അവർക്ക് നൽകേണ്ടുന്ന ഒരു സേവനവും നൽകാതിരിക്കാനും സെക്രട്ടറിക്ക് കഴിയും.
യൂസർ ഫീ നൽകുന്നതിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ, ഒഴിവാക്കാനാകുമോ?
സർക്കാരിനോ, അല്ലെങ്കിൽ സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി, തദ്ദേശസ്ഥാപനങ്ങൾക്ക് ഏതെങ്കിലും മാലിന്യ ഉൽപ്പാദകനെയോ മാലിന്യ ഉൽപ്പാദകരുടെ ഗണത്തെയോ ആളൊഴിഞ്ഞതോ, ഒഴിഞ്ഞു കിടക്കുന്നതോ ആയ കെട്ടിടങ്ങളുടെ ഉടമകളെ അല്ലെങ്കിൽ കൈവശക്കാരെ യൂസർ ഫീസ് അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്.
ഒഴിഞ്ഞു കിടക്കുന്ന / പൂട്ടിയിട്ടിരിക്കുന്ന കെട്ടിടങ്ങളെ യൂസർ ഫീസിൽ നിന്നൊഴിവാക്കുന്നത് എങ്ങനെ?
അടച്ചിട്ടിരിക്കുന്ന ഒഴിഞ്ഞ കെട്ടിടങ്ങളിൽ നിന്നു മാലിന്യത്തിന് സാധ്യതയില്ലെന്ന് കെട്ടിട ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിന്റെയും തദ്ദേശ സ്ഥാപനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിൽ സെക്രട്ടറിക്ക് യൂസർ ഫീസ് ഒഴിവാക്കി നൽകാം.
യൂസർ ഫീസ് നൽകുന്നതിൽ നിന്ന് നിലവിലെ മാനദണ്ഡപ്രകാരം ഒഴിവാക്കിയിട്ടുള്ളത് ആരെയൊക്കെ ?
അഗതി, ആശ്രയ, അതിദരിദ്ര വിഭാഗങ്ങളിൽപ്പെട്ടവരെ ആണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രാമ / വാർഡ് സഭകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആറ് മാസം വരെ ഒഴിവാക്കി നൽകാം. അവസ്ഥ തുടരുന്നതായി ബോധ്യപ്പെട്ടാൽ ആറ് മാസം കൂടി നീട്ടി നൽകാം.ഇളവിന് അർഹതയുള്ള മറ്റ് കുടുംബങ്ങൾ ഉണ്ടെന്ന് കണ്ടാൽ ഗ്രാമ വാർഡ് സഭകളുടെ തീക മാനത്തിന്റെ അടിസ്ഥാനത്തിൽ ഇളവ് നൽകാം. ഇങ്ങനെ ഇളവ് നൽകുന്ന യൂസർ ഫീ തദ്ദേശ സ്ഥാപനങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകണം. ഇതിനായി വാർഷിക പദ്ധതിയിൽ തുക വകയിരുത്തണം.
Read Here
- ജയിലിൽ നിന്നും അപ്രത്യക്ഷനായി പ്രമുഖ പ്രതിപക്ഷ നേതാവ്, അദ്ദേഹത്തെ 'പെട്ടെന്ന് കാണാതായത്' എങ്ങനെ?
- വൃക്ക തട്ടിപ്പ്; നിയമം പറയുന്നതും റാക്കറ്റുകൾ ചെയ്യുന്നതും
- മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം വരെ പിഴ, ആറ് മാസം തടവ്, ജാമ്യമില്ലാത്ത കുറ്റം; മാലിന്യ സംസ്കരണ ഓർഡിനൻസിനെ കുറിച്ച് അറിയാം
- ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ പുതിയ പെർമിറ്റ് നിയമങ്ങളെ കെ എസ് ആർ ടി സി എതിർക്കുന്നത് എന്തു കൊണ്ട്?
- പാവങ്ങളുടെ കിഡ്നികൾ നോട്ടമിട്ട് ധനികർ; അറിയാം അപ്പോളോ ആശുപത്രിയിലെ ക്യാഷ് ഫോർ കിഡ്നി റാക്കറ്റിനെക്കുറിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.