/indian-express-malayalam/media/media_files/nAFHlEiDIsXPOMNN3cTh.jpeg)
Kerala-News: ഗവർണറും സർക്കാരും തമ്മിൽ പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് പ്രധാനപ്പെട്ട നിയമ ഭേദഗതികൾ ഉൾപ്പെടുന്ന രണ്ട് ഓർഡിനൻസുകൾ ഗവർണർ ഒപ്പു വച്ചത്. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് മാലിന്യ സംസ്കരണം. അതിനായി സർക്കാർ പലവിധ പരിപാടികളും നടപ്പാക്കുന്നുണ്ടെങ്കിലും മാലിന്യങ്ങൾ പൊതുയിടങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നതും. മാലിന്യങ്ങൾ പൊതുയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും ഒഴുക്കുന്നതുമൊക്കെ നിർബാധം തുടരുകയാണ്. ഇതിന് പുറമെ മാലിന്യസംസ്കരണത്തിനായി ഏർപ്പെടുത്തിയ വാതിൽപ്പടി ശേഖരണത്തോട് നിസ്സഹരിക്കുന്നവരും കുറവല്ല.
മാലിന്യം വലിച്ചെറിയലും ഒഴുക്കിവിടലും കാരണം മഴക്കാലത്ത് വെള്ളം പൊങ്ങുക, ഡെങ്കി, ചിക്കുൻഗുനിയ തുടങ്ങിയ വിവിധയിനം പകർച്ചപ്പനികളും മറ്റ് രോഗങ്ങളും പടരുന്നു എന്നതൊക്കെ വിവിധ തലങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. പരിസര ശുചീകരണം എന്നത് വ്യക്തിഗത ആരോഗ്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അടിസ്ഥാന കാര്യമാണ് എന്നതിനെ അടിസ്ഥാനമാക്കി വിവിധ നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിനെ കൂടി അടിസ്ഥാനമാക്കിയാണ് നിലവിൽ കടുത്ത നടപടികൾ ഉൾപ്പെടുന്ന പുതിയ ഭേദഗതികളുമായി രണ്ട് ഓർഡിനൻസുകൾ സർക്കാർ പുറത്തിറക്കിയത്.
മാലിന്യം വലിച്ചെറിയുന്നവർ, അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർ എന്നിവർക്കൊക്കെ പിഴയും തടവും ഉൾപ്പെടയുള്ള ശിക്ഷാ നടപടികളുമായാണ് ഓർഡിനൻസ് ഇറക്കിയിട്ടുള്ളത്. ആയിരം രൂപമുതൽ അരലക്ഷം രൂപ വരെ പിഴ, ആറ് മാസംവരെ തടവ് തുടങ്ങി നിരവധി ശിക്ഷകളുൾപ്പടെയാണ് ഭേദഗതി.
നിലവിലെ മാലിന്യ സംസ്കരണ രീതികൾ എന്തൊക്കെയാണ് ?
മാലിന്യ സംസ്കരണം സംബന്ധിച്ച് ഉറവിട സംസ്കരണം, വാതൽപ്പടി ശേഖരണം നടത്തിയുള്ള സംസ്കരണം എന്നിവ ഇപ്പോൾ നടപ്പാക്കുന്നുണ്ട്. മാലിന്യം വാതിൽപ്പടി ശേഖരം നടത്തി സംസ്കരിക്കുന്നതിനുള്ള ചുതമല, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കീഴിലാണുള്ളത്.
വാതിൽപ്പടി ശേഖരണം എങ്ങനെ നടക്കുന്നു?
മാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം തദ്ദേശ സ്ഥാപനങ്ങൾ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ, ഏജൻസികൾ എന്നിവ വഴിയാണ് നടപ്പാക്കുന്നത്. ഹരിതകർമ്മ സേനയാണ് പ്രധാനമായ വാതിൽപ്പടി ശേഖരണം നടത്തുന്ന സംവിധാനം.
എവിടെ നിന്നൊക്കെ വാതിൽപ്പടി ശേഖരണം നടത്തുന്നു. അതിന് എന്ത് ചെയ്യണം?
വീടുകൾ, കടകൾ,വാണിജ്യ സമുച്ചയങ്ങൾ, മാളുകൾ, ബഹുനില കെട്ടിടങ്ങൾ,പാർപ്പിട സമുച്ചയങ്ങൾ, മാളുകൾ, വാസേതര പരിസരങ്ങളിൽ തുടങ്ങി എല്ലായിടത്തു നിന്നും വാതിൽപ്പടി ശേഖരണം നടപ്പാക്കുന്നുണ്ട്. അതത് ദിവസങ്ങളിലെ മാലിന്യങ്ങൾ വേർ തിരിച്ച് നൽകണം. പ്ലാസ്റ്റിക് എടുക്കുന്നതിനും മറ്റ് മാലിന്യങ്ങൾ എടുക്കുന്നതിനും നിശ്ചിത ദിവസങ്ങൾ നിശ്ചയിച്ച് നൽകും. അവർ പറയുന്ന രീതിയിൽ വേണം മാലിന്യം നൽകാൻ. ജൈവ, അജൈവ മാലിന്യങ്ങളും അപകടകരമായ ഗാർഹിക മാലിന്യങ്ങളും വേർതിരിച്ച് നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നിശ്ചിയിക്കുന്ന തരത്തിലോ അല്ലെങ്കിൽ ചട്ടങ്ങളിൽ പറഞ്ഞിരിക്കുന്ന തരത്തിലും നിറത്തിലുമുള്ള ബിന്നുകളോ മറ്റ് സംഭരണ സംവിധനങ്ങളോ മാലിന്യം കൈമാറുന്നതിനായി സൂക്ഷിച്ചുവെക്കാൻ മാലിന്യ ഉൽപ്പാദകർ ഉപയോഗിക്കണം.
ഈ നിർദ്ദേശം പാലിച്ചില്ലെങ്കിൽ എന്തായിരിക്കും നടപടി?
തദ്ദേശ സ്ഥാപന ജീവനക്കാർക്കോ കരാറുകാർക്കോ അത്തരം മാലിന്യങ്ങൾ ശേഖറിക്കുന്നതനും നനീക്കം ചെയ്യുന്നതിനും ഓരോ മാലിന്യ ഉൽപ്പാദകനും ചട്ടങ്ങളിലോ ബൈലോകളിലോ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം മാലിന്യം വേർതിരിച്ച് നിക്ഷേപിക്കണം എന്ന് ഓർഡിനൻസിലെ 219 ആം വകുപ്പിലെ മൂന്നാം ഉപവകുപ്പ് നിഷ്ക്കർഷിക്കുന്നു. ഇതിൽ വീഴ്ച വരുത്തിയാൽ ഏതൊരാളുടെയും മേൽ തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്ക് ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ ചുമത്താവുന്നതാണെന്ന് ഇതിലെ നാലാം ഉപവകുപ്പിൽ വിശദീകരിക്കുന്നു.
ആരാണ് മാലിന്യ ഉൽപ്പാദകർ?
വീട്ടുടമസ്ഥർ, സ്ഥാപനങ്ങൾ എന്നിവരെയാണ് മാലിന്യ ഉൽപ്പാദകർ എന്ന പദം കൊണ്ട് ഓർഡിനൻസിൽ ഉദ്ദേശിക്കുന്നത്.
വാതിൽപ്പടി മാലിന്യ ശേഖരണത്തിന് യൂസർ ഫീസ് ഉണ്ടോ, എങ്കിൽ എത്രയാണ്?
വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ഓരോ വീട്ടുകാരും കട, മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവരും മാസം തോറും നിശ്ചിത തുക ഫീസ് ആയി നൽകണം. ഈ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നിശ്ചയിക്കാം. എന്നാൽ, സർക്കാർ തുക നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതിൽ കുറയാൻ പാടില്ല.
ആർക്കാണ് യൂസർ ഫീസ് നൽകേണ്ടത്?
ഓരോ മാലിന്യ ഉൽപ്പാദകനും യൂസര്‍ഫീസ് മുനിസിപ്പാലിറ്റിക്കോഅല്ലെങ്കില്‍ഏതെങ്കിലും അംഗീകൃത ഏജന്‍സിക്കോ എല്ലാ മാസത്തിലെയും അവസാന തീയതിക്കു മുമ്പായോ അല്ലെങ്കില്‍മുനിസിപ്പാലിറ്റി തീരുമാനിച്ചേക്കാവുന്ന അത്തരം കാലയളവിനുള്ളിലോ നല്‍കേണ്ടതാണ്.
യൂസർ ഫീ നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കും?
ഏതെങ്കിലും മാലിന്യ ഉൽപ്പാദകൻ യൂസർ ഫീ നൽകിയില്ലെങ്കിൽ പ്രതിമാസം 50 ശതമാനം പിഴയോടെ ഈടാക്കാൻ ഓർഡിനൻസ് നിർദ്ദേശിക്കുന്നു. ഇത് നിശ്ചിത തീയതിക്ക് ശേഷം 90 ദിവസം കഴിഞ്ഞിട്ടും അടയ്ക്കാതിരുന്നാൽ മാത്രമേ പിഴ ഈടാക്കാൻ സാധിക്കുകയുള്ളൂ.
യൂസർ ഫീ അടച്ചില്ലെങ്കിൽ മറ്റെന്തെങ്കിലും നടപടിക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് സാധ്യമാണോ?
യൂസർഫീസും പിഴയും പൊതു നികുതി കുടിശ്ശികയായി കണക്കാക്കി ഈടക്കാവുന്നതാണ് എന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നു. മാത്രമല്ല, ഇങ്ങനെ വീഴ്ച വരുത്തുന്ന വ്യക്തിക്കെതിരായ മറ്റ് നടപടികൾക്കൊന്നും തടസ്സം വരാതെ തന്നെ തദ്ദേശ സ്ഥാപനത്തിൽ അവർക്ക് നൽകേണ്ടുന്ന ഏതൊരു സേവനവും നൽകുന്നതിൽ വിസമ്മതിക്കാൻ സെക്രട്ടറിക്ക് കഴിയും.
യൂസർ ഫീ നൽകുന്നതിൽ നിന്ന് ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ, ഒഴിവാക്കാനാകുമോ?
സർക്കാരിനോ, അല്ലെങ്കിൽ സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി , തദ്ദേശസ്ഥാപനങ്ങൾക്ക് ഏതെങ്കിലും മാലിന്യ ഉൽപ്പാദകനെയോ മാലിന്യ ഉൽപ്പാദകരുടെ ഗണത്തെയോ ആളൊഴിഞ്ഞതോ, ഒഴിഞ്ഞു കിടക്കുന്നതോ ആയ കെട്ടിടങ്ങളുടെ ഉടമകളെ അല്ലെങ്കിൽ കൈവശക്കാരെ യൂസർ ഫീസ് അടയ്ക്കുന്നതിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്.
മലിന ജലം ഒഴുക്കുന്നതിന് നിയന്ത്രണം എന്തൊക്കെയാണ്?
വ്യക്തികളെ സ്ഥാപനങ്ങളോ മലിന ജലം, ഉപയോഗിച്ച ജലം എന്നിവ ആ പരിസരത്ത് നിന്നും ഒഴുക്കികളയുന്നത് തടയുന്നത് സംബന്ധിച്ച് ഓർഡിനൻസിൽ പറയുന്നുണ്ട്. സിങ്ക്, ചാൽ, തൊഴുത്ത്, ഹോട്ടൽ വ്യവസായസ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള മലിന ജലം, പൊതുഅഴുക്കുചാലുകൾ, റോഡ്, പൊതുസ്ഥലം, തെരുവ്, ജലാശയം, ജലമാർഗം തുടങ്ങിയ ഇടങ്ങൾ അവയുടെ പരിസരങ്ങൾ എന്നിവയിലേക്ക് മലിന ജലം ഒഴുകാൻ അനുവദിക്കുകയോ ഒഴുക്കുകയോ അതിന് കാരണമാകുകയോ ചെയ്യാൻ പാടില്ല
മലിന ജലം ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് ഒഴുക്കിയാൻ നടപടി എന്താണ്?
പൊതുഅഴുക്കുചാലുകൾ, റോഡ്, പൊതുസ്ഥലം, തെരുവ്, ജലാശയം, ജലമാർഗം തുടങ്ങിയ ഇടങ്ങൾ അവയുടെ പരിസരങ്ങൾ എന്നിവയിലേക്ക് മലിന ജലം ഒഴുക്കുന്നവരിൽ നിന്ന് സെക്രട്ടറിക്ക് അയ്യായിരം രൂപയിൽ കുറയാത്തതും എന്നാൽ അമ്പതിനായരം രൂപയിൽ കൂടാത്തതുമായ പിഴ ഈടാക്കാവുന്നതാണ്. ഇങ്ങനെ മലിന ജലം ഒഴുക്കുന്ന പൈപ്പോ, ട്യൂബോ ഒഴിവാക്കാൻ കൈവശക്കാരനോട് അല്ലെങ്കിൽ ഉടമസ്ഥനോട് നിർദ്ദേശിക്കാം. ഏഴ് ദിവസത്തിനുള്ളിൽ നിർദ്ദേശം പാലിച്ചില്ലെങ്കിൽ മറ്റ് നടപടികൾ ഒഴിവാക്കാതെ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യാം. അതിന് വേണഅടി വരുന്ന യഥാർത്ഥ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാം.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയൽ നിരോധനം എന്താണ്?
പൊതുസ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നതിനുള്ള നിരോധനത്തെ കുറിച്ച് പറയുന്ന 219എന്‍. (1) ഉപവകുപ്പ് പ്രകാരം മാലിന്യം ഇടുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെട്ട സ്ഥലങ്ങളിലൊഴികെ തെരുവിലോ ഓടയിലോ പൊതുസ്ഥലത്തോ യാതൊരാളും ഏതെങ്കിലും മാലിന്യം വലിച്ചെറിയുകയോ വലിച്ചെറിഞ്ഞ് വൃത്തികേടാക്കുകയോ തള്ളുകയോ കത്തിക്കുകയോ കുഴിച്ചു മൂടുകയോ അല്ലെങ്കിൽ അത്തരം പ്രവര്‍ത്തികള്‍ചെയ്യുന്നതിന് കാരണമാവുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
പൊതുയിടത്ത് മാലിന്യം വലിച്ചെറിഞ്ഞാൽ എന്താണ് ശിക്ഷ?
219 എന്നിലെ ഒന്നും രണ്ടും ഉപവകുപ്പകളിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ഇതിലെ മൂന്നാം ഉപവകുപ്പ് പ്രകാരം സെക്രട്ടറിക്കോ സെക്രട്ടറി ചുതമലപ്പെടുത്തിയ ഉദ്യോഗസ്ഥനോ തത്സമയം തന്നെ അയ്യായിരം രൂപ പിഴ ചുമത്താം
ഇപ്രകാരം ചുമത്തിയ പിഴ അത് ചുമത്തിയ തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അടയ്ക്കേണ്ടതാണ്. അതിൽ വീഴ്ച വരുത്തിയാൽ ഈ നടപടിക്ക് തടസ്സം വരാതെ ആ വ്യക്തിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കമെന്ന് നാലാം ഉപവകുപ്പിൽ പറയുന്നു.
മാലിന്യം, വിസർജ്ജ്യ വസ്തുക്കൾ ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കിന്നത് നിരോധിച്ചിട്ടുണ്ടോ?
മാലിന്യമോ ചവറോ വിസർജ്ജ്യ വസ്തുക്കളോ ജലാശയങ്ങളിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കുന്നതിനുള്ള നിരോധനം. 219എസ് വകുപ്പ് പ്രകാരമാണ്. ഇതിലെ ഉപവകുപ്പ് (1)പ്രകാരം യാതൊരാളും പൊതു ജലമാർഗ്ഗത്തിലോ ജലാശയത്തിലോജലസ്രോതസ്സിലോ മാലിന്യമോ ചവറോ വിസർജ്ജ്യ വസ്തുക്കളോ വലിച്ചെറിയുകയോ തള്ളുകയോ അതിലേക്ക് മലിനജലം ഒഴുക്കുകയോ ഏതെങ്കിലും കക്കൂസിൽ നിന്ന് അതിലേക്ക് വെള്ളം ഒഴുകാൻ അനുവദിക്കുകയോ അല്ലെങ്കിൽ മലിനജലം അതിലേക്ക് ഒഴുകാൻ അനുവദിക്കുകയോ മറ്റേതെങ്കിലും വിധത്തിൽ ജലം മലിനമാക്കുകയോ അല്ലെങ്കിൽ അത്തരം ഒരു പ്രവൃത്തി ചെയ്യുന്നതിന് ആരെയെങ്കിലും നിയമിക്കുകയോ നിയോഗിക്കുകയോ നിർബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു.
ഇങ്ങനെ ചെയ്യുന്നത് ഏത് തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നു ?
അങ്ങനെ ചെയ്താൽ ഈ കുറ്റം രണ്ടാം ഉപവകുപ്പ് പ്രകാരം കോഗ്നൈസിബിളും ജാമ്യം ഇല്ലാത്തതുമായിരിക്കുമെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു.
ഈ കുറ്റത്തിനുള്ള ശിക്ഷ എന്താണ്?
ഒന്നാം ഉപവകുപ്പിൽ പരാമർശിക്കുന്ന കുറ്റം ചെയ്യുന്ന ഏതൊരാളും സ്ഥാപനവും പതിനായിരം രൂപയിൽ കുറയാതെയും അൻപതിനായിരം രൂപയിൽ കവിയാതെയുമുള്ള പിഴയും ആറ് മാസത്തിൽ കുറയാതെയും ഒരു വർഷത്തിൽ കവിയാതെയുമുള്ള തടവും നൽകി ശിക്ഷിക്കപ്പെടേണ്ടതാണെന്ന് മൂന്നാം ഉപവകുപ്പിൽ വിശദീകരിക്കുന്നു.
മാലിന്യ സംസ്കരണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സാധ്യമാണോ?
മാലിന്യ സംസ്കരണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തദ്ദേശ ഭരണ സെക്രട്ടറി, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സർക്കാരിന് അച്ചടക്ക നടപടി സ്വീകരിക്കാം
മാലിന്യ സംസ്കരണ നടപടികളിൽ തദ്ദേശ ഭരണസമിതിയാണ് വീഴ്ച വരുത്തുന്നതെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും?
തദ്ദേശ സ്ഥാപന ഭരണസമിതിയാണ് മാലിന്യ സംസ്കരണ പ്രവർത്തനത്തിൽ വീഴ്ചവരുത്തിയാലും നടപടിയുണ്ടാകും. ഓർഡിനൻസ് പ്രകാരം തദ്ദേശ ഭരണസ്ഥാപനത്തിന് മേൽ സർക്കാരിന് പിഴ ചുമത്താനാകും.
കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ മാലിന്യ സംസ്കരണത്തിനായി ചെയ്യേണ്ടുന്ന നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?
നൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ ലൈസൻസ് ഇല്ലാത്ത സ്ഥലത്ത് സംഘടിപ്പിക്കുന്നുണ്ടെങ്കിൽ പരിപാടി നടക്കുന്ന ദിവസത്തിന് മൂന്ന് ദിവസം മുമ്പ് അത് നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തെ അറിയിച്ച് മാലിന്യ സംസ്കരണത്തിനുള്ള ഫീസ് അടയ്ക്കണം. ആ പരിപാടി സംഘടിപ്പിക്കുന്നവർ ഉറവിടത്തിൽ മാലിന്യങ്ങൾ വേർതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും മുനിസിപ്പാലിറ്റിക്കോ അവർ ഏർപ്പെടുത്തിയിട്ടുള്ള മാലിന്യ ശേഖരണ ഏജൻസികൾക്കോ അത് കൈമാറുകയും വേണം. ഈ ഫീസ് മാലിന്യ സംസ്കരണത്തിനുള്ള യഥാർത്ഥ ചെലവിനേക്കാൾ കുറയാൻ പാടില്ലാത്തും മുനിസിപാലിറ്റി നിർദ്ദേശിക്കുന്ന പ്രകാരം മുൻകൂർ അടയ്ക്കേണ്ടതുമാണ്.
Read More Explainers Here
- എ ഐ യോട് അയവ് വേണ്ട, എ ഐ യെ നിയന്ത്രിക്കാനുള്ള ചരിത്ര നിയമവുമായി യൂറോപ്യൻ യൂണിയൻ. നിയമത്തിൽ പറയുന്നത് എന്തൊക്കെ
- പാർലമെന്റ് പാസാക്കിയ അഭിഭാഷക ഭേദഗതി ബിൽ ലക്ഷ്യമിടുന്നത് എന്ത്?
- ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ പുതിയ പെർമിറ്റ് നിയമങ്ങളെ കെ എസ് ആർ ടി സി എതിർക്കുന്നത് എന്തുകൊണ്ട്?
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോ: ധന്വന്തരി ചിത്രത്തിന്റെ പേരിൽ എന്തിനാണ് ഡോക്ടർമാർ ഇപ്പോൾ പ്രതിഷേധിക്കുന്നത്?
- പാവങ്ങളുടെ കിഡ്നികൾ നോട്ടമിട്ട് ധനികർ; അറിയാം അപ്പോളോ ആശുപത്രിയിലെ ക്യാഷ് ഫോർ കിഡ്നി റാക്കറ്റിനെക്കുറിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.