/indian-express-malayalam/media/media_files/uploads/2017/06/ksrtc-scaniya-volvo.jpg)
ഈ വർഷം മെയ് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023 (എ ഐ ടി പി) ന്റെ നിയമപരമായ സാധുത ചോദ്യം ചെയ്തുകൊണ്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഹൈക്കോടതിയെ സമീപിച്ചു. നവംബർ 29-ന്, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി 1988-ലെ മോട്ടോർ വെഹിക്കിൾ ആക്‌ട് പ്രകാരം നിക്ഷിപ്‌തമായ അധികാരങ്ങൾ ഉപയോഗിച്ച് ഓൾ-ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) റദ്ദാക്കി.
കേന്ദ്ര നിയമത്തിന് കീഴിലുള്ള പുതിയ പെർമിറ്റ് റൂൾ ഗതാഗത വ്യവസായത്തെ എങ്ങനെ മാറ്റിമറിക്കും, എന്തുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്.
കോൺട്രാക്ട് കാരേജും സ്റ്റേജ് കാരേജും
കേരളത്തിൽ 1988-ലെ മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 72 പ്രകാരം വിവിധ ജില്ലകളിലെ അതാത് റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികളാണ് ബസ് പെർമിറ്റുകൾ നൽകുന്നത്. ഈ നിയമം അടിസ്ഥാനമാക്കി ബസ്സുകൾക്ക് രണ്ട് തരത്തിലുള്ള പെർമിറ്റുകൾ നൽകുന്നു - കോൺട്രാക്ട് കാരേജ്, സ്റ്റേജ് കാരേജ്.
ആദ്യത്തേത്,ഒരു യാത്രക്കാരനോ യാത്രക്കാരുടെ സംഘമോ വാടകയ്‌ക്ക് എടുക്കുന്ന വാഹനം/ബസാണ് കോൺട്രാക്‌ട് കാരേജ്, റൂട്ട് പരിഗണിക്കാതെ ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ (വിവാഹം, വിനോദ സഞ്ചാരം എന്നീ യാത്രകൾ ഉദാഹരണം), വഴിയിൽ നിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ പ്രധാനമായും ഈ പെർമിറ്റിലാണ് സർവീസ് നടത്തുന്നത്.
രണ്ടാമത്തേത്, സ്റ്റേജ് ക്യാരേജ് ബസ് സർക്കാർ നിശ്ചയിച്ച നിരക്കിൽ ഒരു പ്രത്യേക റൂട്ടിൽ ഓടുന്നു. സ്റ്റേജ് ക്യാരേജ് പെർമിറ്റുള്ള ബസ് സാധാരണ ബസ് സർവീസായി പ്രവർത്തിക്കുന്നു, അവിടെ മുഴുവൻ റൂട്ടും ലക്ഷ്യസ്ഥാനം വരെ വിവിധ നിർദ്ദിഷ്ട ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. സംസ്ഥാന ക്യാരേജ് വിഭാഗത്തിലാണ് കെഎസ്ആർടിസി വരുന്നത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്
കേന്ദ്ര സർക്കാർ ഈ വർഷം ആദ്യം ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) റൂൾസ്, 2023 രൂപീകരിച്ചു. റൂൾ 5 പ്രകാരം അടച്ച പെർമിറ്റ് ഫീസിന്റെ ബലത്തിൽ ഒരു ടൂറിസ്റ്റ് വെഹിക്കിൾ ഓപ്പറേറ്ററെ രാജ്യത്തുടനീളം ഓടിക്കാൻ ഈ അഖിലേന്ത്യാ പെർമിറ്റ് പ്രാപ്തമാക്കുന്നു. ഇതിലെ പെർമിറ്റ് ഫീസ് ഫോർമുല പ്രകാരം സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിനുമിടയിൽ വീതം വെക്കും.
ഈ ഫീസ് പങ്കിടൽ ഫോർമുലയുടെ ഗുണഭോക്താവാണെങ്കിലും കേരളം ഈ അഖിലേന്ത്യാ പെർമിറ്റ് എതിർക്കുന്നു.
നേരത്തെ, മോട്ടോർ വെഹിക്കിൾസ് (ടൂറിസ്റ്റ് ട്രാൻസ്പോർട്ട് ഓപ്പറേറ്റർമാർക്കുള്ള ഓൾ ഇന്ത്യ പെർമിറ്റ്) റൂൾസ്, 1993 പ്രകാരമാണ് ടൂറിസ്റ്റ് ബസ് പെർമിറ്റുകൾ അനുവദിച്ചിരുന്നത്. 2023 ലെ നിയമങ്ങൾ പെർമിറ്റ് നൽകുന്നത് ലളിതമാക്കി, ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിന്ന് പെർമിറ്റ് നേടിയാൽ, ഓപ്പറേറ്റർക്ക് അവരുടെ വാഹനം ഇന്ത്യയിലുടനീളം ഉപയോഗിക്കാം.
യഥാർത്ഥ പ്രശ്നം
പെർമിറ്റ് റെഗുലേഷൻസ് 2023 ലെ റൂൾ 6 (2) പ്രകാരം, എ ഐ ടി പി (AITP) ഉള്ള ഒരു ഓപ്പറേറ്റർക്ക് യാത്രക്കാരുമായി വ്യക്തിഗത കരാറുകളിൽ ഏർപ്പെടാം, അതിനാൽ അവരെ വഴിയിൽ വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് കയറ്റാനും ഇറക്കാനും (സാധാരണ ബസ് സർവീസ് ചെയ്യുന്നതു പോലെ) കഴിയും. ഇത് ഒരു തരത്തിൽ ടൂറിസ്റ്റ് പെർമിറ്റ് ഉടമയെ സ്റ്റേജ് ക്യാരേജ് പോലെ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു, അതേസമയം കേരളത്തിൽ ടൂറിസ്റ്റ് വാഹനങ്ങൾ കോൺട്രാക്ട് ക്യാരേജുകളായി പ്രവർത്തിക്കുന്നു. മാറിയ സംവിധാനത്തിന് കെ എസ് ആർ ടി സി വരുമാനത്തെ ബാധിക്കും
കേരളത്തിന്റെ വാദങ്ങൾ
ടൂറിസ്റ്റ് വാഹനത്തെ സ്റ്റേജ് ക്യാരേജ് ആയി സർവീസ് നടത്താൻ അനുവദിക്കുന്നത്, 1988-ലെ മോട്ടോർ വാഹന നിയമത്തിലെയും നിരവധി സുപ്രീം കോടതി വിധികളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് പുതിയ നിയമത്തെ സംസ്ഥാന സർക്കാർ ചോദ്യം ചെയ്തത്. ഈ നിയമങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ലാഷ് പോയിന്റ്
കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം നിരവധി ടൂറിസ്റ്റ് വാഹന ഓപ്പറേറ്റർമാർ അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നേടിയിട്ടുണ്ട്. എന്നാൽ എഐടിപിയുമായി റോബിൻ ഗിരീഷ് എന്ന ബസ് ഓപ്പറേറ്റർ പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് നിരവധി സ്റ്റോപ്പുകളുള്ള അന്തർസംസ്ഥാന ബസ് ഓടിക്കാൻ തുടങ്ങിയതോടെയാണ് വിഷയം കേരളത്തിൽ ചൂടുപിടിച്ചത്. അന്തർസംസ്ഥാന മേഖലയിൽ ആധിപത്യമുള്ള കെഎസ്ആർടിസി ഇതിനെ എതിർത്തു.
മോട്ടോർ വാഹന വകുപ്പ് (എംവിഡി) രംഗത്തെത്തി, പല നഗരങ്ങളിലും ബസുകൾക്ക് പിഴ ചുമത്തി. തമിഴ്‌നാട് എംവിഡിയും റോബിൻ ബസിന് പിഴ ചുമത്തി, ഇത് കേരളത്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് അതിന്റെ ഉടമ ആരോപിച്ചു. പുതിയ പെർമിറ്റ് മാനദണ്ഡങ്ങളെച്ചൊല്ലിയുള്ള തർക്കത്തിന് വഴിയൊരുക്കി ബസുടമ കുറച്ചുദിവസം കൂടി സർവീസ് തുടർന്നു. നവംബർ 29-ന് എംവിഡി അതിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്തു. തുടർന്ന് കെഎസ്ആർടിസിയെ കേസിൽ പ്രതിയാക്കി ഓപ്പറേറ്റർ ഹൈക്കോടതിയെ സമീപിച്ചു. പുതിയ പെർമിറ്റ് ചട്ടങ്ങൾ ചോദ്യം ചെയ്യുന്നതിനെക്കുറിച്ച് കോടതി വാക്കാൽ സംശയം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിന്റെ ആശങ്ക
എഐടിപിയുള്ള സ്വകാര്യ ഓപ്പറേറ്റർമാർ ഒരു സാധാരണ ബസ് സർവീസ് പോലെ പ്രവർത്തിക്കാൻ തുടങ്ങിയാൽ, അത് ഇതിനകം തന്നെ വലിയ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കെ എസ് ആർ ടി സിയുടെ വരുമാനത്തെ ബാധിക്കുമെന്നതാണ് കേരളത്തിന്റെ പ്രശ്നം.
കെഎസ്ആർടിസിയുടെ പ്രതിസന്ധി ഒരുപരിധിവരെയെങ്കിലും മറികടക്കുന്നത് ദീർഘദൂര, അന്തർ സംസ്ഥാന സർവീസുകളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 4,833 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് ശമ്പള, പെൻഷൻ ബില്ലുകൾ അടയ്ക്കാൻ നൽകിയത്. ദേശസാൽക്കരണത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച്, കേരളത്തിലെ പല റൂട്ടുകളിൽ നിന്നും സ്വകാര്യ ഓപ്പറേറ്റർമാരെ സംസ്ഥാനം നിരോധിച്ചു. പുതുപുത്തൻ വാഹനങ്ങളുള്ള എ ഐ ടി പി (AITP) ഉടമകൾക്ക് ദേശസാൽകൃത റൂട്ടുകളിൽ പ്രവർത്തിക്കുന്നതിന് നിയമപരമായ തടസ്സമില്ല.
എന്തുകൊണ്ട് കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിൽ
കെഎസ്ആർടിസി നെറ്റ്‌വർക്കിന്റെ നവീകരണത്തിന്റെ അഭാവവും സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കാരണം കേരളത്തിലെ പൊതുഗതാഗത സംവിധാനം വർഷങ്ങളായി നഷ്ടത്തിലാണ്.
2022-ലെ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) പ്രകാരം സംസ്ഥാനത്ത് നാലിൽ ഒരാൾക്ക് കാർ ഉണ്ടെന്നും ദേശീയ ശരാശരി 7.5 ശതമാനം മാത്രമാണെന്നും കണ്ടെത്തി. സ്വകാര്യ സ്റ്റേജ് കാരിയർമാരുടെ എണ്ണം ഒരു പതിറ്റാണ്ട് മുമ്പ് 20,000 ൽ നിന്ന് 8,000 ആയി കുറഞ്ഞു. അതേസമയം, 5000-ഓളം ബസുകളുള്ള കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി കാരണം 4000-ത്തിൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.