/indian-express-malayalam/media/media_files/5kWIdgi9Q0Qb4bRuJl5B.jpeg)
Explained, Russia: വ്ളാദിമിർ പുടിന്റെ വിമർശകനും റഷ്യയിലെ ഏറ്റവും പ്രമുഖ പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയെ തീവ്രവാദ കുറ്റം ചുമത്തി അദ്ദേഹത്തെ 19 വർഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. പീനൽ കോളനിയിലെ (പ്രത്യേകതരം ജയിൽ ) ശിക്ഷാകാലവധിക്കിടെ അലക്സി നവാൽനി അവിടെ നിന്ന് പെട്ടെന്ന് ‘അപ്രത്യക്ഷനായി’.
അലക്സി നവാൽനിയെക്കുറിച്ചുള്ള ആശങ്കകൾ പടർന്നത്, തിങ്കളാഴ്ച (ഡിസംബർ 11), ജയിൽ ഉദ്യോഗസ്ഥർ അദ്ദേഹം ഇനി തടവുപട്ടികയിൽ ഇല്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയായി ആർക്കും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അലക്സി നവാൽനിയുടെ വക്താവ് കിര യർമിഷ് പറഞ്ഞു.
മോസ്കോയിൽ നിന്ന് 230 കിലോമീറ്റർ കിഴക്കുള്ള മെലെഖോവോ പട്ടണത്തിലെ പീനൽ കോളനിയിലെ നമ്പർ ആറിൽ നിന്ന് അദ്ദേഹത്തെ മാറ്റിയതായി റഷ്യൻ അധികൃതർ അറിയിച്ചു. എന്നാൽ എവിടേക്കാണ് കൊണ്ടു പോയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
പുടിൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ
റഷ്യയിലെ ഇടയ്ക്കിടെയുള്ള ജയിൽ മാറ്റങ്ങൾ കുപ്രസിദ്ധവും രഹസ്യാത്മകവുമാണ്, തടവുകാരെ മാറ്റിയതിന് ശേഷം ആഴ്ചകളോളം അവർ എവിടെയാണെന്നതിനെക്കുറിച്ച് അധികാരികൾ ഒരു വിവരവും നൽകുന്നില്ല. റഷ്യയിലുടനീളമുള്ള 30-ഓളം പീനൽ കോളനികളിൽ അലക്സി നവാൽനിയുടെ അണികൾ ഇപ്പോൾ അദ്ദേഹത്തെ അന്വേഷിക്കുമെന്ന് കിര യാർമിഷ് പറഞ്ഞു.
“കഴിയുന്നിടത്തോളം അദ്ദേഹത്തെ ഹൈഡ് ചെയ്യാൻ അവർ ശ്രമിക്കും,” വെള്ളിയാഴ്ച (ഡിസംബർ 8) പ്രഖ്യാപിച്ച അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ ആറ് വർഷത്തേക്ക് കൂടി അധികാരത്തിൽ തുടരാനുള്ള പ്രസിഡന്റ് പുടിന്റെ തീരുമാനത്തെ ചൂണ്ടിക്കാട്ടി കിര യാർമിഷ്, എ പിയോട് പറഞ്ഞു.
“ഈ കാലയളവിൽ അലക്സിയെ ഒറ്റപ്പെടുത്താനായി മനഃപൂർവം ഉണ്ടാക്കിയ സാഹചര്യമാണ് ഇത് എന്ന് ഞാൻ ഊഹിക്കുന്നു, ഒറ്റപ്പെടുത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഒരു തരത്തിലും സ്വാധീനിക്കാൻ കഴിയില്ല, കാരണം എല്ലാവർക്കും മനസ്സിലാകും… അലക്സി, അയാളുടെ ( പുടിൻ) പ്രധാന എതിരാളിയാണ്, അലക്സി ഈ കാലയളവിൽ ബാലറ്റിൽ ഇല്ലെങ്കിലും.” കിര യാർമിഷ് പറഞ്ഞു.
പുടിൻ വീണ്ടും തിരഞ്ഞെടുക്കപ്പെടും എന്നത് ഏതാണ്ട് ഉറപാണ്. എങ്കിലും രാജ്യത്തിന്റെ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തിന്റെ അമിതമായ നിയന്ത്രണവും, വിയോജിപ്പിനെതിരെയുള്ള വ്യാപകമായ അടിച്ചമർത്തലും കണക്കിലെടുത്ത്, അലക്സി നവാൽനിയുടെ അണികളും മറ്റ് വിമർശകരും പുടിന് പൊതുജന പിന്തുണ ഇല്ലാതാക്കാനായി ഈ പ്രചാരണം ഉപയോഗിക്കാൻ ആണ് ലക്ഷ്യമിടുന്നത്.
പുടിന്റെ ഏറ്റവും പ്രമുഖ എതിരാളിയായി അലക്സി നവാൽനി മാറിയതെങ്ങനെ
അഭിഭാഷകനായിരുന്നു അലക്സി നവാൽനി, പിന്നീട് ജനകീയ അഴിമതി വിരുദ്ധ പോരാളായി മാറി. അഴിമതിയിലൂന്നിയ, ദുർബലമായ ഒരു ഏകാധിപത്യ സംവിധാനമാണ് പുടിൻ കെട്ടിപ്പെടുത്തിരിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
"സമകാലിക റഷ്യയുടെ അടിത്തറ അഴിമതിയാണ്, മിസ്റ്റർ പുടിന്റെ രാഷ്ട്രീയ ശക്തിയുടെ അടിത്തറയും അത് തന്നെ," എന്നായിരുന്നു അലക്സി നവാൽനി 2011-ൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. അലക്സി നവാൽനിയും സംഘവും പുടിനെ വിമർശിക്കുന്നതും തുറന്നു കാട്ടുന്നതും കൂടാതെ റഷ്യയിലെ ഉന്നതരുടെ സമ്പന്നമായ ജീവിതരീതികളെയും കുറിച്ച് വളരെ പ്രൊഫഷണലായ വീഡിയോകൾ നിർമ്മിക്കുകയും അവ യൂട്യൂബിൽ (YouTube) ൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു.
പുടിനെതിരെ 2011 ഡിസംബറിൽ പ്രതിഷേധം ഉയർന്നപ്പോൾ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. 2013-ൽ മോസ്‌കോയിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയും 27 ശതമാനം വോട്ട് നേടുകയും ചെയ്തിരുന്നു അലക്സി നവാൽനി, എന്നാൽ സ്റ്റേറ്റ് മീഡിയയിൽ നിന്ന് അദ്ദേഹത്തിന് കവറേജ് ലഭിച്ചില്ല. അതിനു ശേഷം വിവിധ കാരണങ്ങളാൽ അദ്ദേഹത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്.
Read Here
- വൃക്ക തട്ടിപ്പ്; നിയമം പറയുന്നതും റാക്കറ്റുകൾ ചെയ്യുന്നതും
- മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം വരെ പിഴ, ആറ് മാസം തടവ്, ജാമ്യമില്ലാത്ത കുറ്റം; മാലിന്യ സംസ്കരണ ഓർഡിനൻസിനെ കുറിച്ച് അറിയാം
- ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ പുതിയ പെർമിറ്റ് നിയമങ്ങളെ കെ എസ് ആർ ടി സി എതിർക്കുന്നത് എന്തുകൊണ്ട്?
- പന്നൂൻ വധശ്രമ ഗൂഢാലോചന ഇന്ത്യയുടെ ആഗോള പ്രതിച്ഛായയെ ബാധിക്കുമോ ? യുഎസുമായുള്ള ബന്ധത്തിന് എന്ത് സംഭവിക്കും?
- പാവങ്ങളുടെ കിഡ്നികൾ നോട്ടമിട്ട് ധനികർ; അറിയാം അപ്പോളോ ആശുപത്രിയിലെ ക്യാഷ് ഫോർ കിഡ്നി റാക്കറ്റിനെക്കുറിച്ച്
റഷ്യൻ ഭരണകൂടത്തിന്റെ പീഡനം
അഴിമതിയെയും പുടിന്റെ സ്വകാര്യ സമ്പത്തിനെയും കുറിച്ചുള്ള നവൽനിയുടെ അവകാശവാദങ്ങൾ നിരസിച്ച ക്രെംലിൻ, വിമത വ്യക്തിയോട് ക്രൂരമായി പെരുമാറി, അദ്ദേഹത്തെ തീവ്രവാദിയും സിഐഎ പാവയുമായി ചിത്രീകരിച്ചു.
അഴിമതി, ഫണ്ട് ദുരുപയോഗം, തീവ്രവാദം എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി - അദ്ദേഹത്തെ നിലവിൽ 19 വർഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. മുമ്പത്തെ എല്ലാ ആരോപണങ്ങളെയും പോലെ, തന്നെ പൊതുജീവിതത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്താൻ വേണ്ടി കെട്ടിച്ചമച്ചതാണ് ഈ ആരോപണങ്ങൾ, എന്ന് നവൽനി വാദിക്കുന്നു.
2020 ഓഗസ്റ്റിൽ, സൈബീരിയയിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനത്തിൽ വച്ച്, അദ്ദേഹത്തിന് അസുഖം ബാധിച്ചു. പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തി ജീവൻ രക്ഷിച്ചു. അലക്സി നവാൽനിയെ പിന്നീട് ബെർലിനിലേക്ക് കൊണ്ടു പോയി, അവിടെ മൂന്ന് രാജ്യങ്ങളിലെ ലാബ് പരിശോധനകളിൽ, അദ്ദേഹത്തിനെ രോഗബാധിതനാക്കിയത് സോവിയറ്റ് യൂണിയനിൽ വികസിപ്പിച്ച വിഷം 'നോവിചോക്ക്' ആണെന്നും അത് റഷ്യൻ രഹസ്യ ഏജന്റുമാർ ഉപയോഗിക്കുന്ന കുപ്രസിദ്ധമായ ആയുധമാണെന്നും കണ്ടെത്തി. അവിടെ അദ്ദേഹത്തെ ന്യൂറോടോക്സിന് ചികിത്സിച്ചു.
എന്നിരുന്നാലും, 2021-ൽ നവാൽനി സ്വമേധയാ റഷ്യയിലേക്ക് മടങ്ങി, അവിടെയെത്തിയ ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. അന്നു മുതൽ ജയിലിൽ കഴിയുകയാണ്.
(റോയിട്ടേഴ്സ്, എപി എന്നിവരുടെ റിപ്പോർട്ടുകൾ ഉൾപ്പടെ)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.