/indian-express-malayalam/media/media_files/uploads/2019/05/V-Muraleedharan.jpg)
കേന്ദ്രമന്ത്രി വി മുരളീധരൻ | ഫൊട്ടോ: ഫേസ്ബുക്ക്/ വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാലിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ധനമന്ത്രി പഞ്ച് ഡയലോഗ് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും കേരളത്തിന് ഒറ്റ പൈസ പോലും കുടിശ്ശിക കൊടുക്കാനില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
"അടിമ ഉടമ എന്ന പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. അരിയെത്രയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴിയെന്നാണ് ധനമന്ത്രിയുടെ മറുപടി. ആരും ആരുടെയും അടിമയല്ല. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണം. കിഫ്ബി യുടെ കാര്യത്തിൽ കടമെടുപ്പ് പരിധിയിലേ ഉൾപ്പെടുത്താനാകൂ. അതാണ് രാജ്യത്തെ നിയമം.
കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു. ഒറ്റ പൈസ പോലും കുടിശ്ശിക കൊടുക്കാനില്ല. കുടിശിക വന്നത് കൃത്യമായ നടപടികൾ സർക്കാർ പാലിക്കാത്തതിനാലാണ്. കണക്കുകൾ പറയുന്നതല്ലാതെ, വിശദാംശങ്ങൾ പറയുന്നില്ല. നെല്ല് സംഭരണത്തിന് കേന്ദ്രം കഴിഞ്ഞ മാസം 378 കോടി നൽകി. ഈ പണം സംസ്ഥാന സർക്കാർ നെൽകർഷകർക്ക് നൽകിയോ, അതോ കേരളീയം പരിപാടിക്കാണോ ചെലവാക്കിയത്.
കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് ആരെന്ന് വ്യക്തമാണ്. കേന്ദ്രം വർധിപ്പിച്ച താങ്ങുവിലയല്ല കേരളം നൽകുന്നത്. കാര്യങ്ങൾ ചെയ്യാതെ പഴി കേന്ദ്രത്തിൻ്റെ തലയിൽ വയ്ക്കാനാണ് ശ്രമം. കേരളത്തിന്റെ ധനമന്ത്രി പറഞ്ഞ കാര്യങ്ങളിൽ ധവളപത്രം ഇറക്കാൻ വെല്ലുവിളിക്കുകയാണ്," വി മുരളീധരൻ പറഞ്ഞു.
അതേസമയം, ആലുവ ബലാത്സംഗ കൊലക്കേസിലെ ചരിത്രവിധിയേയും കേന്ദ്രമന്ത്രി വി മുരളീധരൻ സ്വാഗതം ചെയ്തു. "വിധി ഏറ്റവും ഉചിതമാണ്. ഏറ്റവും വേഗത്തിൽ വിധി പ്രസ്താവിക്കാൻ സാധിച്ചു. പോക്സോ നിയമം കേന്ദ്രം ഭേദഗതി ചെയ്തത് വിധി വേഗത്തിലാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആകണം," കേന്ദ്രസഹമന്ത്രി പറഞ്ഞു.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.