/indian-express-malayalam/media/media_files/0AagAOhQCHHpejbSoVlZ.jpg)
Aluva Child Rape and Murder Case Dateline
Kerala-News, Aluva Child Rape and Murder Case: ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ സോമനാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ഈ കേസിലെ ഏക പ്രതിയാണ് അസ്ഫാക് ആലം.
ജൂലൈ 28 നാണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതിയെ അന്ന് തന്നെ പിടികൂടി. അടുത്ത ദിവസം തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Read Here
- ആലുവ കേസ്; അസ്ഫാക് ആലത്തിന് വധശിക്ഷ
- കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
വേഗത്തിൽ വിചാരണ പൂർത്തിയാക്കി, വിധി പറഞ്ഞ കേസ്
ഒരുപക്ഷേ, കേരളത്തിൽ ഇത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കി, വിധി പറഞ്ഞ കേസ് വേറെ ഉണ്ടാകില്ല. സംഭവം നടന്ന 35 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകി. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 41 ആം ദിവസം കോടതി ശിക്ഷ വിധിച്ചു.
കൊലപാതകം, ബലാത്സംഗം, പോക്സോവകുപ്പുകൾ എന്നിവ അടക്കം 16 വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതി അസ്ഫാക് ആലത്തിനെതിരായ വിചാരണ. 43 സാക്ഷികളെ വിസ്തരിച്ചിരുന്നു.
കേരളത്തിൽ സംഭവിച്ച നീചവും നിഷ്ഠൂരവുമായ കേസിൽ ഇതുവരെ സംഭവിച്ചതിലെ നാൾവഴികൾ ഇങ്ങനെ.
ആലുവ കേസിന്റെ ചരിത്ര വഴികൾ
2023 ജൂലൈ 28
ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ അഞ്ചു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലം എന്നയാളെ പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു. അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് പൊലീസിനോട് പറഞ്ഞു.
2023 ജൂലൈ 29
പ്രതികുറ്റം സമ്മതിച്ചു. 18 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിൽ ആലുവ മാർക്കറ്റിനു പുറകിൽ മാലിന്യങ്ങൾക്കിടയിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
2023 ജൂലൈ 30
പൊതുദർശനത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. പ്രതി അസ്ഫാക്കിനെതിരെ ഒൻപത് വകുപ്പുകൾ ചുമത്തി. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു.
2023 ജൂലൈ 31
അസ്ഫാക് ആലം ഡൽഹിയിലും പോക്സോ കേസിൽ പ്രതിയാണെന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു.
2023 ഓഗസ്റ്റ് 01
പ്രതി അസ്ഫാക്ക് മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
2023 ഓഗസ്റ്റ് 03
അസ്ഫാക്കിനെ ആലുവ മാർക്കെറ്റിലെത്തിച്ചു തെളിവെടുത്തു. കുട്ടി ധരിച്ചിരുന്ന ബനിയന്റെ ഭാഗവും രണ്ട് ചെരുപ്പുകളും പൊലീസ് കണ്ടെടുത്തു.
കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു കൊണ്ടുളള സർക്കാർ ഉത്തരവ് കൈമാറി.
2023 ഓഗസ്റ്റ് 06
ആലൂവ ചൂർണിക്കരയിൽ പ്രതി അസ്ഫാക് താമസിച്ചിരുന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
2023 സെപ്റ്റംബർ 1
കേസിൽ പൊലീസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
2023 ഒക്ടോബർ 4
വിചാരണ തുടങ്ങി.
കുറ്റകൃത്യം നടന്ന് നൂറാം ദിവസം വിചാരണ പൂർത്തിയാക്കി. മൊത്തം 16 കുറ്റകൃത്യങ്ങൾ, തെളിവായി 50 ഓളം സി സി ടി വി ദൃശ്യങ്ങൾ, സാക്ഷികൾ 43.
വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റകൃത്യം ഉൾപ്പപെടുന്നു. കുറ്റകൃത്യങ്ങളിൽ മൂന്നെണ്ണത്തിൽ ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാം. അഞ്ച് കുറ്റകൃത്യങ്ങൾക്ക് പത്ത് വർഷം വരെ കഠിന തടവ് ലഭിക്കാം.
2023 നവംബർ അഞ്ച്
പ്രതി കുറ്റക്കാരൻ എന്ന് പോക്സോ പ്രത്യേക കോടതി കണ്ടെത്തി. നവംബർ ഒമ്പതിനകം പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം ശിക്ഷ ഒമ്പതിന് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു.
2023 നവംബർ എട്ട്
പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു. 43 പ്രോസിക്യൂഷൻ സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല.
2023 നവംബർ പതിനാല്
ശിക്ഷാവിധി പ്രഖ്യാപിച്ചു, അസ്ഫാക് ആലത്തിന് തൂക്കുകയര്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.