ന്യൂഡൽഹി: ജനങ്ങളെ ബോധ്യപ്പെടുത്തി സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. പദ്ധതി സമൂഹത്തിന് ആവശ്യമുള്ളതാണെന്ന് ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റിന് മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ പങ്കെടുക്കാന്‍ ഡൽഹിയിലെത്തിയതായിരുന്നു ധനമന്ത്രി.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്കായുള്ള കേന്ദ്ര വിഹിതവും മന്ത്രി യോഗത്തിൽ ആവശ്യപ്പെടുമെന്നും റിപ്പോർട്ടുണ്ട്. പദ്ധതിക്കായുള്ള റെയിൽവേയുടെ വിഹിതം 2000 കോടി രൂപയാണ്. എന്നാൽ ഇത് നൽകാൻ കേന്ദ്രം ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല. പലകാരണങ്ങൾ പറഞ്ഞ് തുക അനുവദിക്കുന്നത് നീട്ടി കൊണ്ടുപോവുകയാണ്. ഈ വിഹിതം പൊതു ബജറ്റിൽ ഉൾപ്പെടുത്തി നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചിരുന്നു.
കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ബജറ്റിൽ വിഹിതം ആവശ്യപ്പെടുമെന്നും അതിനായുള്ള പദ്ധതികൾ വേണമെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാണിച്ച് കേന്ദ്ര സഹായം ആവശ്യപ്പെടാനാണ് സാധ്യത. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാലഗോപാൽ പറഞ്ഞു.
Also Read: അപമാനിച്ച് പുറത്താക്കി, സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് എസ്.രാജേന്ദ്രൻ