/indian-express-malayalam/media/media_files/2025/07/09/kerala-bandh-2025-07-09-13-47-28.jpg)
Kerala Bandh Updates: കൊച്ചി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂർണം. ബസുകൾ സർവ്വീസ് നടത്തിയില്ല. സ്കൂൾ-കോളേജുകൾ പ്രവർത്തിച്ചില്ല. കടകൾ ഉൾപ്പടെ അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളിൽ നാമമാത്രമായിരുന്നു ഹാജർ. അതേസമയം, പണിമുടക്ക് ട്രെയിൻ ഗതാഗതത്തിനെ ബാധിച്ചില്ല. സ്വകാര്യ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിച്ചില്ല.
തിരുവനന്തപുരത്ത് പണിമുടക്ക് പൂർണം
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. കടകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ പരിമിതമായി ഓടുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് പൊലീസ് ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. പ്രത്യേകിച്ച് ആർസിസി പോലുള്ള അത്യാവശ്യ സ്ഥലങ്ങളിലേക്ക് സർവീസ് ലഭ്യമാക്കി.
Also Read:ദേശീയ പണിമുടക്ക്; വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞു, റെയിൽ ഗതാഗതം തടസ്സപ്പെട്ടു
ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ആർടിസി ഡിപ്പോകളിൽ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെങ്കിലും, സർവീസുകൾ നടത്തുന്നില്ലെന്ന് യാത്രക്കാരോട് പറയുന്നു. കേരള യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
കൊല്ലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം
കൊല്ലം ജില്ലയിലെ ഒരു കെഎസ്ആർടിസി സ്റ്റേഷനിലും ബസുകൾ സർവീസ് നടത്തുന്നില്ല. പത്തനാപുരത്ത് 'ഔഷധി' പൂട്ടിക്കാൻ സമരക്കാർ ശ്രമിച്ചു. ആശുപത്രികളിലേക്ക് മരുന്ന് എത്തിക്കുന്ന അവശ്യ സർവീസായ ഔഷധിയിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തി ബലമായി പുറത്തിറക്കി. കൊല്ലത്ത് നിന്നും കരുനാഗപ്പള്ളിയിലേക്ക് എത്തിയ കെഎസ്ആർടിസി ബസ് കണ്ടക്ടർ ശ്രീകാന്തിനെ പണിമുടക്ക് ദിവസം സർവീസ് നടത്തിയത് ചോദ്യം ചെയ്ത് സമരക്കാർ മർദിച്ചതായി പരാതിയുണ്ട്.
Also Read:കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം അവഗണിച്ച് ഒരു സർവീസും നടത്തിയില്ല. ജോലിക്കെത്തിയ ജീവനക്കാരെ തടയുകയും ബസുകളിൽ കൊടി കെട്ടുകയും ചെയ്തു. പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് പോയ കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഷിബു തോമസ് സമരക്കാരുടെ ആക്രമണം ഭയന്ന് ഹെൽമറ്റ് ധരിച്ചാണ് വാഹനം ഓടിച്ചത്. ഈ ബസ് അടൂരിൽ സമരക്കാർ തടഞ്ഞു.
എറണാകുളത്ത് ബസിൻറെ ചില്ല തകർത്തു
ആലപ്പുഴയിൽ കെഎസ്ആർടിസി സർവീസുകൾ നടത്തുന്നില്ല. രാവിലെ നെടുമ്പാശേരിയിലേക്കുള്ള രണ്ട് ലോ ഫ്ലോർ ബസുകൾ മാത്രമാണ് സർവീസുകൾ നടത്തിയത്. ഏതാനും ഡ്രൈവർമാരും കണ്ടക്ടർമാരും ജോലിക്കെത്തിയെങ്കിലും ബസുകൾ ഓടിക്കുന്നതിൽ തടസമുണ്ടായി. ചമ്പക്കുളം വള്ളംകളി നടക്കുന്നതിനാൽ ആ റൂട്ടിൽ സർവീസ് നടന്നേക്കാം. പൊലീസ് നിർദേശമനുസരിച്ച് ദീർഘദൂര ബസുകൾ മാത്രം കടന്നുപോകുന്നുണ്ട്. ജലഗതാഗത വകുപ്പിൻ്റെ ബോട്ടുകളും സർവീസ് നടത്തുന്നില്ല.
Also Read:കേരളത്തിൽ ജനജീവിതം സ്തംഭിപ്പിച്ച് ദേശീയ പണിമുടക്ക്, വലഞ്ഞ് ജനങ്ങൾ
കോട്ടയത്ത് എംജി യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെയും സമരാനുകൂലികൾ തടഞ്ഞു.
മൂവാറ്റുപുഴയിൽ സമരാനുകൂലികൾ സർവ്വീസ് നടത്തിയ കെ.എസ്.ആർ.ടി.സി. ബസിൻറെ ചില്ലുകൾ എറിഞ്ഞു തകർത്തു. തൃശൂരിലും സർവീസ് നടത്താൻ ശ്രമിച്ച ബിഎംഎസ് അനുകൂല കെഎസ്ആർടിസി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു.
കോഴിക്കോട് അവശ്യസേവന മേഖലയിലെ ജീവനക്കാർ കുടുങ്ങി
കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന അത്യാവശ്യ സേവന മേഖലയിലെ ജീവനക്കാർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് വാഹനം ലഭിക്കാതെ കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളജ് അധികൃതർ തന്നെ വാഹനം എത്തിക്കാൻ ശ്രമം തുടങ്ങി. കോഴിക്കോട് ഡിപ്പോയിൽ നിന്ന് മാനന്തവാടിയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് സിഐടിയു പ്രവർത്തകർ ബസിന് മുന്നിൽ കിടന്നും ഇരുന്നുമാണ് തടഞ്ഞത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
കണ്ണൂരിൽ രാവിലെ കൊല്ലൂരിലേക്കുള്ള ഒരു കെഎസ്ആർടിസി ബസ് മാത്രമാണ് സർവീസ് നടത്തിയത്. 20-ൽ അധികം സർവീസുകൾ മുടങ്ങി. ജീവനക്കാരിൽ ഭൂരിഭാഗവും ജോലിക്കെത്തിയിട്ടില്ല. കണ്ണൂർ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള സർവകലാശാലകളിലെ ബുധനാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.
അവശ്യ സർവീസുകൾ ഒഴികെയുള്ള മിക്ക സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പോലുള്ള അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിച്ചെങ്കിലും, യാത്രാസൗകര്യം ഇല്ലാത്തത് പല രോഗികളെയും വലച്ചു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ധർണകളും അരങ്ങേറി. പലയിടങ്ങളിലും പണിമുടക്ക് അനുകൂലികളും അല്ലാത്തവരും തമ്മിൽ ചെറിയ തോതിലുള്ള സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, വലിയ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ സംസ്ഥാനത്തുടനീളം കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.
Read More
കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us